|    Jul 28 Fri, 2017 8:45 pm
FLASH NEWS

കെ കരുണാകരന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം തടഞ്ഞു

Published : 15th August 2016 | Posted By: SMR

പറവൂര്‍: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെ ആര്‍ വിജയന്‍ വ്യാപാര സമുച്ചയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ വെങ്കല പ്രതിമ സ്ഥാപിക്കാനുള്ള നീക്കം എല്‍ഡിഎഫ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തടഞ്ഞു.
ഇന്നലെ വൈകീട്ട് നാലിനാണ് നാടകീയമായ സംഭവവികാസങ്ങള്‍ വ്യാപാരസമുച്ചയ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ അരങ്ങേറിയത്. കെ കരുണാകരന്‍ കള്‍ച്ചറല്‍ ഫോറത്തിനു കൗണ്‍സില്‍ ചര്‍ച്ച ചെയ്യാതെ സ്ഥലം വിട്ടുകൊടുത്ത ചെയര്‍മാന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു തടയാന്‍ കാരണം. 2012ല്‍ അന്നത്തെ കൗണ്‍സിലില്‍ ചെയര്‍പേഴ്‌സന്‍ കൊണ്ടുവന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയാണ് കരുണാകരന്റെ പ്രതിമ സ്ഥാപിക്കുന്നതിനു മുന്നോടിയായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇന്നലെ ഉച്ചക്കുശേഷം ഷോപ്പിങ് കോംപ്ലക്‌സിനുസമീപം തുടങ്ങിയത്.
വ്യാപാര സമുച്ചയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വടക്കുപടിഞ്ഞാറ് ഭാഗത്തായി ടാറിങ് പൊളിച്ചുമാറ്റി.
പിന്നീട് ചതുരത്തില്‍ കോ ണ്‍ക്രീറ്റ് മിശ്രിതം ചേര്‍ത്ത് തറബലപ്പെടുത്തല്‍ ആരംഭിച്ചതറിഞ്ഞ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ എത്തിയാണ് പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിര്‍മാണപ്രവര്‍ത്തി ഏറ്റെടുത്ത കരാറുകാരന്‍ നഗരസഭയുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിനടത്തുന്നതെന്ന് പറഞ്ഞു.
സംഭവം ബഹളത്തില്‍ കലാശിച്ചതോടെ നഗരസഭാ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് സ്ഥലത്തെത്തി. നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം സമരക്കാരെ കാണിച്ചു. ഇതില്‍ തൃപ്തരാവാതെ പ്രതിപക്ഷ നേതാവ് കെ എ വിദ്യാനന്ദന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ടി വി നിഥിന്‍, കൗണ്‍സിലര്‍ കെ സുധാകരന്‍പിള്ള എന്നിവര്‍ നിര്‍മാണപ്രവര്‍ത്തിയെ പരസ്യമായി എതിര്‍ത്തു.
സംഭവം രൂക്ഷമാവുമെന്ന് കണ്ടതോടെ പറവൂര്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസും എത്തി. പിന്നീട് കൗണ്‍സിലില്‍ അജണ്ടവച്ച് ചര്‍ച്ച ചെയ്തതിനുശേഷം നിര്‍മാണം നടത്തിയാല്‍ മതിയെന്ന ധാരണയായി. അതേസമയം കെ കരുണാകരന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ എതിര്‍പില്ലെന്നും കൗണ്‍സില്‍ ചര്‍ച്ചചെയ്യണമെന്നുമാണ് തങ്ങളുടെ ആവശ്യമെന്നും പ്രതിപക്ഷം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക