|    Dec 14 Fri, 2018 11:11 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍; ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Published : 24th November 2018 | Posted By: kasim kzm

റാന്നി: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിന് റിമാന്‍ഡിലായി ജാമ്യം ലഭിച്ചതിനു പിന്നാലെ ബിജെപി സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രന്‍ വീണ്ടും റിമാന്‍ഡില്‍. ചിത്തിര ആട്ടവിശേഷ ദിവസം സന്നിധാനത്തുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ ഇന്നലെ രാവിലെ റാന്നി കോടതിയില്‍ ഹാജരാക്കിയ കെ സുരേന്ദ്രനെ ഡിസംബര്‍ ആറുവരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
ഈ കേസില്‍ സുരേന്ദ്രന്റെ ജാമ്യാപേക്ഷയും പോലിസിന്റെ കസ്റ്റഡി അപേക്ഷയും കോടതി ഇന്നു പരിഗണിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്റെ ആവശ്യവും കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷത്തില്‍ 52കാരിയെ തടയുകയും മര്‍ദിക്കുകയും ചെയ്ത സംഭവത്തില്‍ കെ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ബിജെപി മുന്‍വക്താവ് വി വി രാജേഷ്, ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു, ആര്‍ രാജേഷ് എന്നിവരും കൂട്ടുപ്രതികളാണ്. സന്നിധാനത്തുണ്ടായ സംഘര്‍ഷത്തിന്റെ ഗൂഢാലോചനയില്‍ കെ സുരേന്ദ്രന് പങ്കുണ്ടെന്ന് പോലിസ് കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അരമണിക്കൂര്‍ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷയും പോലിസ് സമര്‍പ്പിച്ചു. എന്നാല്‍ ഇന്നു ജാമ്യാപേക്ഷ പരിഗണിക്കുന്ന റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇക്കാര്യവും പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ നിലപാട്.
റിമാന്‍ഡ് ചെയ്യുകയാണെങ്കില്‍ ആരോഗ്യസ്ഥിതി പരിഗണിച്ച് സുരേന്ദ്രനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് അയക്കണമെന്നും കുടുംബാംഗങ്ങളോട് ഫോണില്‍ സംസാരിക്കാന്‍ സൗകര്യമൊരുക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നു തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. അതേസമയം, തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കാനാണ് മുഖ്യമന്ത്രിയും പോലിസും ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് വേട്ടയാടുകയാണ്. തന്നെ ജയിലില്‍ കിടത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിക്കാനും നീക്കമുണ്ട്. ശബരിമലയില്‍ യുവതീപ്രവേശനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് നടക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കനത്ത സുരക്ഷയിലാണ് ഇന്നലെ രാവിലെ 10ഓടെ കെ സുരേന്ദ്രനെ റാന്നി കോടതിയില്‍ എത്തിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് വന്‍തോതില്‍ പോലിസിനെ വിന്യസിച്ചിരുന്നു. കോടതിയില്‍ നിന്നിറങ്ങിയ സുരേന്ദ്രനെ ശരണംവിളികളോടെയാണ് പുറത്ത് തടിച്ചുകൂടിയ ബിജെപി പ്രവര്‍ത്തകര്‍ യാത്രയാക്കിയത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണു തന്നെ കള്ളക്കേസുകളില്‍ കുടുക്കുന്നതെന്നും ഇന്നലെ രാവിലെ കൊട്ടാരക്കര ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു.
നേരത്തെ, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് സുരേന്ദ്രനെ പോലിസ് അറസ്റ്റ് ചെയ്ത് ജയലിലടച്ചിരുന്നു. ഈ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരില്‍ മറ്റൊരു കേസില്‍ വാറന്റ് നിലവിലുള്ളതിനാല്‍ ജയിലിന് പുറത്തിറങ്ങാനായില്ല. ഇതിനു പിന്നാലെയാണ് ചിത്തിര ആട്ടവിശേഷത്തിലെ അക്രമവുമായി ബന്ധപ്പെട്ട് പോലിസ് വീണ്ടും കേസെടുത്തത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss