|    Dec 15 Sat, 2018 1:57 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ സുരേന്ദ്രനെതിരേ കുരുക്ക് മുറുക്കി പോലിസ്‌

Published : 23rd November 2018 | Posted By: kasim kzm

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനിടെ ശബരിമലയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ക്കെതിരേ കേസ്. ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, ബിജെപി മുന്‍ വക്താവ് വി വി രാജേഷ്, യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബു, കഴിഞ്ഞദിവസം അറസ്റ്റിലായ ആര്‍എസ്എസ് നേതാവ് ആര്‍ രാജേഷ് എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചനക്കുറ്റം ചുമത്തി ജാമ്യമില്ലാ കേസെടുത്തത്.
ചിത്തിര ആട്ടവിശേഷത്തിനിടെ സന്നിധാനത്ത് എത്തിയ 52 വയസ്സുള്ള സ്ത്രീ യുവതിയാണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ പ്രതിഷേധവും അക്രമവും നടത്തിയിരുന്നു. സ്ത്രീക്കും ബന്ധുവിനും ക്രൂരമായി മര്‍ദനമേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരേ അന്നുതന്നെ പോലിസ് കെസെടുത്തു. ഈ സംഭവത്തിലാണ് കൂടുതല്‍ ആര്‍എസ്എസ്- ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുത്തത്. സംഭവത്തില്‍ അറസ്റ്റിലായ സൂരജ് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലും അന്നേദിവസം സന്നിധാനത്തെ സാന്നിധ്യവും കണക്കിലെടുത്താണ് ഇവരെയും പ്രതിചേര്‍ത്തത്. റാന്നി കോടതിയില്‍ പോലിസ് ഇതുസംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിച്ചു. ഈ നേതാക്കളെല്ലാം അന്ന് സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. പ്രകാശ് ബാബു അടക്കമുള്ളവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.
നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിന് അടുത്തിടെ അറസ്റ്റിലായ കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിലെ കോടതിയില്‍ നിന്ന് ജാമ്യ—മെടുക്കേണ്ട മറ്റൊരു കേസുള്ളതിനാല്‍ അദ്ദേഹത്തിന് ജയിലില്‍നിന്ന് ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരു കേസുകൂടി എടുത്തിരിക്കുന്നത്. ഇതോടെ കൊട്ടാരക്കര ജയിലില്‍ കഴിയുന്ന കെ സുരേന്ദ്രന്റെ ജയില്‍മോചനം വൈകുമെന്നുറപ്പായി.
ഇവരുടെ ഫോണ്‍കോള്‍ രേഖകളും സോഷ്യല്‍ മീഡിയയിലെ പ്രതികരണവും പരിശോധിച്ചാണ് ഗൂഢാലോചനക്കേസ് എടുത്തിട്ടുള്ളതെന്നാണ് പോലിസ് നല്‍കുന്ന സൂചന. ഫോണ്‍വിളി വിവരങ്ങള്‍ തെളിവായി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ സംഭവത്തില്‍ അറസ്റ്റിലായവരെ സാമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ പിന്തുണച്ചതായും കണ്ടെത്തി. കേസില്‍ കൂടുതല്‍ നേതാക്കളെ പ്രതിചേര്‍ക്കുമെന്ന സൂചനയും പോലിസ് നല്‍കുന്നു. പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയെ കഴിഞ്ഞദിവസം പോലിസ് ശക്തമായി എതിര്‍ത്തിരുന്നു.
സുരേന്ദ്രന്‍ ശബരിമലയിലെത്തിയത് ഗൂഢലക്ഷ്യത്തോടെയാണെന്നും ജാമ്യം നല്‍കിയാല്‍ കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍, ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നും കോടതി മുന്നോട്ടുവയ്ക്കുന്ന ഏതു വ്യവസ്ഥകളും അംഗീകരിക്കാമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടുമാസം പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോടതി ജാമ്യം നല്‍കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss