|    Apr 25 Tue, 2017 10:18 am
FLASH NEWS

കെട്ടിടനികുതി നിര്‍ണയ നടപടികള്‍ അന്തിമഘട്ടത്തില്‍

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: കേരള മുനിസിപ്പാലിറ്റി ചട്ടമനുസരിച്ചു നഗരസഭയിലെ കെട്ടിട നികുതി നിര്‍ണയവുമായി ബന്ധപ്പെട്ട നടപടികള്‍ അന്തിമഘട്ടത്തില്‍. കേരള മുനിസിപ്പാലിറ്റി (വസ്തുനികുതിയും സേവന ഉപനികുതിയും) ചട്ടങ്ങള്‍ പ്രകാരമാണു പുതിയ നികുതിനിര്‍ണയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പുതിയ രീതിയില്‍ നികുതി നിര്‍ണയിക്കേണ്ടത് പ്ലിന്ത് ഏരിയ മാത്രം അടിസ്ഥാനമാക്കിയായിരിക്കണമെന്നാണു സര്‍ക്കാര്‍ ഉത്തരവ് നിര്‍ദേശിക്കുന്നത്. 660 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കി. അതോടൊപ്പം 2000 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ള കെട്ടിടങ്ങള്‍ക്കു നികുതി വര്‍ധന ഇല്ല. 2000 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വരുന്ന കെട്ടിടങ്ങള്‍ക്കു വര്‍ധന 25 ശതമാനത്തില്‍ അധികരിക്കരുതെന്നും ഉത്തരവു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഉത്തരവു പുറപ്പെടുവിച്ച നവംബര്‍ 14നു ശേഷം നഗരത്തില്‍ നിര്‍മിക്കപ്പെട്ട കെട്ടിടങ്ങള്‍ക്കു നികുതി നിര്‍ണയിച്ചിട്ടുള്ളതും നിലവില്‍ ഈടാക്കുന്നതും ഇതനുസരിച്ചാണ്. നിലവില്‍ കെട്ടിടങ്ങള്‍ക്ക് പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തില്‍ വാര്‍ഷിക വാടകമൂല്യം നിര്‍ണയിക്കുകയും അതിന്റെ 18 ശതമാനം നികുതി ചുമത്തുകയും ചെയ്യുന്ന രീതിയാണു സ്വീകരിക്കുന്നത്. റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്ക് പ്ലിന്ത് ഏരിയയെ എട്ടു കൊണ്ട് ഗുണിച്ച് ഒരു മാസത്തെ വാടകമൂല്യം നിര്‍ണയിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഷിക വാടകമൂല്യം നിര്‍ണയിച്ച് അതോടൊപ്പം ഭൂമിയുടെ മൂല്യം കൂടി ചേര്‍ത്തു കിട്ടുന്ന സംഖ്യയുടെ 18 ശതമാനമാണു നികുതി ചുമത്തുന്നത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്ക് പ്ലിന്ത് ഏരിയയെ 80 കൊണ്ട് ഗുണിച്ചു കിട്ടുന്ന തുകയോടൊപ്പം ഭൂമിവില കൂടി ചേര്‍ത്ത തുകയുടെ 18 ശതമാനം തുക നികുതിയായി നിശ്ചയിക്കുകയാണു ചെയ്യുന്നത്. പുതിയ രീതിയനുസരിച്ച് പ്ലിന്ത് ഏരിയയെ 16 കൊണ്ട് ഗുണിച്ചു കിട്ടുന്ന തുകയാണു നികുതിയായി നിശ്ചയിക്കേണ്ടത്. ഇതോടൊപ്പം നികുതിയുടെ 10 ശതമാനം സേവന ഉപനികുതിയായി ഈടാക്കണം. വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കു പ്ലിന്ത് ഏരിയയെ 80 കൊണ്ട് ഗുണിച്ചു കിട്ടുന്ന തുകയും സേവന ഉപനികുതിയും ചേര്‍ത്താണു കെട്ടിടനികുതി നിശ്ചയിക്കേണ്ടത്. പുതിയ രീതി അനുസരിച്ചു നികുതി നിര്‍ണയിക്കപ്പെടുമ്പോള്‍ നികുതി വര്‍ധിക്കുന്നതിനു പകരം ഭൂരിഭാഗം പേരുടെയും കെട്ടിടനികുതിയില്‍ കുറവുണ്ടാവുകയാണു ചെയ്യുന്നതെന്നു നഗരസഭ പറയുന്നു. ഇത്തരത്തില്‍ പുതിയ രീതിയനുസരിച്ചു നികുതി നിര്‍ണയിക്കുമ്പോള്‍ 100 മീറ്റര്‍ സ്‌ക്വയര്‍ വലുപ്പമുള്ള റസിഡന്‍ഷ്യല്‍ കെട്ടിടത്തിനു പഴയ രീതിയേക്കാള്‍ 238 രൂപയുടെയും 100 മീറ്റര്‍ സ്‌ക്വയര്‍ വലുപ്പമുള്ള കമേഴ്‌സ്യല്‍ കെട്ടിടങ്ങള്‍ക്ക് 9200 രൂപയുടെയും കുറവുണ്ടാവുമെന്നു നഗരസഭാ അധികൃതര്‍ പറയുന്നു. വസ്തുനികുതിയില്‍ സേവന ഉപനികുതി ചുമത്തുന്നതു കേരള മുനിസിപ്പാലിറ്റി നിയമമനുസരിച്ച് ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. ഈ സാഹചര്യത്തിലാണു സേവന ഉപനികുതിയുമായി ബന്ധപ്പെട്ട വിഷയം നഗരസഭ പരിഗണിക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day