|    Jan 21 Sat, 2017 7:43 am
FLASH NEWS

കെ ബാബുവിന്റെ രാജി; കോണ്‍ഗ്രസ്സില്‍ പോര് രൂക്ഷം

Published : 25th January 2016 | Posted By: SMR

നിഷാദ് എം ബഷീര്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മന്ത്രി കെ ബാബുവിന്റെ രാജിയെച്ചൊല്ലി കോണ്‍ഗ്രസ്സില്‍ വീണ്ടും ഗ്രൂപ്പ് പോര് രൂക്ഷമാവുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരം വി എം സുധീരനും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രഖ്യാപിച്ച ഐക്യപ്പെടലിനാണ് ബാബുവിന്റെ രാജിയോടെ വിള്ളലുണ്ടായിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ നിര്‍ണായകമാവുകയാണ് കോണ്‍ഗ്രസ്സിനകത്തെ ഗ്രൂപ്പ് രാഷ്ട്രീയം. വിജിലന്‍സിന്റെ ബോധപൂര്‍വമായ വീഴ്ചയാണ് കെ ബാബുവിന്റെ രാജിയിലേക്കു നയിച്ചതെന്നാണ് എ ഗ്രൂപ്പിന്റെ വിമര്‍ശനം. ത്വരിതപരിശോധനാ റിപോര്‍ട്ട് വൈകിപ്പിച്ച്, കോടതിയെ പ്രകോപിപ്പിക്കാന്‍ വിജിലന്‍സ് ബോധപൂര്‍വം ശ്രമിച്ചതായും അവര്‍ ആരോപിക്കുന്നു. ഇതിനു പുറമേ വിശദാംശങ്ങള്‍ അറിയുംമുമ്പേയുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ പ്രതികരണവും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ് കെ ബാബു. അതിനാല്‍ ഐ ഗ്രൂപ്പ് നേതാവായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയാണ് വിജിലന്‍സിനെ വിമര്‍ശിക്കുന്നതിലൂടെ എ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ദ്രുതപരിശോധനാ റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ വിജിലന്‍സ് കൂടുതല്‍ സാവകാശം ചോദിച്ചതു തന്നെ വലിയ പിഴവാണ്. ഇതറിയാമായിരുന്നിട്ടും വിജിലന്‍സ് സമയം നീട്ടിച്ചോദിച്ചത് ബാബുവിനെ കുടുക്കാന്‍വേണ്ടിയാണെന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തല്‍.
ഇതുസംബന്ധിച്ച അമര്‍ഷം പുകയുമ്പോള്‍ തന്നെ കെപിസിസി അധ്യക്ഷനോടും എതിര്‍പ്പ് ശക്തമാണ്. കോടതി പരാമര്‍ശത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനു മുമ്പ് ചാടിക്കയറിയുള്ള സുധീരന്റെ പ്രതികരണം രാജിയിലേക്കുള്ള വഴി എളുപ്പമാക്കിയെന്നും എ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. കെ ബാബുവിന്റെ രാജി ഉചിതമാണെന്നും വിജിലന്‍സിനെതിരേ കോടതിയുടെ വിമര്‍ശനം പരിശോധിക്കണമെന്നുമായിരുന്നു സുധീരന്റെ പ്രതികരണം. ഇതിനെതിരേ എ ഗ്രൂപ്പിന്റെ വിയോജിപ്പ് കെ ബാബു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മന്ത്രിസ്ഥാനം ഒഴിയുന്നതിനു മുമ്പ് കെപിസിസി പ്രസിഡന്റിനെ കാണാതിരുന്നതില്‍ അസ്വാഭാവികതയില്ലെന്ന് ബാബു പ്രതികരിച്ചു.
രാജി നല്‍കേണ്ടതു മുഖ്യമന്ത്രിക്കാണ്, കെപിസിസി പ്രസിഡന്റിനല്ല. പാര്‍ട്ടി ഭാരവാഹിത്വം രാജിവയ്ക്കുകയാണെങ്കിലാണ് പ്രസിഡന്റിനു കത്ത് നല്‍കേണ്ടത്. സുധീരന്‍ കൊച്ചിയിലുണ്ടായിരുന്നത് താനറിഞ്ഞിരുന്നില്ലെന്നും ബാബു വ്യക്തമാക്കി.
അതേസമയം, ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ വിജിലന്‍സ് കൊച്ചി യൂനിറ്റ് അടുത്ത ദിവസം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. തുടര്‍ന്ന് ഇദ്ദേഹത്തെ പ്രതിയാക്കി തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും.
എന്നാല്‍, ഇതിനെ ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിക്കാനാണ് ബാബുവിന്റെ നീക്കം. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തില്‍ നിരപരാധിയെന്നു കണ്ടെത്തിയ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവും അദ്ദേഹം ആവശ്യപ്പെടുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക