|    Dec 10 Mon, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെ സുരേന്ദ്രന്‍ കരുതല്‍ തടങ്കലില്‍; ശശികലയ്ക്ക് ജാമ്യം

Published : 18th November 2018 | Posted By: kasim kzm

ശബരിമല: സന്നിധാനത്തേക്ക് പോകാനായി നിലയ്ക്കലിലെത്തിയ ബിജെപി സംസ്ഥാന ജന. സെക്രട്ടറി കെ സുരേന്ദ്രനെയും സംഘത്തെയും പോലിസ് കസ്റ്റഡിയിലെടുത്തു. നട അടച്ച ശേഷം രാത്രിയില്‍ സന്നിധാനത്ത് തങ്ങുന്നതിന് പോലിസ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. സന്നിധാനത്തേക്ക് പോകുമെന്നും നെയ്യഭിഷേകം കഴിഞ്ഞേ മടങ്ങൂവെന്നും വ്യക്തമാക്കിയാണ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കാറില്‍ നിലയ്ക്കലില്‍ എത്തിയത്. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇപ്പോള്‍ സന്നിധാനത്തേക്ക് പോകരുതെന്ന് യതീഷ് ചന്ദ്ര അഭ്യര്‍ഥിച്ചു. ഇന്നു ശബരിമലയിലേക്ക് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍, പോലിസ് വെടിവയ്പുണ്ടായാലും ശബരിമലയിലേക്ക് പോകുമെന്നു സുരേന്ദ്രന്‍ നിലപാടെടുത്തു. തുടര്‍ന്നാണ് ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് നാഗേഷ് അടക്കമുള്ള സംഘത്തെ കരുതല്‍ തടങ്കലിലാക്കാന്‍ പോലിസ് തീരുമാനിച്ചത്. ഏറെ നേരം വാക്കുതര്‍ക്കവും പിന്നാലെ ബലപ്രയോഗവും നടന്നു. ഇവരെ പിന്നീട് റാന്നി പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
അതിനിടെ, ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല വീണ്ടും സന്നിധാനത്തേക്ക് എത്തുമെന്ന് പോലിസിനു വിവരം ലഭിച്ചതോടെ നിലയ്ക്കലില്‍ അടക്കം സുരക്ഷ ശക്തമാക്കി. കഴിഞ്ഞ ദിവസം പോലിസിനെ വെല്ലുവിളിച്ച് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കവെ മരക്കൂട്ടത്തുനിന്ന് പോലിസ് അറസ്റ്റു ചെയ്ത ശശികലയ്ക്ക് ഇന്നലെ വൈകീട്ടാണ് ജാമ്യം ലഭിച്ചത്.
റാന്നി പോലിസ് സ്‌റ്റേഷനിലെത്തിച്ച ശശികല ഉപവാസ സമരത്തിലായിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്കു ശേഷം ഇവരെ തിരുവല്ല കോടതിയില്‍ ഹാജരാക്കിയിരുന്നു. തിരുവല്ല സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചതോടെ ശശികല കരിക്ക് കുടിച്ച് ഉപവാസം അവസാനിപ്പിച്ചു.
ആരോഗ്യം അനുവദിച്ചാല്‍ സന്നിധാനത്തേക്ക് വീണ്ടും പോകുമെന്ന് ശശികല വ്യക്തമാക്കി. ഇതിനു പോലിസ് അനുമതി നല്‍കിയിട്ടുണ്ട്. തിരിച്ച് പോലിസ് ജീപ്പില്‍ സന്നിധാനത്ത് എത്തുന്നത് ആചാരലംഘനമാണെന്നും ആ വഴി സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
ശശികലയുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയര്‍ന്നെങ്കിലും സന്നിധാനത്ത് അടക്കം കരുതല്‍ അറസ്റ്റുകള്‍ തുടരാനാണ് പോലിസ് തീരുമാനം. പട്ടികമോര്‍ച്ച നേതാവ് പി സുധീറിനെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ ഒഴിവാക്കി സന്നിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സാധിച്ചെന്നാണ് പോലിസിന്റെ വിലയിരുത്തല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss