|    May 28 Sun, 2017 2:29 pm
FLASH NEWS

കെ ബാബുവിനെതിരേ ആദായനികുതി വകുപ്പും

Published : 14th September 2016 | Posted By: Navas Ali kn

k-babu-02
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ ബാബുവിനെതിരേ ആദായനികുതി വകുപ്പും അന്വേഷണത്തിനൊരുങ്ങുന്നു. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണത്തിനു ശേഷം നടപടി തുടങ്ങാനാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. ഇതിനായി കെ ബാബുവിനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും ബിനാമികളെന്നു സംശയിക്കുന്നവര്‍ക്കും നോട്ടീസ് നല്‍കും. കൊച്ചിയിലെ ആദായനികുതി അന്വേഷണവിഭാഗത്തിനാണ് ചുമതല.
സ്വത്തുവിവരങ്ങളും വരവുചെലവു കണക്കുകളുമെല്ലാം ഇപ്പോള്‍ വിജിലന്‍സിന്റെ പക്കലാണ്. ഇവരുടെ പ്രാഥമികാന്വേഷണം പൂര്‍ത്തിയായാല്‍ ഉടനെ രേഖകള്‍ ഔദ്യോഗികമായി ഏറ്റുവാങ്ങും. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ കൂടി പരിഗണിച്ചാകും ആദായനികുതി വിഭാഗത്തിന്റെ നീക്കം. കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകള്‍ പരിശോധിച്ച ശേഷം വിജിലന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
കെ ബാബുവിന്റെയും മക്കളുടെയും ബിനാമികളെന്നു സംശയിക്കുന്നവരുടെയും വീടുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടില്‍ ഇവര്‍ക്കുള്ള സ്വത്തുക്കളുടെ വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് രജിസ്ട്രാര്‍ക്കും ആണ്ടിപ്പെട്ടി രജിസ്ട്രാര്‍ക്കും വിജിലന്‍സ് കത്തു നല്‍കി. ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ ഓണാവധിക്കു ശേഷമേ ലഭിക്കുകയുള്ളൂവെന്നാണ് അറിയുന്നത്. മന്ത്രിയായിരിക്കെയും അല്ലാതെയും ബാബു നടത്തിയ വിദേശയാത്രകളെക്കുറിച്ചും വിജിലന്‍സ് അന്വേഷിച്ചുവരുകയാണ്.
കെ ബാബു ആദ്യമായി നിയമസഭയിലേക്കു മല്‍സരിച്ച 1991 മുതല്‍ നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സ്വത്തുവിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി നല്‍കാന്‍ ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസര്‍ക്കും വിജിലന്‍സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ ബാബുവിനും ബിനാമികളെന്നു സംശയിക്കുന്ന ബാബുറാം, മോഹനന്‍ എന്നിവര്‍ക്കുമെതിരേ കേസെടുത്ത ശേഷം ഇക്കഴിഞ്ഞ 3ാം തിയ്യതിയാണ് റെയ്ഡ് നടത്തിയത്. നിരവധി രേഖകളും സ്വര്‍ണവും പണവും പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ബാബുവിന്റെയും ഭാര്യയുടെയും മക്കളുടെയും ബാങ്ക് ലോക്കറുകളും വിജിലന്‍സ് തുറന്നു പരിശോധിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day