|    Aug 22 Wed, 2018 12:56 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കെ എം ജോസഫ്: കൊളീജിയം ശുപാര്‍ശകേന്ദ്രം വീണ്ടും തിരിച്ചയക്കാന്‍ ഒരുങ്ങുന്നതായി റിപോര്‍ട്ട്‌

Published : 3rd August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മലയാളിയായ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രിംകോടതി ജഡ്ജിയായി ഉയര്‍ത്തണമെന്ന കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തിരിച്ചയക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. ഇന്ദിരാ ബാനര്‍ജി, വിനീത് ശരന്‍ എന്നീ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും കെ എം ജോസഫിനെയും സുപ്രിംകോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശയില്‍ ജോസഫിന്റെ കാര്യത്തില്‍ മാത്രം തീരുമാനമെടുക്കാതെ മറ്റു രണ്ടുപേരുടെയും നിയമനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തതായാണു സൂചന.
ബിജെപി സര്‍ക്കാരിന് അനഭിമതനായ കെ എം ജോസഫിന്റെ പേര് നേരത്തേ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ തിരിച്ചയക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് വന്‍ വിവാദങ്ങളും ചര്‍ച്ചകളും നടന്നു. പിന്നീട് ജൂലൈ 16ന് പുതിയ രണ്ടുപേരുടെ കൂടെ കെ എം ജോസഫിന്റെ പേര് ശുപാര്‍ശ ചെയ്ത് കൊളീജിയം വീണ്ടും കേന്ദ്രസര്‍ക്കാരിനയച്ചു. എന്നാല്‍, ജോസഫ് ഒഴികെയുള്ള മറ്റു രണ്ടുപേരുടെയും നിയമനത്തിന് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നല്‍കി അന്തിമ തീരുമാനത്തിനായി പ്രധാനമന്ത്രിയുടെ ഓഫിസിന് കൈമാറിയതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപോര്‍ട്ടുകളുണ്ട്.
ജനുവരി 10നാണ് ജ. കെ എം ജോസഫിനെയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകയായിരുന്ന (ഇപ്പോള്‍ ജഡ്ജി) ഇന്ദു മല്‍ഹോത്രയെയും സുപ്രിംകോടതി ജഡ്ജിമാരാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ പേര് അംഗീകരിച്ച കേന്ദ്രം ജ. കെ എം ജോസഫിന്റെ പേര് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തിരിച്ചയക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss