|    Oct 20 Sat, 2018 6:02 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെട്ടിട നിര്‍മാണ ഓര്‍ഡിനന്‍സ് അഴിമതിക്കു കളമൊരുക്കും നിയമസഭയെ വെല്ലുവിളിച്ച് ഓര്‍ഡിനന്‍സ് ഭരണം: പ്രതിപക്ഷം

Published : 1st December 2017 | Posted By: kasim kzm

തിരുവനന്തപുരം: നിയമസഭയെയും സഭാംഗങ്ങളുടെ അവകാശത്തെയും വെല്ലുവിളിച്ച് സര്‍ക്കാര്‍ സംസ്ഥാനത്ത് ഓര്‍ഡിനന്‍സ് ഭരണം നടത്തുകയാണെന്നും ഇതിലൂടെ വന്‍ അഴിമതി സാധ്യതകള്‍ തുറന്നിടുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഇറക്കേണ്ട ഓര്‍ഡിനന്‍സുകള്‍ നിയമസഭയെ നോക്കുകുത്തിയാക്കി തോന്നിയതുപോലെ പുറപ്പെടുവിക്കുന്നു. നാല് ഓര്‍ഡിനന്‍സുകള്‍ നേരത്തെ ഇറക്കിയതിനു പുറമേ, വീണ്ടും ആറെണ്ണം കൂടി ഇറക്കുമെന്നാണു മന്ത്രിസഭയുടെ പ്രഖ്യാപനം. ഇതില്‍ പണം വാങ്ങി അനധികൃത നിര്‍മാണങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതിനുള്ള ഓര്‍ഡിനന്‍സ് വന്‍ അഴിമതിക്കു കളമൊരുക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. അനധികൃത കൈയേറ്റങ്ങളെ മാത്രമല്ല നിര്‍മാണങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നതിനു തെളിവാണിത്. പണം വാങ്ങി ചട്ടലംഘനം ക്രമവല്‍ക്കരിക്കുന്നതു വന്‍ അഴിമതിക്കു കാരണമാവും. ആര്‍ക്കും എങ്ങനെയും കെട്ടിടങ്ങള്‍ നിര്‍മിക്കാമെന്ന അവസ്ഥ വരും. പിന്നീട് പണം നല്‍കി ക്രമവല്‍ക്കരിക്കാമെന്നത് അപകടകരമാണെന്നും ചട്ടം ലംഘിക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പല ഓര്‍ഡിനന്‍സ് സംബന്ധിച്ചും പൊതുസമൂഹത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അതൊന്നും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അടിയന്തരഘട്ടത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ പോലും പുരപ്പുറത്തു കയറി ബഹളം വച്ചവരാണ് അധികാരത്തില്‍ വന്നപ്പോള്‍ തോന്നിയപോലെ ഓര്‍ഡിനന്‍സ് ഇറക്കുന്നത്. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം, എം പി വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യുനൈറ്റഡ്) യുഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്നും അവര്‍ മുന്നണി വിടുമെന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ലെന്നും  ചെന്നിത്തല പറഞ്ഞു.ജെഡിയു മുന്നണി വിടേണ്ട യാതൊരു രാഷ്ട്രീയ സാഹചര്യവും നിലവിലില്ല. അവരുടെ പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ കെ പി മോഹനന്‍ കഴിഞ്ഞ 30 ദിവസമായി ‘പടയൊരുക്ക’ത്തിനൊപ്പമുണ്ട്. ‘പടയൊരുക്കത്തി’ന്റെ കോഴിക്കോട് റാലി ഉദ്ഘാടനം ചെയ്തതും വിവിധ വേദികളില്‍ പ്രസംഗിച്ചതും വീരേന്ദ്രകുമാറാണ്. അദ്ദേഹം എംപി സ്ഥാനം രാജിവയ്ക്കുന്നതു മുന്നണിയുമായി ബന്ധപ്പെട്ട കാര്യമല്ല. ദേശീയതലത്തില്‍ എന്‍ഡിഎയുടെ ഭാഗമായ നിതീഷ് കുമാറുമായി സഹകരിക്കാനുള്ള താല്‍പ്പര്യക്കുറവാണ് അതിനു പിന്നിലുള്ളത്. ഇക്കാര്യം അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.കോണ്‍ഗ്രസ്സുമായി ബന്ധം വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യങ്ങളോട്, കാരാട്ടിനു നിലപാട് തിരുത്തേണ്ടി വരുമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss