|    Dec 17 Mon, 2018 7:08 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെ എം ഷാജിക്ക് നിയമസഭയില്‍ പ്രവേശിക്കാം

Published : 28th November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കുന്നതിന് വര്‍ഗീയപ്രചാരണം നടത്തിയതിന് മുസ്‌ലിംലീഗ് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ഭാഗികമായി സ്‌റ്റേ ചെയ്തു. അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കി, ഷാജിക്ക് അയോഗ്യത കല്‍പ്പിച്ച നടപടിയാണ് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് ഉപാധികളോടെ സ്‌റ്റേ ചെയ്തത്.
സുപ്രിംകോടതിയുടെ ഉത്തരവ് അനുസരിച്ച് കെ എം ഷാജിക്ക് നിയമസഭാ നടപടികളില്‍ പങ്കെടുക്കാനാവും. എന്നാല്‍, ശമ്പളം ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ ലഭിക്കില്ല. നിയമസഭാ രജിസ്റ്ററില്‍ ഒപ്പിടാനാവും. അതേസമയം, എംഎല്‍എ എന്ന നിലയില്‍ നിയമസഭയില്‍ വോട്ടവകാശം ഉണ്ടായിരിക്കില്ല.
എന്നാല്‍, ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആറു വര്‍ഷത്തേക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ അയോഗ്യത സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടില്ല. ഹൈക്കോടതി നടപടിക്കെതിരേ ഷാജി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതിയുടെ നടപടി. ഷാജിയുടെ ഹരജിയില്‍, എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എല്‍ഡിഎഫിലെ എം വി നികേഷ് കുമാറിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹരജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ജനുവരി അവസാനവാരത്തിലേക്കു മാറ്റി. കെ എം ഷാജിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലും നികേഷ് കുമാറിന് വേണ്ടി അഡ്വ. വി ഗിരിയും ഹാജരായി. എംഎല്‍എയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി വിധി പൂര്‍ണമായും റദ്ദാക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഇതിനെ വി ഗിരി എതിര്‍ത്തു.
തിരഞ്ഞെടുപ്പു പ്രചാരണസമയത്ത് വര്‍ഗീയപ്രചാരണം നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് കെ എം ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ഷാജിക്ക് നിയമസഭാംഗമായി തുടരുന്നതിന് തടസ്സമില്ലെന്ന് ഹരജി 22ന് പരിഗണിച്ചപ്പോള്‍ തന്നെ സുപ്രിംകോടതി വാക്കാല്‍ വ്യക്തമാക്കിയിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss