|    Dec 14 Fri, 2018 1:33 am
FLASH NEWS
Home   >  Kerala   >  

കെവിന്‍ വധം കേരളാ പോലിസിന്റെ കാവല്‍ കൊല- എന്‍സിഎച്ച്ആര്‍ഒ

Published : 14th June 2018 | Posted By: G.A.G

കോട്ടയം: കെവിന്‍ വധം കേരളാ പോലിസിന്റെ കാവല്‍ക്കൊലയാണെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി. കോട്ടയത്ത് കെവിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന്‍മാരുടെ ജനാധിപത്യ- മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പോലിസ് സാമൂഹിക വിരുദ്ധരില്‍നിന്ന് അച്ചാരംപറ്റി ക്വട്ടേഷന്‍ ഗുണ്ടകള്‍ക്ക് കാവലൊരുക്കിയാണ് കെവിനെ വധിച്ചത്. കെവിന്‍ വധം കൊലപാതകമാണെന്ന് മുഖ്യമന്ത്രിയും മുങ്ങിമരണമാണെന്ന് ഡിജിപിയും പറയുന്നു. കെവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ അവസരമൊരുക്കിയ ഗാന്ധിനഗര്‍ എസ്‌ഐയ്‌ക്കെതിരേ കേവലം സസ്‌പെന്‍ഷന്‍ നടപടി മാത്രമാണ് എടുത്തിരിക്കുന്നത്. നവോത്ഥാന പാരമ്പര്യം പറയുകയും ജാതിയില്ലാ വിളംബരത്തില്‍ പങ്കെടുക്കുകയും ചെയതവരാണ് ജാതിക്കൊലയ്ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ളത്. പ്രതികള്‍ക്കെതിരേ നിസാരവകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒരേ മതത്തില്‍ വിശ്വസിക്കുന്നവരുടെയിടയില്‍ നിലനില്‍ക്കുന്ന സവര്‍ണ-അവര്‍ണ വൈരുധ്യവും സാമ്പത്തിക അന്തരവും ഈ കൊലപാതകത്തിലെ മുഖ്യഘടകങ്ങളാണ്.
പ്രതികളെ അറസ്റ്റുചെയ്തതുകൊണ്ടോ ശിക്ഷിച്ചതുകൊണ്ടോ കാര്യമില്ലെന്നും സാമൂഹികനീതിയാണ് തനിയ്ക്കാവശ്യമെന്നുമാണ് കെവിന്റെ ഭാര്യ നീനു എന്‍സിഎച്ച്ആര്‍ഒ സംഘത്തോട് പ്രതികരിച്ചത്. കെവിന്‍ വധത്തില്‍ പത്തുലക്ഷം രൂപയും നീനുവിന്റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുത്തത് സര്‍ക്കാര്‍ കുറ്റം ഏറ്റെടുത്തതിന്റെ വ്യക്തമായ തെളിവാണ്. ദലിതരും ആദിവാസികളും മുസ്്‌ലിംകളും നിരന്തരം വേട്ടയാടപ്പെടുമ്പോള്‍ മുഖ്യമന്ത്രിയും പോലിസ് മന്ത്രിയുമായ പിണറായി വിജയനും സിപിഎം- ഡിവൈഎഫ്‌ഐ കൂട്ടുകെട്ടും ആര്യബ്രാഹ്്മണ്യത്തിന്റെ കാലാള്‍പ്പടയായി നിലകൊള്ളുകയാണെന്നും ശിവന്‍കുട്ടി കുറ്റപ്പെടുത്തി. ബ്രിട്ടീഷ് പോലിസിന്റെ ഇംപീരിയലിസ്റ്റ് മുഖമാണ് കേരളാ പോലിസ് അണിഞ്ഞിരിക്കുന്നത്. ഇതരമതം സ്വീകരിച്ചവരെയും ഇതരമതസ്ഥരെ വിവാഹം കഴിച്ചവരെയും ഒറ്റപ്പെടുത്തി പീഢിപ്പിക്കുന്നത് സംസ്ഥാനത്ത് വര്‍ധിച്ചുവരികയാണ്. ഡോ. ഹാദിയ, ഡോ.ശ്വേത, അഷിത, അഞ്ജലി എന്നിവരെല്ലാം ഇത്തരത്തില്‍ വേട്ടയാടപ്പെട്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കെവിന്റെ കുടുംബത്തിന് നിയമസഹായം സംഘം വാഗ്ദാനം ചെയ്തു. എന്‍സിഎച്ച്ആര്‍ഒ ജില്ലാ പ്രസിഡന്റ് അഡ്വ. സി ജെ ജോസ്, കെ എം സിദ്ദീഖ്, ജോസഫ് പനമൂടന്‍, ഷാജി മാന്നാനം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss