|    Jan 21 Sat, 2017 1:40 am
FLASH NEWS

കെ എം മാണിയുടെ രാഷ്ട്രീയ നീക്കം; കേരളാ കോണ്‍ഗ്രസ്സിലും അവ്യക്തത

Published : 5th August 2016 | Posted By: SMR

കോട്ടയം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചരല്‍കുന്ന് ക്യാംപ് നാളെ തുടങ്ങുമ്പോള്‍ കെ എം മാണിയുടെ രാഷ്ട്രീയ നീക്കം എന്താണെന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അവ്യക്തത.
നിലവില്‍ പാര്‍ട്ടി എംഎല്‍എമാരുടെയും പ്രത്യേകിച്ച് പി ജെ ജോസഫിന്റെ പിന്തുണ ഉറപ്പിക്കാന്‍ വേണ്ടിയുള്ള ചര്‍ച്ചകള്‍ മാത്രമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടയത്ത് നടന്നത്. എന്നാല്‍ നിലപാട് എന്താണെന്ന് കെ എം മാണി വ്യക്തമാക്കിയിട്ടില്ലായിരുന്നു.
നിലപാട് വ്യക്തമാക്കാതെയാണ് കെ എം മാണി കോട്ടയം കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തില്‍ നാലുദിവസത്തെ ധ്യാനത്തിന് പോയത്. ഇന്ന് ഉച്ചയോടെ ധ്യാനം പൂര്‍ത്തിയാക്കി എത്തുന്ന മാണി കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കോ മാധ്യമങ്ങളെ കാണുന്നതിനോ തയ്യാറാവില്ലെന്ന വിവരമാണ് പാര്‍ട്ടിയുടെ ചില നേതാക്കള്‍ നല്‍കുന്നത്. ആറ്, ഏഴ് തീയതികളില്‍ ചരല്‍കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാംപില്‍ മാത്രം തന്റെ ഭാവി നിലപാടുകള്‍ വെളിപ്പെടുത്തുകയുള്ളുവെന്ന തീരുമാനത്തിലാണ് കെ എം മാണി. അതേസമയം നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന തീരുമാനത്തില്‍ കൂടുതലൊന്നും പാടില്ലെന്ന നിലപാടാണ് എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പി ജെ ജോസഫ് ആവശ്യപ്പെട്ടത്.
യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് എന്ന തീരുമാനത്തില്‍ കൂടുതലൊന്നും ഉണ്ടാവില്ലെന്ന വിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും.
എന്നാല്‍ എന്‍ഡിഎയുമായി അടക്കുന്നെന്ന സൂചനകള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാനാവാതെ പാര്‍ട്ടി നേതാക്കള്‍ കൈമലര്‍ത്തുകയാണ്. ഇതിനിടെ, ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനമടക്കം നിരവധി ഓഫറുകളുമായി ബിജെപി ദേശീയ നേതൃത്വം കേരള കോണ്‍ഗ്രസ്സിനെ പാട്ടിലാക്കാന്‍ ബിഡിജെഎസിനെ രംഗത്തിറക്കിയതായും സൂചനയുണ്ട്. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ചരല്‍കുന്നില്‍ ചേരുന്ന പാര്‍ട്ടി ക്യാംപ് കെ എം മാണി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ് അധ്യക്ഷത വഹിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് ക്യാംപ് സമാപിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 38 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക