|    Feb 24 Fri, 2017 3:02 am

കെട്ടിടനിര്‍മാണ മേഖലയില്‍ ചുവടുറപ്പിക്കാന്‍ കുടുംബശ്രീ

Published : 15th November 2016 | Posted By: SMR

കല്‍പ്പറ്റ: സംരംഭരംഗത്ത് ഉയര്‍ച്ചയുടെ പടവുകള്‍ കെട്ടിപ്പടുത്ത കുടുംബശ്രീ നിര്‍മാണ മേഖലയിലേക്കും ചുവടുവയ്ക്കുന്നു. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന ജില്ലയിലെ ആദ്യത്തെ നിര്‍മാണസംഘം തുടങ്ങാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഒരുങ്ങുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നു തിരഞ്ഞെടുത്ത 30 പേര്‍ക്ക്് പരിശീലനം നല്‍കും. തുടര്‍ന്ന് ഓരോ ബ്ലോക്കിന് കീഴിലും 30 പേര്‍ വീതമുള്ള ഓരോ സംഘങ്ങള്‍ രൂപീകരിക്കും. ഒരുമാസം നീണ്ടുനില്‍ക്കുന്ന വിദഗ്ധ പരിശീലനമാണ് ഇവര്‍ക്കു നല്‍കുന്നത്. പ്ലാന്‍ മനസ്സിലാക്കുന്നതു മുതല്‍ സ്ഥലം വൃത്തിയാക്കി കുറ്റിയടിക്കുന്നതിനും അസ്ഥിവാരം നിര്‍മിച്ച് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ പ്രാപ്തരാക്കുന്നതിനുതകുന്ന തരത്തിലുള്ള പരിശീലനമാണ് നല്‍കുക. ആദ്യ 30 ദിവസം പരിശീലനം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവരുടെ നേതൃത്വത്തില്‍ ഒരു കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മാനന്തവാടി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയെയാണ് ജില്ലയിലെ പരിശീലന ഏജന്‍സിയായി നിശ്ചയിച്ചിട്ടുള്ളത്. പരിശീലനത്തിനാവശ്യമായ വിശദമായ മൊഡ്യൂള്‍ സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. പരിശീലനത്തിനാവശ്യമായ പണിയായുധങ്ങള്‍, മറ്റ് സാമഗ്രികള്‍ ഡബ്ല്യുഎസ്എസ്എസ് ഒരുക്കും. നിര്‍മാണ മേഖലയില്‍ ധാരാളം തൊഴിലവസരങ്ങള്‍ ഉയര്‍ന്നുവരുന്നതായുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ പുതിയ മേഖലയിലേക്ക് കടക്കുന്നത്. നിലവില്‍ ധാരാളം കുടുംബശ്രീ അംഗങ്ങള്‍ നിര്‍മാണ മേഖലയില്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെടുന്നുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ അഞ്ചുലക്ഷം രൂപയില്‍ താഴെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ ഭവനനിര്‍മാണ പദ്ധതികള്‍ തുടങ്ങിയവ ടെന്‍ഡര്‍ നടപടികളില്ലാതെ ഭാവിയില്‍ നിര്‍മാണ സംഘങ്ങളെ ഏല്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. നിര്‍മാണ ഗ്രൂപ്പിന്റെ പരിശീലനം മാനന്തവാടി ഡബ്ല്യുഎസ്എസ്എസ് ഹാളില്‍ 17നു രാവിലെ 11ന് നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്യും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക