|    Jul 21 Sat, 2018 12:05 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെ ആര്‍ അരവിന്ദാക്ഷന്‍ : എംവിആറിന്റെ വിശ്വസ്തന്‍; മികച്ച സഹകാരി

Published : 28th September 2017 | Posted By: fsq

 

നിഷാദ്  എം   ബഷീര്‍

കോട്ടയം: സിഎംപിയുടെ സ്ഥാപകനായ അന്തരിച്ച എം വി രാഘവന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു കെ ആര്‍ അരവിന്ദാക്ഷന്‍. സിഎംപി രൂപീകരിക്കപ്പെട്ടപ്പോ ള്‍ കെ ആര്‍ അരവിന്ദാക്ഷന്‍ പ്രധാന സംഘാടകനായി മാറി.  കെ കരുണാകരന്‍ സിഎംപിയെ യുഡിഎഫിലേക്ക് ക്ഷണിച്ചപ്പോള്‍ കരുണാകരന്‍- എംവിആര്‍ ചര്‍ച്ചയുടെ ഇടനിലക്കാരനായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്കുശേഷം സിഎംപിയിലെ ഒരുവിഭാഗത്തെ എല്‍ഡിഎഫ് പാളയത്തിലെത്തിക്കാനും അരവിന്ദാക്ഷനായി. നല്ലൊരു സഹകാരിയെയും എല്ലാവരുടെയും സുഹൃത്തിനെയുമാണ് അരവിന്ദാക്ഷന്റെ നിര്യാണത്തോടെ നഷ്ടമാവുന്നത്. യുഡിഎഫിലെയും എല്‍ഡിഎഫിലെയും ഉന്നത നേതാക്കളുമായുണ്ടാക്കിയ വ്യക്തിബന്ധമായിരിക്കും ഒരുപക്ഷേ കേരള രാഷ്ട്രീയത്തില്‍ കെ ആര്‍ അരവിന്ദാക്ഷനെ ശ്രദ്ധേയനാക്കുന്നത്. ഇടതുവിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് കോട്ടയത്തുകാര്‍ക്ക് മറക്കാനാവാത്ത സമുന്നത നേതാവായിരുന്നു അദ്ദേഹം. ബസേലിയസ് കോളജിലെ പഠനകാലത്താണ് കെ ആര്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായി. 1976 കാലത്ത് എസ്എഫ്‌ഐയുടെ കോട്ടയത്തെ പ്രമുഖ നേതാവായിരുന്നു.  1980ല്‍ ഡിവൈഎഫ്‌ഐ രൂപീകരണസമയത്ത് നേതൃത്വം നല്‍കി  ഇ പി ജയരാജനോടൊപ്പം പ്രവര്‍ത്തിച്ചു. 1987ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് സ്ഥാനാര്‍ഥിയാവുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ടി കെ രാമകൃഷ്ണനെയാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കിയത്. ആ സന്ദര്‍ഭത്തിലാണ് സിപിഎമ്മിലെ ബദല്‍രേഖാ വിവാദം ഉയര്‍ന്നത്. പാര്‍ട്ടി സമ്മേളനത്തില്‍ എംവി രാഘവന്‍ ബദല്‍രേഖയുമായി കടന്നുവന്നപ്പോള്‍ കെ ആര്‍ അരവിന്ദാക്ഷന്‍ അന്ന് എംവിആറിനൊപ്പം നിന്നു. എംവിആര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്തുവന്നശേഷം സിഎംപി രൂപീകരിക്കപ്പെട്ടപ്പോള്‍ അരവിന്ദാക്ഷന്‍ പ്രധാന സംഘാടകനായി മാറി. പിന്നീട് യുഡിഎഫിലെ ഘടകകക്ഷിയായി മാറിയ സിഎംപി, എം വി രാഘവന്‍ രോഗബാധിതനായതോടെ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചു.  ഇതിനിടെയാണ് അരവിന്ദാക്ഷന്റെയും സി പി ജോണിന്റെയും നേതൃത്വത്തില്‍ സിഎംപി രണ്ടായി പിളര്‍ന്നത്. പിന്നീട് യുഡിഎഫ് വിട്ട് എല്‍ഡിഎഫുമായി സഹകരിച്ച് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം. ഉഴവൂര്‍ വിജയനുശേഷം കോട്ടയത്തിന് നഷ്ടമാവുന്ന മറ്റൊരു സംസ്ഥാന നേതാവാണ് കെ ആര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss