|    Nov 21 Wed, 2018 1:18 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

കെപിഎസി ലളിതയ്‌ക്കൊരു പൊന്നരഞ്ഞാണം

Published : 1st August 2016 | Posted By: SMR

slug-vettum-thiruthumഅക്കാദമികളുടെ ഉള്ളറ ഇടപാടുകള്‍ ഇനി ഒരാറുമാസം ഈ കേരള മഹാഭൂവില്‍ കാറ്റും പൊടിയും മാലിന്യങ്ങളും ഉതിര്‍ക്കുമെന്ന് ഉറപ്പായിരിക്കെ ലളിതചേച്ചി (കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്) സംഗീത നാടക അക്കാദമിയുടെ അധ്യക്ഷയാവും. പണ്ഡിറ്റ് നെഹ്‌റു ഇരുന്ന കസേരയില്‍ പണ്ട് ചരണ്‍സിങും ഇപ്പോള്‍ മോദിയും കുത്തിയിരിക്കുന്ന സാഹചര്യത്തില്‍ ചങ്ങനാശ്ശേരിക്കാരി ലളിതചേച്ചി യേശുദാസിരുന്ന, ജി ശങ്കരപ്പിള്ള ഇരിക്കാതെ ഓടിനടന്നു ഭരിച്ച, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ ഭരിച്ചുമുടിച്ച, സൂര്യ സ്വാമി ഭരിച്ച് രാജ്യമെമ്പാടുമുള്ള നവകോടീശ്വരന്മാരെ ‘സുഖിപ്പിച്ച’ സംഗീത നാടക അക്കാദമി, എ കെ ബാലനല്ല, സാക്ഷാല്‍ ദേവേന്ദ്രന്‍സ് ഫാദര്‍ മുത്തുപ്പട്ടര്‍ വിചാരിച്ചാലും നന്നാവൂല. അവര്‍ വന്ന് ഇരുന്നില്ലല്ലോ, ഇപ്പോഴേ ഇങ്ങനെയൊക്കെ പറഞ്ഞാലോ എന്ന് തൃശൂരില്‍നിന്ന് ജോര്‍ജ് പോളും പയ്യന്നൂരില്‍നിന്ന് കരിവള്ളൂര്‍ മുരളിയും തിരുവനന്തപുരത്തു നിന്ന് പിരപ്പന്‍കോട് മുരളിയും ചോദിക്കുന്നത് ഞാന്‍ ഉള്‍ക്കണ്ണാല്‍ കാണുന്നു, കേള്‍ക്കുന്നു.
ലളിതചേച്ചിയെപ്പറ്റി തിക്കുറിശ്ശി ചേട്ടന്‍ ജീവിച്ചിരിക്കെ പറഞ്ഞ ഒരു ഫലിതമുണ്ട്. സത്യവുമാണ്: ”ഇത്രയും നല്ല ജിഹ്വ, ജീവിതത്തില്‍ മറ്റൊരു നടിക്കും ഉള്ളതായി അനുഭവിച്ചിട്ടില്ല.”
തീജ്വാല എന്നൊരര്‍ഥംകൂടി ജിഹ്വക്കുണ്ടെന്നാണ് തിക്കുറിശ്ശിയുടെ വികടസരസ്വതി ഉദ്‌ബോധിപ്പിച്ചത്. തിക്കുറിശ്ശി നാലുദശകം മുമ്പ് തീജ്വാലയുള്ള നാവിന്റെ ഉടമ എന്നു വിശേഷിപ്പിച്ച ലളിത വടക്കാഞ്ചേരിയില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയാവാനും തുടര്‍ന്ന് എംഎല്‍എയാവാനും സാരിയും ബ്ലൗസും തുന്നിച്ചു. എങ്കക്കാട്ടെയും ഓട്ടുപാറയിലെയും യുവരക്തനക്ഷത്രങ്ങള്‍ പാലം വലിച്ചു. സത്യം പറഞ്ഞാല്‍ പാലം വലിച്ചത് സിപിഎം തൃശ്ശിവപേരൂര്‍ ഡിസിയില്‍നിന്നാണ്. ഉത്രാളിക്കാവ് ദേവസ്വം കമ്മിറ്റിക്കും പങ്കുണ്ട്. അതൊക്കെ പഴയകാര്യം.
അച്ചാച്ചന്റെ/ചങ്ങനാശ്ശേരി പെരുന്നയിലെ ഫോട്ടോ സ്റ്റുഡിയോയില്‍ നിന്ന് ആരംഭിച്ച് ചാച്ചപ്പന്റെ (ഗീഥ) ലാളനയേറ്റ് പാവാടപ്രായത്തില്‍ വള്ളിക്കുന്നത്തെത്തി ഭാസി ആശാന് ചങ്ങനാശ്ശേരി സുബ്രഹ്മണ്യക്ഷേത്രക്കുളത്തില്‍ നിന്നു പറിച്ചെടുത്ത ആമ്പല്‍മൊട്ടുകള്‍ സമര്‍പ്പിച്ച ചേച്ചി ‘തുലാഭാര’ത്തിലൂടെയും ‘കൂട്ടുകുടുംബ’ത്തിലൂടെയും വളര്‍ന്ന് ആലപ്പുഴയിലെ കോഴി കൂവിയ മണല്‍പ്പറമ്പിലൂടെ കോടമ്പക്കത്തെത്തി തിരുവെങ്കിടം മുതലാളിയുടെ അനുഗ്രഹാശിസ്സുകളും എം ഒ ജോസഫിന്റെ പിശുക്കും ഹൃദിസ്ഥമാക്കി ഭരതേട്ടന്റെ ‘പെണ്ണായി.’ മലയാളസിനിമയിലെ പെങ്ങള്‍, കാമുകി, അമ്മ, വേലക്കാരി എന്നിങ്ങനെ ലളിത ഉണ്ടെങ്കില്‍ ആ സിനിമ രണ്ടുകുറി കാണുക എന്ന ദുശ്ശീലം മലയാളിയില്‍ വളര്‍ത്തിയെടുത്ത ഈ നടി സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കസേരയിലിരുന്ന് സംഗീതാദികലകളെ, നാടകത്തെ, നൃത്തസവിശേഷതകളെ ഇനി ഈ മുട്ടുവേദനയും വച്ച് എന്തുചെയ്യാനാണ്. ഭരതന്‍ ഇത്തിരി പൂസായാല്‍ പറയുമായിരുന്നു: ”തികച്ചും ലളിതം. അവള്‍ അരങ്ങത്തെത്തിയാല്‍ സാറാ ബര്‍നാഡ്, കാമറയ്ക്കു മുമ്പില്‍ സോഫിയ ലോറന്റെ തള്ള…”
എല്ലാം പഴയ കഥകള്‍. സിദ്ധാര്‍ഥിന്റെ അമ്മയോട് ഇത്തരി വെട്ടി, പിന്നെ കുറേ തിരുത്തി പറയാനുള്ളതെന്തെന്നാല്‍ ഘടകകക്ഷിയിലെ രണ്ടാം യജമാന്‍ സിപിഐ കുഞ്ഞുങ്ങള്‍ക്ക് ഈ അക്കാദമി അധ്യക്ഷയെ അത്രയ്ക്കങ്ങ് രുചിച്ചിട്ടില്ല. കാനം വൈകാതെ വിവരം ബാലേട്ടനെ അറിയിക്കും.
പത്മശ്രീമാരായ ബി ആര്‍ ഷെട്ടി, സി എ മേനോന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ സൂര്യ സ്വാമിക്കു വേണ്ടി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ക്കു സംഗീത നാടക അക്കാദമി പറമ്പില്‍ തുടര്‍ച്ചകള്‍ സൃഷ്ടിക്കാന്‍ എത്ര ‘തട്ടീം മുട്ടീം’ കളിക്കേണ്ടിവരും. 50 അതിമഹത്തായ നല്ല കാര്യങ്ങള്‍ ചെയ്യുകയും നല്ലൊരു പാരമ്പര്യം തന്നെയാണ് ഞങ്ങള്‍ ഇവിടെ അവശേഷിപ്പിച്ചത് എന്നു ചിന്തിക്കുന്നത് അതിശയോക്തിയോ അഹംഭാവമോ ആവില്ലെന്ന് വിചാരിക്കുകയും ഇനിയും വരുന്ന ഭരണസമിതികള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ആശംസിച്ച് പി വി കൃഷ്ണന്‍ നായര്‍ ആന്റ് വെണ്‍പുഴശ്ശേരി മോഹന്‍ പാര്‍ട്ടി പടിയിറങ്ങുമ്പോള്‍ ലളിതചേച്ചി ഒരുകാര്യം മറക്കാതിരിക്കുക. അതും ഭരതന്‍ പറഞ്ഞത്, ഭാനുപ്രകാശ് പറയാത്തത്; ഗ്രാമപ്രകാശ് പറയാന്‍ പോവുന്നതെന്തെന്നാല്‍. ”ലളിതേ, കൊളമാക്കല്ലേ, 50 ജനകീയ പരിഷ്‌കാരങ്ങള്‍ 500 ആക്കണേ. ജയരാജ് വാര്യരും ടീമും സദാ ജാഗരൂകമാണേ.”

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss