|    Nov 21 Wed, 2018 9:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കെ എം ജോസഫ് സുപ്രിംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു

Published : 8th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ എം ജോസഫ് സുപ്രിംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണു ജസ്റ്റിസ് കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്.
ഇന്ദിര ബാനര്‍ജി, വിനീത് ശരണ്‍ എന്നിവര്‍ക്കു ശേഷം മൂന്നാമതായി തന്നെയാണു കെ എം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്. ആദ്യ ദിവസമായ ഇന്നലെ ജസ്റ്റിസ് കെ എം ജോസഫ് മൂന്നാംനമ്പര്‍ കോടതിയിലെ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ചിലാണ് ഇരുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഒന്നാം നമ്പര്‍ കോടതിയിലും ജസ്റ്റിസ് വിനീത് സരണ്‍, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചിലും കേസുകള്‍ കേട്ടു. കെ എം ജോസഫിന്റെ സീനിയോരിറ്റി താഴ്ത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ നേരത്തെ സുപ്രിംകോടതിയിലെ കൊളീജിയത്തിലെ അംഗങ്ങള്‍ അടക്കമുള്ള മുതിര്‍ന്ന ജഡ്ജിമാര്‍, ചീഫ് ജസ്റ്റിസിനെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നുവെങ്കിലും സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഫലം കാണാനായില്ല. ജസ്റ്റിസ് കെ എം ജോസഫിനെ സീനിയോരിറ്റി പട്ടികയില്‍ താഴെയാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയോടു ജഡ്ജിമാര്‍ക്കുള്ള വിയോജിപ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലിനെ അറിയിച്ചിട്ടുണ്ട്.
ജഡ്ജിമാരായ മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ കെ സിക്രി എന്നിവരാണു കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് പരാതി ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. ജസ്റ്റിസ് കെ എം ജോസഫിന് നാലു വര്‍ഷവും 10 മാസവും സുപ്രിംകോടതി ജഡ്ജിയായി തുടരാം. ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയത്തില്‍ ഏഴു മാസത്തോളം അദ്ദേഹം ഉണ്ടാവും. എന്നാല്‍, സീനിയോരിറ്റി താഴ്ത്തിയതോടെ ചീഫ് ജസ്റ്റിസ് ആവാനുള്ള അദ്ദേഹത്തിന്റെ അവസരം നഷ്ടമാവും. 2023 ജൂണ്‍ 16നാണ് ജസ്റ്റിസ് ജോസഫ് വിരമിക്കുക. ഇന്ദിരാ ബാനര്‍ജി 2022 സപ്തംബര്‍ 23നും വിനീത് സരണ്‍ 2022 മെയ് 10നും വിരമിക്കും.
ജനുവരി 10ന് പ്രമുഖ അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെ എം ജോസഫിന്റെ പേരും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നാലു മാസത്തോളം ശുപാര്‍ശയില്‍ തീരുമാനം എടുക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ രണ്ടിന് ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രമാണ് അംഗീകരിച്ചത്. പിന്നീട് മറ്റ് രണ്ടു ജഡ്ജിമാര്‍ക്കൊപ്പം രണ്ടാമതും ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ ശുപാര്‍ശ അവസാന നിമിഷമാണു കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചത്. മൂന്ന് പുതിയ ജഡ്ജിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തതോടെ, 31 ജഡ്ജിമാര്‍ വേണ്ട സുപ്രിം കോടതിയിലെ ജഡ്ജിമാരുടെ ആകെ എണ്ണം 25 ആയി ഉയര്‍ന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss