|    Nov 18 Sun, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെവിന്‍ കേസ് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ആക്ഷന്‍ കൗണ്‍സില്‍

Published : 9th November 2018 | Posted By: kasim kzm

കോട്ടയം: കെവിന്‍ ജോസഫിന്റെ കൊലപാതകക്കേസില്‍ കുറ്റവാളികളായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ കുറ്റം ചുമത്തി നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. കുറ്റകൃത്യത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐ അടക്കമുള്ള പോലിസ് ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയുടെ നിരവധി തെളിവുകള്‍ പുറത്തുവന്നിട്ടും അവര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണ സംഘം നടത്തിയ ബോധപൂര്‍വമായ വീഴ്ചയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കെവിന്റെ കൊലപാതകത്തില്‍ മാതൃകാപരമായ നടപടികളും ശിക്ഷയും ഉറപ്പാക്കാനുള്ള നിയമയുദ്ധം ഏതറ്റംവരെയും കൊണ്ടുപോവും. കെവിന്റെ കൊലപാതകത്തില്‍ പ്രധാന ഗൂഢാലോചന നടത്തിയത് തന്റെ അമ്മ രഹ്‌നയാണെന്നു നീനു നിരന്തരം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, രഹ്‌നയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ അന്വേഷണ സംഘം തയ്യാറാവാതിരുന്നതു ദുരൂഹമാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിക്കുന്നതിന് ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന കോടതി നിരീക്ഷണം സ്വാഗതാര്‍ഹമാണെന്നും ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടു പോവുന്നതിന്റെ തലേദിവസം കെവിനെ രഹ്‌നയും ബന്ധുക്കളുമെത്തി ഭീഷണിപ്പെടുത്തിയതായി കെവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അനീഷ് പറഞ്ഞു. നീനുവിനെയും കെവിനെയും ഒരു ദിവസം പോലും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കില്ലെന്നും അതിനു വേണ്ടി എന്തുംചെയ്യുമെന്നുമാണ് രഹ്‌ന പറഞ്ഞത്. പോലിസിന് നല്‍കിയ മൊഴിയില്‍ ഇതെല്ലാം പറഞ്ഞിരുന്നെങ്കിലും മുഖവിലയ്‌ക്കെടുത്തില്ല. എസ്‌ഐ ഷിബു വളരെ മോശമായാണ് ആദ്യം മുതല്‍ പെരുമാറിയത്. പോലിസുകാര്‍ക്കെതിരേ പോലിസ് കംപ്ലയിന്റ് അതോറിറ്റി അന്വേഷണം നടത്തുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.
ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ വി ഡി ജോസ്, എം ഡി തോമസ്, എം ജെ ജോസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss