|    Nov 18 Sun, 2018 1:43 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെവിന്റേത് ദുരഭിമാനക്കൊല: സെഷന്‍സ് കോടതി

Published : 8th November 2018 | Posted By: kasim kzm

കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ട് സ്വദേശി കെവിന്‍ പി ജോസഫി (24)ന്റേതു ദുരഭിമാനക്കൊല തന്നെയാണെന്ന് കോടതി. കേസില്‍ ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നും കോട്ടയം ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രിംകോടതി പുറത്തുവിട്ട മാര്‍ഗരേഖകള്‍ പ്രകാരം കെവിന്‍ കൊലക്കേസ് അതിവേഗ കോടതിയിലേക്കു മാറ്റും. കെവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊല്ലാന്‍ കാരണം ജാതീയമായ വ്യത്യാസമാണെന്നും അതുകൊണ്ട് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍, ഈ എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണു പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാമെന്നു കോടതി വ്യക്തമാക്കിയത്. കേരളത്തില്‍ ആദ്യമായാണ് ദുരഭിമാനക്കൊലയുടെ ഗണത്തില്‍പ്പെടുത്തി ഒരു കൊലക്കേസില്‍ വിചാരണ തുടങ്ങുന്നത്.
കെവിന്‍ കൊലക്കേസ് ദുരഭിമാനക്കൊലയായി പരിഗണിക്കണമെന്ന ഹരജിയില്‍ കഴിഞ്ഞ 22നാണു കോട്ടയം ജില്ലാ സെഷന്‍സ് കോടതി വാദം കേട്ടത്. കേസ് വിധി പറയാന്‍ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ഹരജി നല്‍കിയത്. പോലിസും സംഭവം ദുരഭിമാനക്കൊലയെന്നു വാദിച്ചിരുന്നു.
കഴിഞ്ഞ മെയ് 24നാണ് കോട്ടയത്ത് ബിരുദ വിദ്യാര്‍ഥിനിയായ നീനു ചാക്കോ കെവിനെ വിവാഹം കഴിക്കുന്നത്. രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് വിവാഹിതയായ വിവരം നീനു തന്നെയാണു വീട്ടുകാരെ വിളിച്ചറിയിച്ചത്. പിറ്റേന്നു തന്നെ നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തി. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ പോലിസിനെ കാണിച്ചിട്ടും നീനുവിനെയും കെവിനെയും ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോവാന്‍ പോലിസ് പറഞ്ഞെങ്കിലും നീനു എതിര്‍ത്തു. തുടര്‍ന്ന് ബലംപ്രയോഗിച്ച് നീനുവിനെ കൊണ്ടുപോവാന്‍ വീട്ടുകാര്‍ ശ്രമിച്ചപ്പോള്‍ ആളുകള്‍ കൂടി. ഇതോടെ വീട്ടുകാര്‍ പിന്‍വാങ്ങി. തുടര്‍ന്ന് മെയ് 27ന് കാറിലെത്തിയ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയുടെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണു കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
28ന് രാവിലെ തെന്‍മല ചാലിയേക്കരയില്‍ നിന്നാണു കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥിക്കായിരുന്നു കെവിന്‍ കൊലക്കേസിന്റെ അന്വേഷണച്ചുമതല. കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയെ ഒന്നാം പ്രതിയും പിതാവ് ചാക്കോയെ അഞ്ചാം പ്രതിയുമാക്കിയാണു കുറ്റപത്രം സമര്‍പ്പിച്ചത്. ചാക്കോയ്‌ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ 12 പേര്‍ക്കെതിരേ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss