|    Oct 21 Sun, 2018 12:20 pm
FLASH NEWS
Home   >  Kerala   >  

കെ സുധാകരന്‍ കോണ്‍ഗ്രസിലെ ബിജെപി ഏജന്റെന്ന് പി ജയരാജന്‍

Published : 9th March 2018 | Posted By: G.A.G

കണ്ണൂര്‍: കോണ്‍ഗ്രസുകാരെ ബിജെപിയിലെത്തിക്കുന്ന ഏജന്‍സി പണിയാണ് കെ സുധാകരന്‍ നടത്തുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. തന്നെ ബിജെപിയിലേക്കു ക്ഷണിച്ചെന്നും അമിത്ഷായുടെ ദൂതന്‍മാര്‍ വന്നു കണ്ടിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളും മുസ്്‌ലിം ലീഗും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നു 10 മാസം മുമ്പ് വാര്‍ത്തകളുണ്ടായിരുന്നപ്പോള്‍ നിശബ്ദത പാലിച്ച സുധാകരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള മുന്നറിയിപ്പാണ്. തന്നെ വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ ബിജെപിയിലേക്ക് പോവുമെന്നാണ് അര്‍ഥം. നേരത്തേ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ നിഷേധിച്ച സുധാകരന്‍ ഇപ്പോള്‍ പാതികാര്യങ്ങള്‍ സമ്മതിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിലെ പ്രവൃത്തിയില്‍ ബാക്കിയെല്ലാം അദ്ദേഹം തന്നെ വ്യക്തമാക്കും. കേരളത്തിനു പുറത്ത് അമിത്ഷായുമായി സുധാകരന്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. സുധാകരനും ആര്‍എസ്എസും ഇരുമെയ്യാണെങ്കിലും ഒറ്റമനസാണ്. തനിക്ക് ബിജെപിയില്‍ പോവണമെന്ന് തോന്നിയാല്‍ പോവും. മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. സിപിഎമ്മിനെതിരേ ആര്‍എസ്എസ് ശൈലിയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് ബിജെപി സുധാകരനുമായി ചര്‍ച്ച നടത്തിയത്. അമിത് ഷായുടെ ഓഫിസില്‍ തയ്യാറാക്കിയ സ്ട്രാറ്റജിക് പൊളിറ്റിക്കല്‍ ഡവലപ്‌മെന്റ്‌സ് ഇന്‍ കേരള(കേരളത്തിലെ രാഷ്ട്രീയ വികസനത്തിനുള്ള തന്ത്രപരമായ പദ്ധതി) എന്ന പദ്ധതി അനുസരിച്ചാണ് കേരളത്തിലെ ചില നേതാക്കളെ സമീപിച്ചത്. എടയന്നൂര്‍ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടും ആര്‍എസ്എസ് ദേശീയതലത്തില്‍ പ്രചരിപ്പിച്ച ചുവപ്പ് ഭീകരത എന്ന പ്രയോഗം സുധാകരന്റെ അനുയായികളാണ് ഏറ്റെടുത്തത്. ഇത് അമിത്ഷായുടെ നിര്‍ദേശപ്രകാരമാണ്. കോണ്‍ഗ്രസ്സ് അണികളില്‍ സിപിഎം വിരുദ്ധ ജ്വരം പടര്‍ത്താനാണു ശ്രമം. സിപിമ്മിനെ എതിരിടാന്‍ കോണ്‍ഗ്രസിനാവില്ലെന്ന തോന്നലുണ്ടാക്കി അണികളെ ബിജെപിയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുകയാണു ലക്ഷ്യം. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ബിജെപി അഖിലേന്ത്യാ നേതൃത്വം സുധാകരനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ശുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ പോവുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. സര്‍ക്കാര്‍ നിലപാടാണ് അവര്‍ ചെയ്യുന്നത്. സിബിഐ അന്വേഷിക്കട്ടെയെന്നു തന്നെയാണ് പാര്‍ട്ടി നിലപാട്. പ്രതികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ജനങ്ങള്‍ക്കു നല്‍കിയ വാക്ക് നടപ്പാക്കും. പാര്‍ട്ടിയുടെ ഭരമഘടന പ്രകാരമാണു അന്വേഷിക്കുകയെന്നും ജയരാജന്‍ പറഞ്ഞു. സിപിഎം സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം ടി കൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss