|    Jan 22 Sun, 2017 9:29 am
FLASH NEWS

കെ എം മാണി വീണ്ടും മന്ത്രിയാവും; അമിത്ഷായെ കാണില്ല

Published : 1st February 2016 | Posted By: SMR

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്താനുള്ള തീരുമാനത്തില്‍നിന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെ എം മാണി പിന്മാറി. മാണിക്ക് മന്ത്രിസ്ഥാനത്തേക്കു മടങ്ങിയെത്താമെന്ന യുഡിഎഫ് തീരുമാനത്തെ തുടര്‍ന്നാണ് ബദല്‍ നീക്കം കേരളാ കോണ്‍ഗ്രസ് തല്‍ക്കാലം ഉപേക്ഷിച്ചത്.
കോട്ടയത്ത് എത്തുന്ന അമിത്ഷായുമായി കെ എം മാണി കൂടിക്കാഴ്ച നടത്തുമെന്ന വാര്‍ത്തകള്‍ പാര്‍ട്ടി നേതൃത്വവും നിഷേധിച്ചു. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം എംപി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബിജെപിയുമായുള്ള രഹസ്യബന്ധം ജോസ് കെ മാണി എംപിയും തള്ളിപ്പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ വിമോചനയാത്രയുമായി ബന്ധപ്പെട്ടാണ് അമിത്ഷാ നാലിനു കോട്ടയത്ത് എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാണിയുമായി രാഷ്ട്രീയ നീക്കുപോക്കുകള്‍ നടത്തുന്നതിനാണ് അമിത്ഷായുടെ പരിപാടി കോട്ടയത്തേക്കു മാറ്റിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ബാര്‍ കോഴയില്‍ പ്രതിഷേധരീതി വിട്ട് ബിജെപി സംസ്ഥാന ഘടകം കെ എം മാണിയോട് ഏറെനാളായി മൃദുസമീപനത്തിലാണെന്നതും ഈ പ്രചാരണങ്ങള്‍ക്ക് കരുത്തേകി.
മാണിയുടെ രാജിയില്‍ യുഡിഎഫ് നേതൃത്വവും മുഖ്യമന്ത്രിയും ഉടനടി തീരുമാനമെടുത്തതും കെ ബാബുവിന്റെ രാജിയില്‍ നടപടി വൈകിപ്പിച്ചതും കേരളാ കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സമ്മര്‍ദ്ദതന്ത്രമെന്നോണം ബിജെപിയുമായി കൂടിക്കാഴ്ച നടത്തുമെന്ന പ്രചാരണം ശക്തമായത്. കോട്ടയം കൂടിക്കാഴ്ച പുതിയ കൂട്ടുകെട്ടിന്റെ തുടക്കമാവുമെന്ന അഭ്യൂഹങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് ബാബുവിനെതിരേ മൃദുസമീപനം സ്വീകരിച്ച യുഡിഎഫ് നേതൃത്വം മാണിക്കെതിരേ നിലപാട് മയപ്പെടുത്തിയത്. തുടര്‍ന്നാണ് അമിത്ഷായുമായി കൂടിക്കാഴ്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് വിശദീകരിച്ചത്. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിന്റെ ഇരട്ടനീതി പരാതിയില്‍ ഇനിയും പരിഹാരമായിട്ടില്ല. കെ ബാബുവിന്റെ കാര്യത്തിലെ താല്‍പര്യം മാണിയോട് ഉണ്ടായില്ലെന്നാണ് ആക്ഷേപം.
അതേസമയം, കെ ബാബുവിന് പിന്നാലെ മന്ത്രിയാവാനുള്ള തയ്യാറെടുപ്പിലാണ് കെ എം മാണിയെന്നാണ് സൂചന. യുഡിഎഫ് പച്ചക്കൊടി കാട്ടിയെങ്കിലും മന്ത്രിസഭയിലേക്കു വരാന്‍ മാണി തിടുക്കം കാട്ടില്ല. തനിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നിലപാട് അറിഞ്ഞശേഷം മടങ്ങിവരവില്‍ തീരുമാനമെടുക്കാനാണു നീക്കം. വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ് റിപോര്‍ട്ട് ഫെബ്രുവരി 16നാണു കോടതി പരിഗണിക്കുന്നത്. അതിനിടെ, മാണി-അമിത്ഷാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് യുഡിഎഫിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. മാണിക്കെതിരേ നടപടിയെടുക്കാന്‍ തയ്യാറാവാത്തത് ബിജെപി ബന്ധത്തിനു വേണ്ടിയാണെന്നാണ് പ്രതിപക്ഷ ആരോപണം.
ബാര്‍ കോഴയില്‍ ഉടലെടുത്ത പൊട്ടിത്തെറിയില്‍ വിറങ്ങലിച്ച സര്‍ക്കാരിന് ഹൈക്കോടതി ഇടപെടലോടെ നേരിയ ആശ്വാസമുണ്ടായിട്ടുണ്ട്. എന്നാല്‍, അവസാന ബജറ്റ് സമ്മേളനം അഞ്ചിന് ആരംഭിക്കാനിരിക്കെ പ്രതിഷേധം ശക്തമാക്കാനാണു പ്രതിപക്ഷ തീരുമാനം. കഴിഞ്ഞ ബജറ്റ് സമ്മേളനത്തിലുണ്ടായ പ്രതിഷേധത്തേക്കാളും രൂക്ഷമായ സമരത്തിനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 95 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക