|    Nov 20 Tue, 2018 8:55 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ എം ഷാജിയും ലീഗും നേരിടുന്നത് ചരിത്ര പ്രതിസന്ധി

Published : 10th November 2018 | Posted By: kasim kzm

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: അഴീക്കോട് എംഎല്‍എയായ കെ എം ഷാജിയുടെ വിജയം വര്‍ഗീയ പ്രചാരണം നടത്തിയെന്ന എതിര്‍സ്ഥാനാര്‍ഥിയുടെ പരാതിയില്‍ അസാധുവാക്കിയ ഹൈക്കോടതി വിധിയിലൂടെ മുസ്‌ലിംലീഗും ഷാജിയും നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്.
കേരള രാഷ്ട്രീയത്തില്‍ മുസ്‌ലിംലീഗിന് എന്നും തുണയായിരുന്ന വര്‍ഗീയവിരുദ്ധ മുഖത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്നാണു വിലയിരുത്തല്‍. ഇതോടൊപ്പം ഷാജിക്ക് വ്യക്തിപരമായും ദുരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണ് വിധി. അതുകൊണ്ടു ലീഗ് നേതൃത്വവും ഷാജിയും അതീവ ജാഗ്രതയോടെയാവും ഇനി നിയമയുദ്ധത്തിനിറങ്ങുക. കാരണം, ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവയ്ക്കുകയും ഷാജിയെ അയോഗ്യനാക്കുകയും ചെയ്താല്‍ ലീഗിന്റെ നിലനില്‍പ്പ് അപകടത്തിലാവും. മുസ്‌ലിംലീഗിനെ സാമുദായിക പാര്‍ട്ടിയെന്ന് ആക്ഷേപിക്കുന്നവര്‍ പോലും വര്‍ഗീയ പാര്‍ട്ടിയെന്നു വിളിക്കാറില്ല.
ബാബരി മസ്ജിദ്, രണ്ടാം മാറാട് കലാപം, ബീമാപ്പള്ളി വെടിവയ്പ്, ഹാദിയ കേസ് വിഷയങ്ങളില്‍ സാമുദായിക താല്‍പര്യത്തിനപ്പുറം മതേതരത്വ നിലപാടാണ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതെന്ന അവകാശവാദം ലീഗ് നേതൃത്വം ഉന്നയിക്കാറുണ്ട്. കേരളത്തിലെ സാമുദായിക സൗഹാര്‍ദം തകരരുതെന്ന ഉറച്ച നിലപാട് കാരണമാണ്, തങ്ങളുടെ വോട്ടില്‍ തിരിച്ചടിയുണ്ടായിട്ടു പോലും ഈ നിലപാട് സ്വീകരിക്കുന്നതെന്നായിരുന്നു വിശദീകരണം. മാത്രമല്ല, പല വിഷയങ്ങളിലും മുസ്‌ലിം സംഘടനകളുടെ നിലപാടുകള്‍ക്കു വിരുദ്ധമായിരുന്നു നിലപാടെ—ങ്കിലും തിരഞ്ഞെടുപ്പ് കാലത്ത് അവ മറികടക്കാന്‍ ലീഗിനു കഴിഞ്ഞിരുന്നു. പൊതുസമൂഹത്തില്‍ ലീഗിന്റെ മതേതര പ്രതിച്ഛായയ്ക്കാണ് ഹൈക്കോടതി വിധി കനത്ത ആഘാതമാവുന്നത്.
ഇ-മെയില്‍ വിവാദം, നാറാത്ത് കേസ്, ബീമാപ്പള്ളി തുടങ്ങിയ സംഭവങ്ങളില്‍ പോലിസിനെതിരേ മുസ്‌ലിം പക്ഷത്തു നിന്നു ഗുരുതര ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം വിമര്‍ശനമുന്നയിക്കുന്ന സംഘടനകളെ തീവ്രവാദപ്പട്ടികയില്‍ ചേര്‍ത്ത് ആക്രമിച്ച് മതേതരമുഖം തെളിയിക്കുന്ന വ്യഗ്രതയിലായിരുന്നു കെ എം ഷാജി. ലീഗ് എംപിമാര്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകളുടെ ഇ-മെയില്‍ പോലിസ് ചോര്‍ത്തുന്നുവെന്ന വിവാദം കേരളത്തില്‍ വന്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍, മടിയില്‍ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളൂവെന്നു പറഞ്ഞു വ്യക്തിഗത വിവരചോരണത്തെ പോലും ന്യായീകരിക്കുകയായിരുന്നു ഷാജി. മാത്രമല്ല, പലപ്പോഴും അന്താരാഷ്ട്ര തലത്തിലെ തീവ്രവാദം സംബന്ധിച്ച ചര്‍ച്ചകളിലും കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് പോലുള്ള പ്രസ്ഥാനങ്ങളെ പ്രതിസ്ഥാനത്തു നിര്‍ത്തുകയായിരുന്നു.
നാറാത്ത് കേസില്‍ യുഎപിഎ ചുമത്തിയതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നപ്പോള്‍, തങ്ങളാണ് പോലിസിനും വിവരം നല്‍കിയതെന്ന കെ എം ഷാജിയുടെ അവകാശവാദത്തിനു മുന്നില്‍ ലീഗിലെ മറ്റു നേതാക്കള്‍ക്കും മൗനം പാലിക്കേണ്ടി വന്നിരുന്നു. ലീഗിനെ എക്കാലത്തും പിന്തുണച്ചിരുന്ന സമസ്ത ഇ കെ വിഭാഗത്തിലെ യുവനേതാക്കള്‍ തന്നെ മുഖപത്രത്തില്‍ ഷാജിയെയും എം കെ മുനീറിനെയും മുസ്‌ലിംവിരുദ്ധരെന്നു വിശേഷിപ്പിച്ച് ലേഖനമെഴുതി. ഗുജറാത്ത് കലാപത്തില്‍ മോദിക്കോ ഹിന്ദുത്വത്തിനോ പങ്കില്ലെന്നു വരെ ഷാജി പ്രസംഗിച്ചിരുന്നു.
മുസ്‌ലിംലീഗിന്റെയും കെ എം ഷാജിയുടെയും മതേതരത്വ നിലപാട് മുഖംമൂടിയാണെന്ന ഹിന്ദുത്വരുടെയും ചില കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും പ്രചാരണത്തിനും ഹൈക്കോടതി വിധി ശക്തികൂട്ടുമെന്നാണു വിലയിരുത്തല്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss