|    Feb 20 Mon, 2017 5:05 pm
FLASH NEWS

കെ എന്‍ ഗോപിനാഥിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; ഉണ്ണിക്കൃഷ്ണന്‍ അസാധാരണ മനോനിലയുടെ ഉടമയെന്ന് പോലിസ്

Published : 10th November 2016 | Posted By: SMR

കൊച്ചി: സിഐടിയു ജില്ലാ പ്രസിഡന്റ്് കെ എന്‍ ഗോപിനാഥിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായ വടകര കുട്ടോത്ത് പനോളിക്കണ്ടി സ്വദേശി ഉണ്ണിക്കൃഷ്ണന്‍ അസാധാരണ മനോനിലയുടെ ഉടമയെന്ന് പോലിസ്. അന്ധമായ സിപിഎം വിരോധം തലക്കുപിടിച്ച ഇയാള്‍ ഏതെങ്കിലും ഒരു സിപിഎം നേതാവിനെ വധിക്കാനായി ഇരുപത്തഞ്ചിലധികം തവണ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്നും ഇതിനൊടുവിലാണ് കെ എന്‍ ഗോപിനാഥ് ഇയാളുടെ ഇരയായി മാറിയതെന്നുമാണ് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ പോലിസ് എത്തിച്ചേര്‍ന്നിരിക്കുന്ന അനുമാനം. കൊലപാതക ശ്രമത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുള്ളതായി പോലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ ഡാറ്റാ റെക്കോഡുകള്‍ പോലിസ് ഇന്നലെ വിശദമായി പരിശോധിച്ചെങ്കിലും അസാധാരണമായ ഫോണ്‍ വിളികളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. സംഭവ ദിവസം ഇയാള്‍ ആരെയും വിളിച്ചിട്ടില്ല. തലേ ദിവസം ഒന്നോ രണ്ടോ വിളികളാണ് നടത്തിയിട്ടുള്ളത്. ഇയാളുടെ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും പോലിസ് വ്യക്തമാക്കി. ഇയാളുടെ സിപിഎം വിരോധത്തിന് പിന്നില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നടത്തിയ ഇടപെടലുകളുമായുള്ള പകയാണെന്നാണ് ചോദ്യംചെയ്യലില്‍ വ്യക്തമായത്. ഇയാളുടെ കുടുംബവും പ്രദേശത്തെ സിപിഎം പ്രവര്‍ത്തകരുമായുണ്ടായ പ്രശ്‌നങ്ങളാണ് ഇത്ര കടുത്ത ശത്രുതക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുടുംബത്തെ സിപിഎം അങ്ങേയറ്റം ദ്രോഹിച്ചുവെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ കുടുംബം ഇത്തരത്തില്‍ വൈരാഗ്യം വച്ചുപുലര്‍ത്തുന്നില്ലെന്നാണ് പോലിസ് അന്വേഷണത്തില്‍ വ്യക്തമായത്. നാട്ടില്‍നിന്ന് ജോലി തേടി എറണാകുളത്തെത്തിയ ഇയാള്‍ ഒരു ബനിയന്‍ കമ്പനിയുടെ സെയില്‍സ് എക്‌സിക്യൂട്ടീവായാണ് ജോലി ചെയ്തിരുന്നത്. കുറേ കാലമായി ജോലിയില്ലാതെ കഴിയുന്ന ഇയാള്‍ക്ക് വടരയില്‍ മില്ല് നടത്തുന്ന അര്‍ധസഹോദരനാണ് ചെലവിനുള്ള പണം നല്‍കുന്നത്. മാസം മൂവായിരം രൂപ ഇയാള്‍ നല്‍കിവരുന്നുണ്ടെന്ന് ഈ അര്‍ധ സഹോദരന്‍ പോലിസിനോട് പറഞ്ഞു. ഒന്നരവര്‍ഷമായി കലൂര്‍ പോണേക്കരയില്‍ വാടകവീട്ടിലാണ് താമസം. നാടുമായി ബന്ധമില്ലാതെ ജീവിക്കുന്ന ഇയാള്‍ അവിവാഹിതനാണ്. ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കളില്ല. പ്ലസ്ടുവും കംപ്യൂട്ടര്‍ വിദ്യാഭ്യാസവുമുള്ള ഇയാള്‍ അത്യാവശ്യം ഇംഗ്ലീഷ് സംസാരിക്കുകയും പതിവായി ലൈബ്രറികളില്‍ പോയി പുസ്തകങ്ങള്‍ വായിക്കുകയും ചെയ്യുന്ന സ്വഭാവക്കാരനാണ്. മദ്യപാനമോ പുകവലിയോ പോലുള്ള ദുശ്ശീലങ്ങളുമില്ല. ഇയാളുടെ പെരുമാറ്റത്തില്‍ മാനസിക പ്രശ്‌നങ്ങളൊന്നും പ്രകടമല്ലെങ്കിലും ചില ദുരനുഭവങ്ങള്‍ മൂലം ആഴത്തില്‍ മുറിവേറ്റ ഒരു മനസിന്റെ പ്രശ്‌നങ്ങള്‍ ഇയാളിലുണ്ടെന്ന് പോലിസ് പറയുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക