|    Jan 22 Sun, 2017 3:24 am
FLASH NEWS

കെബിപിഎസിലെ 350 തേക്കുകള്‍ മുറിച്ച സംഭവം: ടോമിന്‍ തച്ചങ്കരിക്കെതിരേ ത്വരിതപരിശോധന

Published : 26th August 2016 | Posted By: SMR

കൊച്ചി: കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി (കെബിപിഎസ്) വളപ്പിലെ 350 ഓളം തേക്കുമരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് എംഡി ടോമിന്‍ ജെ തച്ചങ്കരിക്കെതിരേ വിജിലന്‍സ് ത്വരിതപരിശോധന തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകനായ പ്രഫ. എസ് സീതാരാമന്‍ നല്‍കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശപ്രകാരം എറണാകുളം വിജിലന്‍സ് റേഞ്ചാണ് അന്വേഷണം നടത്തുന്നത്.
കെബിപിഎസിന്റെ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 350 ഓളം മരങ്ങള്‍ മുറിച്ചുകടത്തിയതിലൂടെ രണ്ടുകോടിയോളം രൂപ സര്‍ക്കാരിനു നഷ്ടപ്പെടുത്തിയെന്ന് പ്രഫ. സീതാരാമന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
സര്‍ക്കാര്‍ ഭൂമിയിലുള്ള മരങ്ങള്‍ മുറിക്കുന്നതിനു വേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണു വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടിയത്. മരംമുറിക്കുന്നതിനു വകുപ്പില്‍ അപേക്ഷ നല്‍കുകയും അവിടെനിന്നുള്ള ടീം പരിശോധന നടത്തുകയും വേണം. അസിസ്റ്റന്റ് കണ്‍സര്‍വേറ്ററും പരിസ്ഥിതി വിദഗ്ധനും സ്ഥലത്തെ കൗണ്‍സിലറും എന്‍ജിനീയറും അടങ്ങിയതാണു പരിശോധനാ സമിതി. ഈ സമിതി പരിശോധന നടത്തി നല്‍കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ.
2011ല്‍ ഇത്തരത്തില്‍ മരങ്ങള്‍ മുറിക്കുന്നതിനു വനംവകുപ്പിന്റെ അനുമതി നേടിയിരുന്നു. എന്നാല്‍ പരിശോധനയും നടത്താതെ സ്വാധീനത്തിനു വഴങ്ങി അനുമതിനല്‍കുകയായിരുന്നുവെന്ന് അന്നു പരിസ്ഥിതി കമ്മിറ്റി അംഗംകൂടിയായിരുന്ന സീതാരാമന്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ നല്‍കുന്ന അനുമതിക്കു പരമാവധി രണ്ടുവര്‍ഷമാണു പ്രാബല്യം. എന്നാല്‍ കാലഹരണപ്പെട്ട അനുമതി ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു.
2011ല്‍ ഒന്നരലക്ഷം രൂപയാണു വനംവകുപ്പ് മരങ്ങള്‍ക്കു നിശ്ചയിച്ചിരുന്നത്. പിന്നീട് വില പുതുക്കി നിശ്ചയിച്ചിട്ടുമില്ല. എന്നാല്‍ മുറിച്ച 350 തേക്കുമരങ്ങള്‍ക്കോരോന്നിനും 50,000 രൂപ മുതല്‍ ഒരുലക്ഷം രൂപവരെ വിലയുള്ളതാണ് ഇത്തരത്തില്‍ രണ്ടു കോടിയുടെ നഷ്ടമാണ് സര്‍ക്കാരിന് നഷ്ടപ്പെട്ടിരിക്കുന്നതെന്നും പ്രഫ. സീതാരാമന്‍ പരാതിയില്‍ ആരോപിക്കുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക