|    Oct 23 Mon, 2017 12:44 am

കെട്ടിടനിര്‍മാണത്തിലെ അശാസ്ത്രീയത ;അപകടം തുടര്‍ക്കഥയാവുന്നു

Published : 11th August 2017 | Posted By: fsq

 

പൊന്നാനി: കെട്ടിട നിര്‍മാണത്തിലെ അശാസ്ത്രിയത അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കെട്ടിടനിര്‍മാണങ്ങളില്‍ വേണ്ടത്ര മുന്‍കരുതലുകളോ ശാസ്ത്രീയമായ രീതികളോ പിന്തുടരുന്നില്ല. നിര്‍മാണത്തിലെ അശാസ്ത്രീയത വ്യാപകമാണെങ്കിലും ഇക്കാര്യത്തില്‍ ആരും വേണ്ടത്ര ഗൗരവം കൊടുക്കുന്നില്ലെന്നതിന് തെളിവാണ് മാറഞ്ചേരി പനമ്പാടില്‍ ഇന്നലെ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം. താബുക്ക് കൊണ്ട് ചുമരുകള്‍ നിര്‍മിക്കുകയും വാര്‍പ്പിനുള്ള മിശ്രിതത്തില്‍ അശാസ്ത്രീയത കാണിക്കുകയും ചെയ്തതാണ് അപകടത്തിനിടയാക്കിയത്. മരണപ്പെട്ട മൊയ്തുണ്ണി (55) അടുത്ത ആഴ്ച ഗള്‍ഫില്‍ പോവാനിരിക്കെയാണ് മരണം എത്തിയത്. മക്കളുടെ കല്യാണമെല്ലാം കഴിഞ്ഞതോടെ വീടൊന്ന് വിപുലീകരിക്കാമെന്ന് കരുതിയാണ് നാട്ടിലെ കരാറുകാരന് വീട് പണി തല്‍കിയത്. സണ്‍സൈഡിന്റെ വാര്‍പ്പ് പൂര്‍ത്തിയാക്കി 14 ദിവസം കഴിഞ്ഞതിനാല്‍ അതിന്റെ മുട്ടും പലകയും എടുക്കുന്നതിനിടെ സണ്‍സൈഡ് പൂര്‍ണമായും തകരുകയായിരുന്നു. മൊയ്തുണ്ണി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. നിര്‍മാണത്തൊഴിലാളികളില്‍ ഒരാളുടെ നില ഗുരുതരമാണ്. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് മിക്ക സ്ഥലങ്ങളിലും കെട്ടിടം നിര്‍മിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മാണത്തിലിരിക്കുന്ന നിരവധി കെട്ടിടങ്ങള്‍ തകരുകയും മരണവും സംഭവിച്ചിട്ടുണ്ട്. അമിത ലാഭം പ്രതീക്ഷിച്ച് നിര്‍മാണത്തിലെ അസംസ്‌കൃതവസ്തുക്കളില്‍ കള്ളത്തരങ്ങള്‍ ചെയ്യുന്നതാണ് കെട്ടിടത്തിന്റെ ബലക്കുറവിനിടയാക്കുന്നത്. തകര്‍ന്ന കെട്ടിടത്തിനുപയോഗിച്ച ഹോളോബ്രിക്‌സ് പോലും വേഗത്തില്‍ പൊടിഞ്ഞുപോവുന്നതായിരുന്നു. കെട്ടിട നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും അമിതലാഭം പ്രതീക്ഷിച്ച് ഇത്തരത്തില്‍ കള്ളങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ മണലിന് പകരമായി ഉപയോഗിക്കുന്ന എം സാന്റില്‍ പോലും വ്യാജനുണ്ട്. സൂപ്പര്‍ എന്ന പേരിലുള്ള എം സാന്റാണ് സാധാരണ വാര്‍പ്പിനും തേപ്പിനുമായി സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍, ജോലി കരാര്‍ എടുത്തവരാവട്ടെ ഇതില്‍ നിലവാരം കുറഞ്ഞ എം സാന്റ് ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നത്. തറയുണ്ടാക്കുമ്പോഴും അതിന് കിടങ്ങ് കീറുമ്പോഴും നിര്‍മാണത്തില്‍ വെള്ളം ചേര്‍ക്കാനാണ് കരാര്‍ ഏറ്റെടുത്തവര്‍ ശ്രമിക്കുക.  നിര്‍മാണമേഖലയില്‍ നിരന്തരം കബളിപ്പിക്കല്‍ നടക്കുന്നുണ്ട്്. എന്നാല്‍, പലരുമത് തിരിച്ചറിയുന്നില്ലെന്ന് മാത്രം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക