|    Dec 13 Wed, 2017 6:32 pm
FLASH NEWS

കെ-ടെറ്റ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ ആശങ്കയ്ക്ക് അറുതിയായില്ല

Published : 29th October 2017 | Posted By: fsq

 

കല്‍പ്പറ്റ: കെ-ടെറ്റ് അധിക യോഗ്യതയുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കിടയിലുള്ള ആശങ്കകള്‍ക്ക് അറുതിയായില്ല. നിയമനാംഗീകാരവും വേതനവും അധികയോഗ്യതയുടെ പേരില്‍ നിഷേധിക്കപ്പെടുമെന്ന ആശങ്കയ്ക്കാണ് വിരാമമാവാത്തത്. സര്‍വീസിലുള്ള മുഴുവനാളുകളെയും കെ-ടെറ്റ് അധിക യോഗ്യതയില്‍ നിന്നൊഴിവാക്കണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യത്തെ അവഗണിക്കുകയാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും. അധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്നതിനു കെ-ടെറ്റ് അനിവാര്യമാണെന്ന  നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. എന്നാല്‍ സര്‍ക്കാര്‍ നിശ്ചയിച്ച അക്കാഡമിക യോഗ്യതയും പരിശീലനവും പൂര്‍ത്തിയാക്കി ജോലയില്‍ പ്രവേശിച്ചവര്‍ക്ക് ഇന്‍ സര്‍വീസ് കോഴ്‌സുകളാണ് വേണ്ടതെന്നും അധികയോഗ്യത നേടാനായില്ലെങ്കില്‍ വേതനമില്ലെന്ന സര്‍ക്കാര്‍ വാദം അന്യായമാണെന്ന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ പറയുന്നു. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ചുവടുപിടിച്ചാണ് അധ്യാപകര്‍ അധികയോഗ്യത നേടണമെന്ന വ്യവസ്ഥയുണ്ടാക്കിയത്. 2010 ആഗസ്ത് 23നാണ് ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (ടിഇടി) നിര്‍ബന്ധമാക്കി നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) ഉത്തരവായത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2012-13 അധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം ലഭിച്ചവര്‍ അധിക യോഗ്യതയായി കെ-ടെറ്റ് പരീക്ഷ കൂടി വിജയിക്കണമെന്ന് 2011 ഒക്ടോബര്‍ ഒന്നിനു നിര്‍ദേശം പുറപ്പെടുവിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും കെ-ടെറ്റ് യോഗ്യത വേണമെന്ന് 2016 ആഗസ്ത് 30നാണ് ഉത്തരവായത്. അധികയോഗ്യത നിര്‍ണയത്തിനു കേന്ദ്ര സര്‍ക്കാര്‍ സി-ടെറ്റ് പരീക്ഷയും സംസ്ഥാന സര്‍ക്കാര്‍ കെ-ടെറ്റ് പരീക്ഷയുമാണ് നടത്തുന്നത്. സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിനെയാണ് യോഗ്യത നിര്‍ണയ പരീക്ഷ നടത്തുന്നതിനു ചുമതലപ്പെടുത്തിയത്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കാണ് കെ-ടെറ്റ് നിര്‍ബന്ധമാക്കിയത്. ഇതോടെ അധ്യാപക നിയമനത്തിനു പരിശീലന യോഗ്യതയോടൊപ്പം കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റും അനിവാര്യമായി. അധികയോഗ്യതയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാട്ടുന്നുവെന്ന പരിഭവവും എയ്ഡഡ് സ്‌കൂള്‍  അധ്യാപകര്‍ക്കുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക നിയമനത്തിനു 2016ലാണ് അധികയോഗ്യത ബാധകമാക്കിയത്. എന്നാല്‍, എയ്ഡഡ് സ്‌കൂളുകളില്‍ 2012-13 അധ്യയന വര്‍ഷം മുതല്‍ കെ-ടെറ്റ് നിര്‍ബന്ധമാക്കി. ഇത് വിവേചനമാണെന്ന് എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക