|    Jan 18 Wed, 2017 12:46 am
FLASH NEWS

കെ മാധവന്‍: വിടപറഞ്ഞത് മലബാറിന്റെ സമര പോരാളി

Published : 27th September 2016 | Posted By: SMR

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്: സ്വാതന്ത്ര്യ സമരത്തിലടക്കം ഒരു നൂറ്റാണ്ടോളം നാടിനൊപ്പം നടന്ന കെ മാധവേട്ടന്റെ വിയോഗം നാടിന് തീരാദുഃഖമായി. മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു കെ മാധവേട്ടന്‍. കഴിഞ്ഞ ആഗസ്ത് 24ന് ഇദ്ദേഹത്തിന്റെ 102ാം ജന്‍മദിനം ആഘോഷിച്ചിരുന്നു. ജന്‍മംകൊണ്ട് കോണ്‍ഗ്രസ്സുകാരനും കര്‍മംകൊണ്ട് ഇടതുപക്ഷ സഹയാത്രികനുമായി മാറുകയായിരുന്നു അദ്ദേഹം. മലബാറിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് വിപ്ലവ പ്രസ്ഥാനത്തിന്റെയും സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്നു. ജന്മിവാഴ്ച കൊടികുത്തിവാണ കാലത്ത് ഒരു വന്‍കിട ജന്മികുടുംബത്തിലാണ് പിറന്നുവീണത്. സൗകര്യങ്ങളും സമൃദ്ധികളുമെല്ലാം ഉപേക്ഷിച്ച് വിപ്ലവപ്രസ്ഥാനത്തിലേക്ക് ഇറങ്ങിത്തിച്ചു. ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ ജന്മിത്വത്തെ തകര്‍ത്തെറിയുന്നതില്‍ പങ്ക് വഹിച്ചു. 13ാം വയസ്സില്‍ കോണ്‍ഗ്രസ് വോളന്റിയറായി പൊതുരംഗത്തെത്തി. പിന്നീട് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെ കമ്മ്യൂണിസ്റ്റായി. പഴയ കാസര്‍കോട് താലൂക്കിലെ പ്രമുഖ നേതാക്കളായിരുന്ന എ സി കണ്ണന്‍നായര്‍, വിദ്വാന്‍ പി കേളുനായര്‍ തുടങ്ങിയവരോടൊപ്പം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. വെള്ളിക്കോത്തെ വിജ്ഞാനദായിനി ദേശീയ സ്‌കൂളിലായിരുന്നു പഠനം. കെ എ കേരളീയനോടൊപ്പം പയ്യന്നൂരില്‍ 1929ല്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. 1930ല്‍ കെ കേളപ്പന്റെ നേതൃത്വത്തില്‍ പയ്യന്നൂരില്‍നിന്ന് ആരംഭിച്ച ഉപ്പുസത്യഗ്രഹ ജാഥയിലെ ഏറ്റവും പ്രായം കുറഞ്ഞ വോളന്റിയറായിരുന്നു. പി കൃഷ്ണപിള്ളയടക്കം പങ്കെടുത്ത കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹത്തില്‍ മര്‍ദനത്തിനിരയായി. 1931ല്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തില്‍  അദ്ദേഹം എകെജി, പി കൃഷ്ണപിള്ള, ടി എസ് തിരുമുമ്പ് തുടങ്ങിയവരോടൊപ്പം രണ്ടുമാസത്തോളം സമരത്തില്‍ പങ്കെടുത്തു. മദ്യഷാപ്പ് പിക്കറ്റിങ്, വിദേശ വസ്ത്ര ബഹിഷ്‌കരണം തുടങ്ങിയ സമരങ്ങളിലും പങ്കാളിയായി. കോണ്‍ഗ്രസ്സിലെ ഇടതുപക്ഷത്ത് നിലകൊണ്ട മാധവേട്ടന്‍ കൃഷ്ണപ്പിള്ളക്കും ഇഎംഎസിനും ഒപ്പം കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെത്തി. 1939ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍  പ്രധാന നേതാക്കളില്‍ ഒരാളായി മാറി. കയ്യൂര്‍ സമര കാലത്ത് പാര്‍ട്ടി താലൂക്ക് സെക്രട്ടറിയായിരുന്നു. 1947 ആഗസ്ത് 15ന് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ പോലും ഇദ്ദേഹം തടങ്കലിലായിരുന്നു. 1957ലും 69ലും ഹൊസ്ദുര്‍ഗ് മണ്ഡലത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മല്‍സരിച്ചു. 16 വര്‍ഷത്തോളം കാഞ്ഞങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. മദ്യവര്‍ജന സമരങ്ങളിലും സൈമണ്‍ കമ്മീഷന്‍ ബഹിഷ്‌കരണ സമരത്തിലും നേതൃത്വപരമായ പങ്കുവഹിച്ചു. ഇന്നലെ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന് വേണ്ടി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക