|    Oct 16 Tue, 2018 2:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെപിസിസി അധ്യക്ഷ പദവി : നിലപാടിലുറച്ച് ഉമ്മന്‍ചാണ്ടി; ബെന്നി ബെഹനാനു വേണ്ടിയും കരുനീക്കം

Published : 27th September 2017 | Posted By: fsq

 

എച്ച്   സുധീര്‍

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന നിലപാടില്‍ ഉറച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നിയോഗിച്ച വരണാധികാരി സുദര്‍ശന്‍ നാച്ചിയപ്പനുമായി ഇന്ദിരാഭവനില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു പദവിയിലേക്കുമില്ലെന്ന നിലപാടില്‍ മാറ്റംവരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം അറിയിച്ചു. തിരഞ്ഞെടുപ്പിലൂടെ താഴെത്തട്ടുമുതലുള്ള ഭാരവാഹികളെ നിശ്ചയിക്കണമെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ സമവായത്തിലൂടെ മുന്നോട്ടുപോവാനാണ് പാര്‍ട്ടിയിലെ പൊതുനിലപാടെന്നും അതുമായി സഹകരിച്ച് പോവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതേസമയം, കെപിസിസി അധ്യക്ഷപദവി എ ഗ്രൂപ്പിനു തന്നെ ലഭിക്കുമെന്ന് ഉറപ്പായതോടെ ആ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബെഹനാനെ എത്തിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്. നാച്ചിയപ്പനോട് ബെന്നി ബെഹ്‌നാന്റെ പേര് നിര്‍ദേശിച്ചതായാണു സൂചന. എന്നാല്‍, ഈ നിര്‍ദേശത്തോട് എ ഗ്രൂപ്പില്‍ നിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. നിലവില്‍ അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന എം എം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നീ പേരുകളാണ് എ ഗ്രൂപ്പില്‍ നിന്നുയരുന്നത്.തര്‍ക്കം തുടര്‍ന്നാല്‍ എ ഗ്രൂപ്പിന് സമ്മതമുള്ള പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ച് ഡല്‍ഹിയില്‍ നിന്നു തീരുമാനം തേടാനുള്ള സാധ്യതയുമുണ്ട്. അടുത്തമാസം പകുതിയോടെ എഐസിസി യോഗം ചേരാനിരിക്കെ അതിനുമുമ്പ് കേരളത്തില്‍ നിന്നുള്ള കെപിസിസി, എഐസിസി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതേസമയം, വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് നിര്‍ണായകമാണ്. മുമ്പ് കേരളത്തില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ തള്ളിയാണു വി എം സുധീരനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. അതേ മാതൃകയില്‍, ഗ്രൂപ്പിന് അതീതമായോ ഡല്‍ഹി കേന്ദ്രീകരിച്ചോ പ്രവര്‍ത്തിക്കുന്ന നേതാക്കളെ അധ്യക്ഷപദവിയില്‍ എത്തിക്കാനുള്ള സാധ്യതയും വിരളമല്ല. അത്തരമൊരു നീക്കമുണ്ടായാല്‍ എതിര്‍ക്കുമെന്ന ഐ ഗ്രൂപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുംമുമ്പ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ഹൈക്കമാന്‍ഡ് കൂടിക്കാഴ്ചയും നടത്തും. ഗ്രൂപ്പുകളെ വിശ്വാസത്തിലെടുത്ത് മാത്രമേ തീരുമാനം ഉണ്ടാവൂവെന്നാണു മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss