|    Mar 24 Fri, 2017 9:57 am
FLASH NEWS

കെപിസിസി അടിമുടി പുനസ്സംഘടിപ്പിക്കും; സുധീരനെ മാറ്റാനുള്ള നീക്കം രാഹുല്‍ തടഞ്ഞു

Published : 5th August 2016 | Posted By: SMR

ന്യൂഡല്‍ഹി: കെപിസിസി അടിമുടി പുനസ്സംഘടിപ്പിക്കാന്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം. കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
മൂന്നുമാസത്തിനുള്ളില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. തിരഞ്ഞെടുപ്പു നടക്കുന്നതു വരെ പ്രസിഡന്റ്സ്ഥാനത്ത് സുധീരന്‍ തുടരും. വാര്‍ഡ്തലം മുതല്‍ സംസ്ഥാനതലംവരെ എല്ലാ കമ്മിറ്റികളും ഇക്കാലയളവില്‍ പുനസ്സംഘടിപ്പിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഏറെക്കാലത്തിനു ശേഷമാണു കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ സമ്പൂര്‍ണ സംഘടനാ തിരഞ്ഞെടുപ്പു നടത്താന്‍ തീരുമാനിക്കുന്നത്. അതേസമയം, സുധീരനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്നു നീക്കാനുള്ള ഇരു ഗ്രൂപ്പുകളുടെയും തന്ത്രപരമായ നീക്കത്തിനു രാഹുല്‍ഗാന്ധി ഇന്നലെ തടയിട്ടു. ചരടുവലികളിലൂടെ കെപിസിസി അധ്യക്ഷനാവാനുള്ള ഉമ്മന്‍ചാണ്ടിയുടെ നീക്കമാണ് ഇതോടെ പാളിയത്.
യുഡിഎഫ് ചെയര്‍മാന്‍ പദവി വാഗ്ദാനംചെയ്തിരുന്നുവെങ്കിലും കെപിസിസി നേതൃപദവിക്കായി അദ്ദേഹമത് ഉപേക്ഷിക്കുകയായിരുന്നു. സുധീരനെ മാറ്റണമെന്ന ആവശ്യമായിരുന്നു ഇരു ഗ്രൂപ്പുകളും മുന്നോട്ടുവച്ചത്. എന്നാല്‍, അതിനു നില്‍ക്കാതെ കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും ഡിസിസി പ്രസിഡന്റുമാരെയുമടക്കമുള്ള സംഘടനാ ഭാരവാഹികളെ മൊത്തത്തില്‍ മാറ്റാനായിരുന്നു ഇന്നലെ നടന്ന ചര്‍ച്ചയില്‍ രാഹുലിന്റെ നിര്‍ദേശം. ഇതിന് മൂന്നുമാസത്തെ സമയവും അനുവദിച്ചു. ശേഷം നടക്കുന്ന ഉന്നത നേതൃതിരഞ്ഞെടുപ്പിന്റെ സമയത്ത് സുധീരന്റെ മാറ്റവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പു മാത്രമാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും രാഹുല്‍ നല്‍കിയത്.
തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മൂന്നു നേതാക്കള്‍ക്കും തുല്യ ഉത്തരവാദിത്തമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സുധീരനെ മാത്രം മാറ്റുന്നതില്‍ നീതീകരണമില്ലെന്നു രാഹുല്‍ കരുതുന്നു. മൂന്നു നേതാക്കളെയും മാറ്റുകയെന്ന തീരുമാനത്തിലെത്തിയാല്‍ നിലവില്‍ പ്രതിപക്ഷനേതാവും യുഡിഎഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തലയ്ക്കും ഒഴിയേണ്ടിവരും. ഇതിനാല്‍ തന്നെ നേതൃമാറ്റ ആവശ്യത്തില്‍ മൃദു സമീപനമാണ് രമേശ് സ്വീകരിച്ചത്.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക