|    Aug 21 Mon, 2017 3:47 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കെനിയ: സംഘര്‍ഷം തുടരുന്നു; 11 പേര്‍ കൊല്ലപ്പെട്ടു

Published : 13th August 2017 | Posted By: fsq

 

നയ്‌റോബി: കെനിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ 11പേര്‍ കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഉഹ്‌റു കെനിയാത്ത വിജയിച്ചതായുള്ള ഫലപ്രഖ്യാപനത്തെ തുടര്‍ന്നാണു സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. കെനിയാത്ത വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തിയത് തിരിമറികളിലൂടെയാണെന്നാരോപിച്ച് പ്രതിപക്ഷം പ്രക്ഷോഭം ആരംഭിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. നയ്‌റോബിയിലെ മതാറെയില്‍ ഒമ്പതു യുവാക്കള്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ രാത്രി പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ പട്ടണമായ സിയായില്‍ പ്രതിഷേധക്കാരിലൊരാള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടതായി പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു. പോലിസ് വെടിവയ്പില്‍ ഒരു പെണ്‍കുട്ടി കൂടി കൊല്ലപ്പെട്ടു. വീടിന്റെ ബാല്‍ക്കണിയിലിരിക്കുമ്പോഴാണ് പെണ്‍കുട്ടിക്ക് വെടിയേറ്റതെന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രതിപക്ഷ നേതാവ് ഒഡിംഗയെ അനുകൂലിക്കുന്നവര്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശത്താണ് പെണ്‍കുട്ടിയുടെ നേരെ പോലിസ് വെടിവയ്പുണ്ടായത്. രാജ്യത്തെ പടിഞ്ഞാറന്‍ മേഖലകളിലാണ് സംഘര്‍ഷം രൂക്ഷമായത്. പ്രതിപക്ഷത്തിനു സ്വാധീനമുള്ള തലസ്ഥാനമായ നയ്‌റോബിയിലും കിസാമു മേഖലയിലും പ്രതിഷേധം ശക്തമായി തുടരുകയാണ്. നയ്‌റോബിയിലെ മതാറെ, കിബേറ പ്രദേശങ്ങളില്‍ തെരുവുയുദ്ധത്തിന് സമാനമായ സ്ഥിതി തുടരുന്നതായി കെനിയന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈ പ്രദേശങ്ങളില്‍ കെനിയാത്തയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നവരും ഒഡിംഗ അനുകൂലികളും ഏറ്റുമുട്ടിയതായും റിപോര്‍ട്ടുകളില്‍ പറയുന്നു. ആഹ്ലാദപ്രകടനത്തിനിടെ കെനിയാത്ത അനുകൂലികളുടെ വാഹനമിടിച്ച് കഴിഞ്ഞ ദിവസം നാലുപേര്‍ കൊല്ലപ്പെട്ടതായി മുതിര്‍ന്ന ട്രാഫിക് പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം, പ്രതിഷേധങ്ങള്‍ക്കു പിറകില്‍ രാഷ്ട്രീയ കാരണങ്ങളല്ലെന്നും ക്രിമിനല്‍ താല്‍പര്യങ്ങളാണെന്നും കെനിയന്‍ ആഭ്യന്തരമന്ത്രി ഫ്രെഡ് മാറ്റിയാങി ആരോപിച്ചു. 2007ല്‍ കെനിയയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ കലാപത്തിലെത്തിച്ചേര്‍ന്നിരുന്നു. 1200ഓളം പേരായിരുന്നു 2007ലെ കലാപത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, കെനിയയിലെ പ്രതിപക്ഷ കക്ഷികള്‍ പരാജയം അംഗീകരിക്കണമെന്ന് രാഷ്ട്രീയ നിരീക്ഷകരും വിദേശനേതാക്കളും ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക