|    Oct 16 Tue, 2018 3:32 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ എം ഷാജി എംഎല്‍എ കോഴ വാങ്ങിയെന്ന ആരോപണവുമായി ലീഗ് നേതാക്കള്‍

Published : 18th September 2017 | Posted By: fsq

 

കണ്ണൂര്‍: അഴീക്കോട് എംഎല്‍എ കെ എം ഷാജി 25 ലക്ഷം രൂപ കോഴ കൈപറ്റിയെന്ന പരാതിയുമായി മുസ്‌ലിംലീഗ് നേതാക്കള്‍. അഴീക്കോട് പൂതപ്പാറയിലെ ലീഗ് നേതാക്കളാണ് പാര്‍ട്ടി അഴീക്കോട് പഞ്ചായത്ത് കമ്മിറ്റിക്ക് പരാതി നല്‍കിയത്. മുസ്‌ലിംലീഗ് അഴീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറയുടെ പേരിലാണ് പരാതി. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പ്ലസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് കെ എം ഷാജി 25 ലക്ഷം രൂപ കൈപറ്റിയെന്നാണ് ആരോപണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഹയര്‍സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുന്നതിനു ശുപാര്‍ശ ചെയ്യുന്നതിനായി ലീഗ് പൂതപ്പാറ ശാഖാ കമ്മിറ്റിയെ അഴീക്കോട് ഹൈസ്‌കൂള്‍ അധികൃതര്‍ സമീപിച്ചിരുന്നു.  പ്ലസ്ടു അനുവദിക്കുകയാണെങ്കില്‍ പൂതപ്പാറ ലീഗ് ഓഫിസ് കെട്ടിടനിര്‍മാണത്തിനായി ഒരു തസ്തികയ്ക്കു സമാനമായ തുക നല്‍കാമെന്നും ഹൈസ്‌കൂള്‍ മാനേജ്‌മെന്റ് ഉറപ്പുനല്‍കി. മണ്ഡലം ലീഗ് പ്രസിഡന്റ് ടി സൈഫുദ്ദീന്‍, പ്രഫ. കെ മഹ്മൂദ്, സി കെ മുസ്തഫ എന്നിവരുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയുടെ നിര്‍ദേശപ്രകാരം വിഷയം കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തിയ കെ വി മുഹമ്മദ്കുഞ്ഞിയോട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ഇതോടെ 2014ല്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിച്ചു. ഇതിനു പിന്നാലെ  വാഗ്ദാനപ്രകാരമുള്ള 25 ലക്ഷം രൂപ പ്രാദേശിക കമ്മിറ്റിക്കു നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറായി. എന്നാല്‍, തുക തന്നോട് ചര്‍ച്ച ചെയ്തശേഷം നല്‍കിയാല്‍ മതിയെന്ന് കെ എം ഷാജി എംഎല്‍എ  മാനേജരോട് നിര്‍ദേശിച്ചു. ഇതോടെ പണം നല്‍കാന്‍ കഴിയില്ലെന്ന് സ്‌കൂള്‍ മാനേജര്‍ തങ്ങളെ അറിയിച്ചതായി പൂതപ്പാറ പഞ്ചായത്ത് കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ ആരോപിക്കുന്നു.പ്രാദേശിക മുസ്‌ലിംലീഗ് നേതാക്കളായ കെ പി മുഹമ്മദ് ഹാരിസ്, പി പി ഖാസിം, പ്രഫ. കെ മഹ്മൂദ് എന്നിവര്‍ എംഎല്‍എയുമായി സംസാരിച്ചപ്പോള്‍ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മിറ്റിയില്‍ വിവിധ വിഭാഗത്തില്‍പെട്ടവര്‍ ഉള്ളതിനാല്‍ അവിടെ നിന്നു പണം വാങ്ങരുതെന്നാണ് നിര്‍ദേശമെന്ന് വ്യക്തമാക്കി. ലീഗ് ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദുമായി നടത്തിയ ചര്‍ച്ചയിലും എംഎല്‍എ ഇക്കാര്യം ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്ന് പ്രാദേശിക കമ്മിറ്റി വിഷത്തില്‍നിന്നു പിന്മാറി. എന്നാല്‍, 2017 ജൂണില്‍ സ്‌കൂള്‍ കമ്മിറ്റി ജനറല്‍ ബോഡിയില്‍ പ്ലസ്ടു അനുവദിക്കാന്‍ വിനിയോഗിച്ച തുകയുടെ കണക്ക് വന്നതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മണ്ഡലം എംഎല്‍എ കെ എം ഷാജി 25 ലക്ഷം രൂപ മാനേജരില്‍നിന്നും നേരിട്ട് കൈപറ്റിയതായി ബോധ്യപ്പെട്ടതായി പരാതിയില്‍ വിശദീകരിക്കുന്നു. പൂതപ്പാറയില്‍ പാര്‍ട്ടിക്ക് സ്വന്തമായി ആസ്ഥാനമന്ദിരമെന്ന തങ്ങളുടെ സ്വപ്‌നം തകര്‍ത്ത്, പാര്‍ട്ടിയോട് ആലോചിക്കാതെ ഭീമന്‍ തുക കവര്‍ന്നയാള്‍ക്കെതിരേ മേല്‍ഘടകത്തെ സമീപിക്കണമെന്നും പ്രസ്തുത തുക തിരിച്ചുപിടിച്ച് ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കത്ത് അവസാനിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss