|    Oct 22 Mon, 2018 8:45 am
FLASH NEWS
Home   >  Editpage  >  Article  >  

കെ പാനൂര്‍: ആദിവാസികള്‍ക്ക് സമര്‍പ്പിച്ച ജീവിതം

Published : 22nd February 2018 | Posted By: kasim kzm

കെ പി ഒ റഹ്്മത്തുല്ല

ആദിവാസികള്‍ സാധാരണ മനുഷ്യരായി മാറുകയും ജീവിക്കുകയും ചെയ്യുന്ന കാലം സ്വപ്‌നം കണ്ടുകൊണ്ട് ജീവിച്ച മനുഷ്യനായിരുന്നു കെ പാനൂര്‍. ആദിവാസികള്‍ക്കു വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ പാനൂര്‍ റവന്യൂ വകുപ്പില്‍ നിന്ന് ആദിവാസിക്ഷേമ വകുപ്പിലേക്ക് മാറി. മലബാറിലെ നാലു ജില്ലകളിലെ ട്രൈബല്‍ ഓഫിസര്‍ ആയിട്ടായിരുന്നു അദ്ദേഹം പ്രധാനമായും സേവനമനുഷ്ഠിച്ചത്. വിരമിച്ചതിനുശേഷം അദ്ദേഹം എല്ലാ കര്‍മമേഖലകളിലും നിരന്തര സാന്നിധ്യമായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഓര്‍മക്കുറവ് ബാധിച്ച് വീട്ടില്‍ കഴിയേണ്ട അവസ്ഥ വരുന്നതു വരെ അദ്ദേഹം പൊതുപ്രവര്‍ത്തനം അവിരാമം തുടരുകയായിരുന്നു.
ആദിവാസികള്‍ക്കല്ല, കൈയേറ്റക്കാര്‍ക്കാണ് പകരം ഭൂമി നല്‍കേണ്ടതെന്നാണ് അദ്ദേഹം നിരന്തരം വാദിച്ചത്. അദ്ദേഹം തന്നെ പറയുന്നത് കാണുക: ”റവന്യൂ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ഒരിക്കലും നന്നാവില്ലെന്ന് എല്ലാവരും വിധിയെഴുതിയ ആദിവാസികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരമുണ്ടായത്. അവരെ ചൂഷണം ചെയ്യുന്നതില്‍ ഉദ്യോഗസ്ഥരും അധികാരികളും മല്‍സരിക്കുന്നതാണ് കണ്ടത്. അത് അവസാനിപ്പിക്കുന്നതിന് പരിശ്രമിക്കാന്‍ ഞാന്‍ പ്രതിജ്ഞയെടുത്തു. സര്‍ക്കാര്‍ സര്‍വീസിലിരുന്ന കാലവും അതിനുശേഷമുള്ള കാലവും പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ രംഗത്ത് ഒരു പരിധി വരെ വിജയിക്കാന്‍ കഴിഞ്ഞു.”
1958 മുതല്‍ 1963 വരെ നീണ്ട പാനൂരിന്റെ ആദ്യകാല ഡെപ്യൂട്ടേഷന്‍ കാലത്തുണ്ടായ അനുഭവങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ട് എഴുതിയ ‘കേരളത്തിലെ ആഫ്രിക്ക’ 1963ല്‍ പ്രസിദ്ധീകരിച്ചതോടെ കേരളത്തില്‍ വലിയ വിവാദങ്ങള്‍ തന്നെയുണ്ടായി. പ്രബുദ്ധ കേരളത്തിലെ ആദിവാസികളുടെ ദയനീയാവസ്ഥ വരച്ചുകാട്ടിയ ആദ്യ പുസ്തകമായിരുന്നു ഇത്. ഈ കൃതി വായനക്കാരില്‍ മാത്രമല്ല, സര്‍ക്കാരിലും വലിയ കോളിളക്കം  സൃഷ്ടിച്ചു. വയനാട്ടിലെ ജന്മിമാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ആദിവാസി അടിമക്കച്ചവടം വലിയ ചര്‍ച്ചാവിഷയമായി. ഭൂപരിഷ്‌കരണ നിയമത്തെക്കുറിച്ചുള്ള നിയമസഭയിലെ ചര്‍ച്ചയ്ക്കിടയില്‍ ദലിത് എംഎല്‍എയായ ലീഗിലെ ഒ കോരന്‍ ഈ പുസ്തകം ആദിവാസി അടിമക്കച്ചവടത്തിനു തെളിവായി ഉന്നയിച്ചതോടെ വിവാദം ചൂടുപിടിച്ചു. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ പകരം പുസ്തകം എഴുതിയ ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നു മാത്രമല്ല, ഈ പുസ്തകം രാജ്യദ്രോഹ നിയമമനുസരിച്ച് കണ്ടുകെട്ടാനും തീരുമാനമുണ്ടായി. എന്നാല്‍, ശക്തമായ സാമൂഹിക പ്രതിഷേധം ഉയര്‍ന്നു വന്നതിനെ തുടര്‍ന്ന് ആ നടപടികള്‍ മരവിപ്പിക്കുകയായിരുന്നു. ആദിവാസി അടിമത്തം ഒരു സാമൂഹിക സത്യമായി അംഗീകരിക്കാനും അത് ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കാനും പിന്നീട് പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി തന്നെ ഉത്തരവിടുകയുണ്ടായി. പാനൂരിന്റെ ‘മലകള്‍ താഴ്‌വരകള്‍ മനുഷ്യന്‍’ എന്ന രണ്ടാമത്തെ പുസ്തകവും വിവാദങ്ങളുണ്ടാക്കി. കേരള സര്‍ക്കാര്‍ നടപ്പാക്കിയ സുഗന്ധഗിരി ഏലത്തോട്ടം വയനാട്ടില്‍ ആരംഭിച്ച കാലത്ത് നവസാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ മല്‍സരത്തില്‍ ഒന്നാം സമ്മാനം നേടിയതായിരുന്നു ഈ കൃതി. സമഗ്ര സാഹിത്യ സംഭാവനയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
1987ല്‍ എന്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് നടന്ന ദേശീയ മനുഷ്യാവകാശ സമ്മേളനത്തില്‍ രൂപംകൊണ്ട കേരളത്തിലെ മനുഷ്യാവകാശ സംഘടനകളുടെ പ്രഥമ ഏകോപന സമിതിയായ സിഎച്ച്ആര്‍ഒയുടെ ചെയര്‍മാനായി പാനൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. മുകുന്ദന്‍ സി മേനോന്‍ ആയിരുന്നു സെക്രട്ടറി ജനറല്‍. സി കെ ജാനു, കെ അജിത, എ വാസു, കെ അംബുജാക്ഷന്‍, അഡ്വ. സാബി ജോസഫ്, ഇ അബൂബക്കര്‍ തുടങ്ങി വിവിധ തുറകളിലുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരെല്ലാം ഈ സംഗമത്തില്‍ പങ്കെടുത്തിരുന്നു. അത്രയുംകാലം വിരമിച്ച ജഡ്ജിമാരുടെയും ഉപജീവനത്തിനായി പാടുപെടുന്ന അഭിഭാഷകരുടെയും ഇടയില്‍ മാത്രം ഉണ്ടായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തനം പൊതുജനമധ്യത്തിലേക്ക് വ്യാപിപ്പിക്കുന്നതിനായിരുന്നു സിഎച്ച്ആര്‍ഒ രൂപീകരിച്ചത്. സിഎച്ച്ആര്‍ഒ രൂപീകരിച്ചതോടെയാണ് സംസ്ഥാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തനം ജനകീയമാവുന്നത്. പോലിസ് പീഡനങ്ങള്‍ക്കും കസ്റ്റഡിമരണങ്ങള്‍ക്കും അന്യായമായ പൗരാവകാശ ധ്വംസനങ്ങള്‍ക്കുമെതിരേ സിഎച്ച്ആര്‍ഒ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ചു. പാനൂരിന്റെയും മുകുന്ദന്‍ സി മേനോന്റെയും നേതൃത്വത്തില്‍ നടന്ന, അതുവരെ കേരളീയര്‍ക്കു പരിചയമില്ലാത്ത പ്രവര്‍ത്തനമേഖലയിലേക്കായിരുന്നു നാട്ടുകാരെ സിഎച്ച്ആര്‍ഒ ആനയിച്ചത്. പൗരാവകാശ നിഷേധങ്ങള്‍ക്കെതിരേ പ്രതിഷേധങ്ങളും പരിപാടികളും നടത്തി. ഭൂമിക്കു വേണ്ടി സമരം ചെയ്യുന്ന ആദിവാസി-പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സിഎച്ച്ആര്‍ഒ പിന്തുണ നല്‍കി. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ അധികാരികളുടെ മുന്നിലെത്തിക്കാന്‍ ശ്രമങ്ങളുണ്ടായി.
പാനൂരും മേനോനും എല്ലാ അവകാശനിഷേധ സ്ഥലങ്ങളിലും ഓടിയെത്തി ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നു. കശ്മീരിലെ പൗരാവകാശ ധ്വംസനങ്ങള്‍ക്കെതിരേ കോഴിക്കോട്ട് നടത്തിയ സെമിനാര്‍ വലിയൊരു ചരിത്രം തന്നെയായിരുന്നു. കെ പാനൂരിനെ മനുഷ്യാവകാശ പ്രവര്‍ത്തകനാക്കി മാറ്റിയത് കോഴിക്കോട്ടെ ദേശീയ മനുഷ്യാവകാശ സമ്മേളനമായിരുന്നു. ജനകീയ പ്രതിരോധ സമിതി, കണ്ണൂര്‍ പ്രതിരോധ വേദി എന്നിങ്ങനെയുള്ള സംഘടനകളിലും ഗാന്ധിവേദികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മഅ്ദനിയെ മോചിപ്പിക്കുന്നതിനു വേണ്ടി സിഎച്ച്ആര്‍ഒയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളിലും പാനൂര്‍ ഉണ്ടായിരുന്നു. ന്യൂനപക്ഷ പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങളില്‍ വിഷമിക്കുന്ന മനസ്സായിരുന്നു പാനൂരിന്റേത്. ആനുകാലികങ്ങളില്‍ അദ്ദേഹം എഴുതിയിരുന്ന ലേഖനങ്ങളും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ ഉദ്‌ബോധനങ്ങളായിരുന്നു.           ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss