|    Apr 29 Sat, 2017 6:57 pm
FLASH NEWS

കെ എം സീതിസാഹിബിനെ ഓര്‍ക്കുമ്പോള്‍

Published : 17th April 2017 | Posted By: fsq

ഇന്ന് ഏപ്രില്‍ 17. കെ എം സീതിസാഹിബിന്റെ 56ാം ചരമദിനം.”വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിപ്പാനില്ലത്രേ”- ഗാന്ധിജിയുടെ പ്രസംഗം തര്‍ജമ ചെയ്യവേ സീതിയില്‍ നിന്നു പുറപ്പെട്ട ഈ മൊഴിമാറ്റം സദസ്സ് ഹര്‍ഷാരവത്തോടെ സ്വീകരിച്ചപ്പോള്‍ ഗാന്ധിജിക്ക് അദ്ഭുതം. തുടര്‍ന്ന് കേരളത്തില്‍ തന്റെ പ്രഭാഷണനാളുകളില്‍ സീതിസാഹിബ് തന്നെ മൊഴിമാറ്റം നടത്തിയാല്‍ മതിയെന്ന് മഹാത്മജിയുടെ നിര്‍ബന്ധം. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും സീതിസാഹിബും ഇരു ചേരികളിലായിരുന്നു. പക്ഷേ, കൊടുങ്ങല്ലൂരിലും എറിയാട്ടും അഴീക്കോട്ടുമൊക്കെ ഇരുവരും മാര്‍ഗദീപങ്ങളായിരുന്നു. കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ച മുസ്‌ലിം നവോത്ഥാനശ്രമങ്ങള്‍ക്ക് മണപ്പാടന്റെ എന്നും തുറന്നുവച്ച പണപ്പെട്ടി ഉണ്ടായിരുന്നെങ്കിലും സീതിസാഹിബിന്റെ കര്‍മകുശലതയാണ് കൊച്ചിക്കായലും കടന്ന് വിചാരവിപ്ലവത്തിന്റെ പുത്തന്‍ ചിന്താധാരകള്‍ക്ക് വെള്ളവും വെളിച്ചവുമെത്തിച്ചത്. കേരള നിയമസഭയുടെ സ്പീക്കര്‍ എന്ന നിലയില്‍ മുസ്്‌ലിം ലീഗ് നേതാവ് എന്നതു മറന്ന് ഇന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വരെയുള്ളവര്‍ ആ റൂളിങുകള്‍, ഉദ്ധരണികള്‍ മറിച്ചുനോക്കുന്നു.  ഒരു സംഭവം പി ഖാലിദിന്റെ കെ എം സീതിസാഹിബ് എന്ന കൃതിയില്‍ നിന്ന്: കോഴിക്കോട് പന്നിയങ്കര, 1954 മാര്‍ച്ച് 28. ശ്രീരാമകൃഷ്ണാശ്രമത്തിനടുത്തുള്ള താളിയേടത്ത് കാവ് ഉല്‍സവപ്പറമ്പിലേക്ക് ഒരു ഘോഷയാത്ര പുറപ്പെട്ടു. ഈ ഘോഷയാത്ര നടുവട്ടം മുസ്‌ലിം ജുമുഅത്ത് പള്ളിക്കു മുന്നിലൂടെ പോവുമ്പോള്‍ തടയാനും തുടര്‍ന്ന് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ചിലര്‍- അവര്‍ കമ്മ്യൂണിസ്റ്റുകളായിരുന്നു- ഒരുക്കം കൂട്ടി. ഘോഷയാത്ര വരുന്നതും കാത്ത് വന്‍ ജനാവലി തയ്യാറായി നിന്നു. സീതിസാഹിബും സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും വിവരമറിഞ്ഞ് പള്ളിയിലെത്തി. ഹിന്ദുസഹോദരന്‍മാരുടെ ഘോഷയാത്ര കടന്നുപോവാന്‍ വഴിയൊരുക്കണമെന്നഭ്യര്‍ഥിച്ചു…”വലിയൊരു വിഭാഗം പള്ളിയില്‍ കയറി നേതാക്കളുടെ ആജ്ഞയനുസരിച്ചു. പക്ഷേ, ചിലര്‍ പിരിഞ്ഞില്ല. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ മുന്നോട്ടുവന്ന് സീതിസാഹിബിനോടു ചോദിച്ചു: ”താങ്കളെന്തിനാണ് ഇവിടെ വന്ന് ജനങ്ങളോട് ശാന്തരാവാന്‍ പറയുന്നത്.” സംഘര്‍ഷം വളര്‍ത്തി അതൊരു കലാപമായി പടര്‍ത്താനായിരുന്നു കമ്മ്യൂണിസ്റ്റ് സഹോദരന്‍മാരുടെ ലക്ഷ്യം. സീതിസാഹിബിന്റെ സാന്നിധ്യം കലാപമൊതുക്കാന്‍ വഴിവച്ചെങ്കിലും രാജാജി സര്‍ക്കാരിനെതിരേയുള്ള കലാപമായി ചിത്രീകരിച്ച് മുസ്്‌ലിം ലീഗിനെ തേജോവധം ചെയ്യാന്‍ കമ്മ്യൂണിസ്റ്റുകള്‍ സ്വീകരിച്ച തന്ത്രം ഒടുവില്‍ പോലിസ് വെടിവയ്പില്‍ കലാശിച്ചു. പണം വച്ച് ചീട്ടുകളിക്കുകയായിരുന്ന രണ്ടു വന്‍ പ്രമാണിമാരുടെ ദുര്‍വാശിയായിരുന്നു സത്യത്തില്‍ സംഭവത്തിന് യഥാര്‍ഥ ഹേതു. രണ്ടു രക്തസാക്ഷികളെ സൃഷ്ടിച്ച ആ ‘കൃത്രിമ’ കലാപം നടുവട്ടം സംഭവം എന്ന പേരില്‍ ഇന്നും പഴയ തലമുറയില്‍ ഉറങ്ങിക്കിടക്കുന്നു. സീതിസാഹിബിനെപ്പോലുള്ള കര്‍മധീരര്‍ അത്തരം കലാപസംഭവങ്ങളില്‍ പ്രകടിപ്പിച്ച മാന്യത ഇന്നും പിന്തുടരാന്‍ നേതൃത്വങ്ങള്‍ ശ്രമിച്ചാല്‍ ഇന്നു നാം കേള്‍ക്കുന്ന പല ചെറുതും വലുതുമായ ലഹളകള്‍ക്ക് കമ്മ്യൂണിസ്റ്റുകള്‍ രഹസ്യമായി ഒളിയജണ്ട ഒരുക്കുന്നത് സൂക്ഷ്മനിരീക്ഷകര്‍ക്കു മനസ്സിലാവും. അഭിഭാഷകന്‍ എന്ന നിലയിലും സീതിസാഹിബിന്റെ വ്യക്തിത്വം അനന്യസാധാരണമായിരുന്നു. 1961 ഏപ്രില്‍ 17ന് ‘അല്ലാഹ്’ എന്നുരുവിട്ട് ആ കര്‍മയോഗി അല്ലാഹുവിങ്കലേക്ക് യാത്രയായി. 18നു ചന്ദ്രികയില്‍ കവി ടി ഉബൈദ് എഴുതി: ”മരിച്ചാലും മരിക്കില്ല. അകക്കാമ്പിന്‍ തടാകത്തില്‍ ലസിക്കും നേര്, ഇഹപര നിയന്താവാ ‘മിലാഹ’ങ്ങയ്ക്കിരു ശാന്തി, ഇരപകലരുളുവാനിരു കൈയേന്തി ശിഷ്യര്‍, ഇരപ്പോരാണഭിവന്ദ്യ ഗുരുവാം സീതി.”

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day