|    Jan 23 Mon, 2017 10:30 pm

കെ. കരുണാകരന്‍ മനുഷ്യത്വമുള്ള ഭരണാധികാരി: പന്തളം സുധാകരന്‍

Published : 29th December 2015 | Posted By: G.A.G

 

pattambi(1)

‘ലീഡര്‍ കെ. കരുണാകരന്‍ മാധ്യമ പുരസ്‌കാരം’ ജലീല്‍ പട്ടാമ്പിക്ക് പന്തളം സുധാകരന്‍ സമര്‍പ്പിക്കുന്നു.

അബുദബി: എല്ലാ വിഷയങ്ങളിലും മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച ഭരണാധികാരിയായിരുന്നു കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരനെന്ന് കെ.പി.സി.സി വക്താവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്‍.  മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം അബുദബി കമ്മിറ്റി മദീനത് സായിദ് ലുലു പാര്‍ട്ടി ഹാളില്‍ സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണപുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കടപ്പാടുള്ള ഓര്‍മകള്‍ സമ്മാനിച്ചാണ് കെ. കരുണാകരന്‍ യാത്രയായത്. ഏറ്റവും താഴെ തട്ടില്‍ നിന്നും പ്രവര്‍ത്തനം തുടങ്ങി പാര്‍ട്ടിയിലും രാഷ്ട്ര ഭരണത്തിലും ഉന്നത സ്ഥാനങ്ങളിലേക്ക് നടന്നു കയറാന്‍ കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന രംഗത്തെ സമര്‍പ്പണ മനോഭാവം പ്രകടമാക്കുന്നു. സ്വന്തം കഠിനാധ്വാനം കൊണ്ടു വളര്‍ന്നു വരികയും കോണ്‍ഗ്രസ് പാര്‍ട്ടിയെ വളര്‍ത്തുകയും ചെയ്തു അദ്ദേഹം. ഏറ്റവും കൂടുതല്‍ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിച്ച നേതാവ് കൂടിയായിരുന്നു കെ. കരുണാകരനെന്നും പന്തളം അനുസ്മരിച്ചു.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് രാജ്യാന്തര വിമാനത്താവളം, കൊച്ചി രാജ്യാന്തര സ്‌റ്റേഡിയം തുടങ്ങി എണ്ണമറ്റ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കരുണാകരന്റെ കരങ്ങളുണ്ടെന്ന്  പന്തളം പറഞ്ഞു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് കരുണാകരന്റെ പേരിടണമെന്ന കേരളീയ സമൂഹത്തിന്റെ ആവശ്യം അധികം താമസിയാതെ നടപ്പാകുമെന്ന് പന്തളം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ന് വര്‍ത്തമാന പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അസഹിഷ്ണുത കാണിക്കാറുള്ള പലര്‍ക്കും കരുണാകരന്‍ ഒരു മാതൃകയാണ്. ഒന്നാന്തരം കാര്‍ട്ടൂണിസ്റ്റ് കൂടിയായിരുന്ന കരുണാകരന്‍ ബി.എം ഗഫൂര്‍, യേശുദാസന്‍ തുടങ്ങിയ പ്രഗല്‍ഭമതികളായ കാര്‍ട്ടൂണിസ്റ്റുകളെ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും കുറ്റങ്ങളും കുറവുകളും പറയുകയും ചെയ്യുമായിരുന്നു. രാഷ്ട്രീയ രംഗത്ത് വന്നില്ലായിരുന്നെങ്കില്‍ അദ്ദേഹം രാജ്യം മുഴുവന്‍ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റായി അറിയപ്പെട്ടേനെ. ഏഴു പതിറ്റാണ്ടു കാലത്തെ സംഭവ ബഹുലമായ രാഷ്ട്രീയ ജീവിതത്തിനിടെ ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോഴും നിരവധി പ്രയാസങ്ങളെയും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വന്നു. നരസിംഹ റാവുവിനെ പ്രധാനമന്ത്രിയാക്കാന്‍ മുന്നിട്ടിറങ്ങിയ കരുണാകരന് അതേ റാവുവിനാല്‍ തന്നെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നൊഴിയേണ്ടി വന്നു. എന്നാല്‍, പ്രതിസന്ധികളെയെല്ലാം ചങ്കൂറ്റത്തോടെ നേരിടാന്‍ കരുണാകരന് അനിതര സാധാരണമായ സിദ്ധിയുണ്ടായിരുന്നു. ആരുടെ മുഖത്ത് നോക്കിയും കാര്യം പറയാന്‍ ധൈര്യം കാട്ടിയിരുന്ന കരുണാകരന്‍ തന്നെ പോലുള്ളവര്‍ക്ക് മറക്കാനാവാത്ത മഹാ വ്യക്തിത്വമാണെന്നും പന്തളം കൂട്ടിച്ചേര്‍ത്തു.
മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറത്തിന്റെ ‘ലീഡര്‍ കെ. കരുണാകരന്‍ മാധ്യമ പുരസ്‌കാരം’ മിഡില്‍ ഈസ്റ്റ് ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക് പന്തളം സുധാകരന്‍ സമ്മാനിച്ചു. ജനസേവാ പുരസ്‌കാരം നൗഫല്‍ ബിന്‍ അബൂബക്കര്‍, യുവ പ്രതിഭാ പുരസ്‌കാരം അനില്‍ കുമ്പനാട് എന്നിവര്‍ പന്തളം സുധാകരനില്‍ നിന്ന് ഏറ്റുവാങ്ങി. മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡന്റ് അബ്ദുല്‍ അസീസ് മൊയ്തീന്‍ ചടങ്ങില്‍ അധ്യക്ഷനായി. ജന.സെക്രട്ടറി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി അബുദാബി പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍, ഒ.ഐ.സി.സി ഗ്‌ളോബല്‍ കമ്മിറ്റി ജന.സെക്രട്ടറി കുമ്പളത്ത് ശങ്കരപ്പിള്ള, അബുദാബി കെ.എം.സി.സി പ്രസിഡന്റ് നസീര്‍ ബി. മാട്ടൂല്‍, കൊല്ലം ഡി.സി.സി ജന.സെക്രട്ടറി ശ്രീകുമാര്‍, ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജന.സെക്രട്ടറി ടി.എ രവീന്ദ്രന്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സുവോളജി വകുപ്പ് പ്രൊഫസറും പക്ഷിശാസ്ത്രജ്ഞനുമായ ഡോ. സുബൈര്‍ മേടമ്മല്‍, ചന്ദ്രസേനന്‍ തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം ട്രഷറര്‍ അനൂപ് നമ്പ്യാര്‍ നന്ദി പറഞ്ഞു. വിവിധ ഡ്രോയിംഗ് മല്‍സരങ്ങളില്‍ ജേതാക്കളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 190 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക