|    Nov 18 Sun, 2018 3:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കെ എം ഷാജിക്ക് അയോഗ്യത

Published : 10th November 2018 | Posted By: kasim kzm

കൊച്ചി: കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി മുസ്‌ലിംലീഗിന്റെ കെ എം ഷാജിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. ഷാജിക്കു സുപ്രിംകോടതിയില്‍ അപ്പീല്‍ ഹരജി നല്‍കാന്‍ രണ്ടാഴ്ചത്തേക്കു വിധി നടപ്പാക്കുന്നത് സ്റ്റേയും ചെയ്തു. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് ലഘുലേഖകളിലൂടെ മതവികാരം ഉണര്‍ത്തിവിട്ടും എതിര്‍സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തിയും ക്രമക്കേട് കാട്ടിയാണ് വിജയം നേടിയതെന്നു വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി. ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് ആറു വര്‍ഷത്തേക്ക് വിലക്കുമുണ്ട്.
വ്യാപകമായി വര്‍ഗീയപ്രചാരണം നടത്തിയാണ് കെ എം ഷാജി തിരഞ്ഞെടുപ്പില്‍ ജയിച്ചതെന്നും തനിക്കെതിരേ അപമാനകരവും അസത്യവുമായ പ്രചാരണം നടത്തിയെന്നും ആരോപിച്ച് എതിര്‍സ്ഥാനാര്‍ഥിയായി മല്‍സരിച്ച മാധ്യമപ്രവര്‍ത്തകന്‍ എം വി നികേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് പി ഡി രാജന്‍ വിധി പറഞ്ഞത്. നികേഷ് കുമാറിന് കോടതിച്ചെലവിനത്തില്‍ 50,000 രൂപ കെ എം ഷാജി നല്‍കണം. അതേസമയം, ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അനുവദിച്ചില്ല. ജയിച്ച സ്ഥാനാര്‍ഥിയായ ഷാജി ക്രമക്കേടിലൂടെ നേടിയ വോട്ടുകള്‍ തനിക്കു ലഭിച്ചാല്‍ മതിയായ ഭൂരിപക്ഷമാകുമായിരുന്നുവെന്ന് നികേഷ് തെളിയിക്കേണ്ടതുണ്ടെന്നും ഇതു സാധ്യമല്ലാത്തതിനാല്‍ ഹരജിയിലെ ഈ ആവശ്യം അനുവദിക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ 101ാം വകുപ്പനുസരിച്ച് ക്രമക്കേടിലൂടെ ലഭിച്ച വോട്ടുകള്‍ ഒഴിവാക്കിയാല്‍ ഹരജിക്കാരന് ഭൂരിപക്ഷം ഉറപ്പാവേണ്ടതുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഷാജിയെ അയോഗ്യനാക്കിയ നടപടിയും ഇതില്‍ സ്‌റ്റേ അനുവദിച്ച വിധിയും തിരഞ്ഞെടുപ്പു കമ്മീഷനെയും നിയമസഭാ സ്പീക്കറെയും അറിയിക്കാനും വിധിയില്‍ പറയുന്നു. സ്‌റ്റേ അനുവദിച്ചെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ കോടതിച്ചെലവ് ഷാജി കെട്ടിവയ്ക്കണം. ഇത്തരമൊരു ഹരജി നിലനില്‍ക്കുമോ, സ്ഥാനാര്‍ഥിയുടെയോ ഏജന്റിന്റെയോ സമ്മതത്തോടെയോ അറിവോടുകൂടിയോ ആരെങ്കിലും വോട്ടര്‍മാരുടെ സ്വതന്ത്ര വോട്ടവകാശത്തെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, മതം, ജാതി, സമുദായം എന്നിവയുടെ പേരില്‍ വോട്ട് നേടുകയോ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നോ, ഷാജിയെ തിരഞ്ഞെടുത്ത നടപടിക്ക് നിയമസാധുതയുണ്ടോ എന്നീ വിഷയങ്ങളാണ് ഹൈക്കോടതി പരിഗണിച്ചത്.
”കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്‌ലിംകള്‍ക്കു സ്ഥാനമില്ല. അന്ത്യനാളുകളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ അന്ത്യനാളുകളില്‍ ചെകുത്താന്റെ കൂടെ അന്തിയുറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്‌കരിച്ച് നമ്മള്‍ക്കു വേണ്ടി കാവല്‍ തേടുന്ന ഒരു മുഅ്മിനായ കെ മുഹമ്മദ് ഷാജി എന്ന കെ എം ഷാജി വിജയിക്കാന്‍ എല്ലാ മുഅ്മിനുകളും അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. സത്യവിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം.
അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്ത് വരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി” എന്ന പരാമര്‍ശമടങ്ങിയ ഒരു ലഘുലേഖ ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും മറ്റും പേരില്‍ വോട്ട് തേടരുതെന്ന ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് 116 പേജുള്ള വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി.
സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണവിധേയയായ സരിത എസ് നായരുമായി നികേഷിന് ബന്ധമുണ്ട്, ബാര്‍മുതലാളിയില്‍ നിന്ന് പണം വാങ്ങി എന്നീ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖയും ചെറ്റക്കുടിലില്‍ നിന്ന് മണിമാളികയിലേക്ക് എന്ന തലക്കെട്ടിലുള്ള ലഘുലേഖയും നികേഷിനെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നും വിധിയില്‍ പറയുന്നു.
ഇത്തരം നടപടികള്‍ സ്ഥാനാര്‍ഥിയുടെയോ തിരഞ്ഞെടുപ്പ് ഏജന്റിന്റെയോ അറിവോടെയാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, ജനപ്രാതിനിധ്യ നിയമത്തിലെ 123 (3), 123 (4) എന്നീ വകുപ്പുപ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കണ്ടെത്തി. തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. അയോഗ്യനാക്കിയ വിധി സംബന്ധിച്ച് രാഷ്ട്രപതിക്കു വിവരം നല്‍കണമെന്നുംനിര്‍ദേശിച്ചു.
ഉച്ചയ്ക്ക് കോടതി വീണ്ടും ചേര്‍ന്നപ്പോള്‍ ഷാജിയുടെ അഭിഭാഷകന്‍ അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തെ സമയം അനുവദിച്ച് സ്‌റ്റേ വേണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍, നികേഷ് കുമാറിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. സ്‌റ്റേ നല്‍കുകയാണെങ്കില്‍ ഷാജിക്കു നിയമസഭയില്‍ വോട്ടിങ് അവകാശം നല്‍കരുതെന്നും പ്രതിഫലം നല്‍കരുതെന്നും അദ്ദേഹം വാദിച്ചു. ി ഇതുമായി ബന്ധപ്പെട്ട വിധികള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ കോടതി പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss