|    Jan 19 Thu, 2017 10:37 pm
FLASH NEWS

കെപിസിസി ഓഫിസ് കോടതി ഉത്തരവിലൂടെ ഒഴിപ്പിച്ചു

Published : 10th July 2016 | Posted By: SMR

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിന്റെ ആസ്ഥാനമായിരുന്ന എറണാകുളത്തെ കെപിസിസി ഓഫിസ് വാടകക്കാര്‍ കോടതി ഉത്തരവിലൂടെ ഒഴിപ്പിച്ചു. സാധനങ്ങള്‍ മാറ്റുന്നതിന് ഒരു മാസത്തെ സാവകാശം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ വാടകക്കാരുമായി ചര്‍ച്ച നടത്തി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയിലുള്ള വി എം സുധീരന്‍ തിരിച്ചെത്തിയാലുടന്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാടകത്തര്‍ക്കത്തെ തുടര്‍ന്നു കെട്ടിട ഉടമയുടെ പരാതിയില്‍ കെപിസിസി ഓഫിസ് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുവന്നിരുന്നു. തുടര്‍ന്ന് അന്നത്തെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഇടപെട്ട് കെട്ടിട ഉടമകളുമായി ചര്‍ച്ച നടത്തുകയും 25,000 രൂപ വാടക നിശ്ചയിച്ച് ഒരു വര്‍ഷത്തേക്ക് മൂന്നര ലക്ഷത്തോളം രൂപ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നിങ്ങോട്ട് വാടക അടക്കുന്നത് മുടങ്ങിയതോടെ ഉടമകള്‍ കോടതിയെ സമീപിച്ച് വീണ്ടും അനുകൂല വിധി സമ്പാദിക്കുകയായിരുന്നു.
കെപിസിസി ഉണ്ടായ കാലം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ ആസ്ഥാനമായിരുന്നു ഈ വാടകകെട്ടിടം.
1978 വരെ കെപിസിസി ആസ്ഥാനം എറണാകുളത്തായിരുന്നു. 78ലെ പിളര്‍പ്പിന് ശേഷമാണ് ഒരു വിഭാഗം തിരുവനന്തപുരത്ത് ആസ്ഥാനം തുടങ്ങിയത്. 1982ല്‍ എ ഐ ഗ്രുപ്പുകള്‍ ഒന്നായതോടെ തിരുവനന്തപുരം കെപിസിസി ആസ്ഥാനമാവുകയും എറണാകുളത്തെ ആസ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. കാലക്രമത്തില്‍ എറണാകുളത്തെ കെപിസിസി ഓഫിസിന്റെ പ്രാധാന്യം നഷ്ടമായി. ലാഭം നോക്കാതെ കെപിസിസി ആസ്ഥാനത്തിന് കെട്ടിടം വാടകയ്ക്ക് നല്‍കിയ ജന്‍മി കുടുംബത്തിലെ അനന്തരതലമുറ വാടക കൂട്ടി ആവശ്യപ്പെടുകയും നല്‍കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിസമ്മതിക്കുകയും ചെയ്തതോടെയാണ് തര്‍ക്കവും കേസും ഉടലെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക