|    Sep 22 Sat, 2018 10:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കെട്ടിട നമ്പറിനായി ലോ അക്കാദമി ഡയറക്ടര്‍ അദാലത്തില്‍ ; അനധികൃത കെട്ടിടം ഇല്ലെന്ന വാദം പൊളിയുന്നു

Published : 31st January 2017 | Posted By: fsq

 

തിരുവനന്തപുരം: ലോ അക്കാദമിക്ക് അനധികൃത കെട്ടിടങ്ങള്‍ ഇല്ലെന്ന മാനേജ്‌മെന്റ് വാദംപൊളിയുന്നു. അക്കാദമിയിലെ രണ്ടു കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഡയറക്ടര്‍ ഡോ. എന്‍ നാരായണന്‍ നായര്‍ കോര്‍പറേഷന്‍ നടത്തിയ കെട്ടിട അദാലത്തില്‍ എത്തി. അക്കാദമിയുടെ ഭൂമി സംബന്ധിച്ച തര്‍ക്കം ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് പരാതിയുമായി ഡയറക്ടര്‍ തന്നെ നേരിട്ടെത്തിയത്. കുടപ്പനക്കുന്ന് സോണല്‍ ഓഫിസില്‍ സമര്‍പ്പിച്ച അപേക്ഷയ്ക്ക് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് ഡയറക്ടര്‍ അദാലത്തിലെത്തിയത്. എന്നാല്‍, മന്ത്രി കെ ടി ജലീല്‍, മേയര്‍ വി കെ പ്രശാന്ത് എന്നിവരുള്‍പ്പെട്ട സംഘം നാരായണന്‍നായരുടെ അപേക്ഷ സ്വീകരിച്ചില്ല. ഇതുസംബന്ധിച്ച ഫയല്‍ അദാലത്തില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് നാരായണന്‍നായരുടെ അപേക്ഷ നിരസിച്ചത്. കുടപ്പനക്കുന്ന് സോണല്‍ ഓഫിസില്‍ 2016 ഏപ്രില്‍ 28, മെയ് 21 തിയ്യതികളിലായാണ് ലോ അക്കാദമി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയത്. എന്നാല്‍, നിര്‍മാണത്തില്‍ ക്രമക്കേടുള്ളതിനാല്‍ സോണല്‍ ഓഫിസില്‍ നിന്ന് നമ്പര്‍ നല്‍കിയില്ലെന്നാണ് വിവരം. അഞ്ചു വര്‍ഷം മുമ്പ് പണിത കെട്ടിടത്തില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. നമ്പര്‍ ലഭിക്കാത്ത കെട്ടിടത്തില്‍ വൈദ്യുതിയും മറ്റു സൗകര്യങ്ങളും ഉണ്ട്. അഞ്ചു വര്‍ഷം മുമ്പ് നിര്‍മിച്ച കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം മാത്രമാണ് അപേക്ഷ നല്‍കിയത് എന്നതും ശ്രദ്ധേയമാണ്. രണ്ടു കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ ലോ അക്കാദമി ലോ കോളജ് സെക്രട്ടറി, പേരൂര്‍ക്കട എന്ന മേല്‍വിലാസമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപേക്ഷയുടെ താഴെ വീണ്ടും ഇതേ മേല്‍വിലാസത്തില്‍ സീല്‍ വച്ചിട്ടുണ്ട്. നാരായണന്‍ നായര്‍ സ്വന്തം പേരിലാണ് അദാലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss