|    Feb 22 Wed, 2017 3:21 am
FLASH NEWS

കെട്ടിടത്തിനുമുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ പൊതുപ്രവര്‍ത്തകനെ നാട്ടുകാര്‍ താഴെയിറക്കി

Published : 3rd November 2016 | Posted By: SMR

കെ വിജയന്‍ മേനോന്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിക്കായി പൊളിച്ചിട്ട ഗുരുവായൂരിലെ റോഡുകള്‍ ശബരിമല സീസണ് മുമ്പായി ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പൊതു പ്രവര്‍ത്തകനായ വല്‍സന്‍ താമരയൂര്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. മുക്കാല്‍ മണിക്കൂറോളം നീണ്ട ഭീഷണിക്കൊടുവില്‍, ഗുരുവായൂര്‍ നഗരസഭ മുന്‍കൗണ്‍സിലര്‍ തറയില്‍ സന്തോഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ തന്ത്രപൂര്‍വം കെട്ടിടത്തിന് മുകളില്‍ കയറി വല്‍സനെ താഴെയിറക്കി. ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ കിഴക്കേനടയിലുള്ള നഗരസഭയുടെ കുട്ടികൃഷ്ണന്‍ സ്മാരക കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറിയാണ് വല്‍സന്‍ താമരയൂര്‍ ആത്മഹത്യഭീഷണി മുഴക്കിയത്. സംഭവം കണ്ട് വഴിയാത്രക്കാരടക്കമുള്ള നൂറ് കണക്കിന് പേരാണ് സംഭവ സ്ഥലത്ത് തടിച്ചു കൂടിയത്.  പ്രധാന റോഡില്‍ ജനം തിങ്ങിക്കൂടിയതോടെ നഗരത്തിലെ ഗതാഗതവും കുറച്ചു നേരത്തേക്ക് സ്തംഭിച്ചു. വിവരം ടെമ്പിള്‍ പോലിസില്‍ അറിയിച്ചെങ്കിലും സ്ഥലത്തേക്ക് ആരും തിരിഞ്ഞു നോക്കിയില്ല. മുക്കാല്‍ മണിക്കൂറോളം മൂക്കിന് താഴെ നടക്കുന്ന സംഭവം ഫയര്‍ഫോഴ്‌സ് അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരടക്കുമള്ളവര്‍ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും പോലിസ് എത്തിയില്ല.  നേരത്തെ ഒരു പോലിസുകാരനെതിരെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുള്ള വ്യക്തിയാതിനാല്‍, ചാടി കഴിഞ്ഞാല്‍ തിരിഞ്ഞ് നോക്കാമെന്ന നിലപാടില്‍ ടെമ്പിള്‍പോലിസും ഉറച്ചുനിന്നു. ഗതാഗതം തടസ്സപ്പെട്ടത്തോടെ നാല് പോലിസുകാര്‍ പിന്നീട് സംഭവസ്ഥലത്തെത്തി അനുനയിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും,  വല്‍സന്‍ താമരയൂര്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു. പോലിസുകാര്‍ മുകളില്‍ കയറിയാല്‍ താഴേക്ക് ചാടുമെന്നും വല്‍സന്‍ ഭീഷണി മുഴക്കി. നാട്ടുകാരുമായി നടത്തിയ അനുരജ്ഞന ശ്രമത്തിനിടെ മൂന്ന് പേര്‍ മുകളില്‍ കയറി നുഴഞ്ഞ് ചെന്ന് പുറകിലൂടെയെത്തി വല്‍സനെ രക്ഷപ്പെടുത്തുകയായിരുന്നു. ക്ഷേത്രനഗരിയിലെ തകര്‍ന്നു കിടക്കുന്ന റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ടു തവണ ഒറ്റയാള്‍ പോരാട്ടം നടത്തി വല്‍സന്‍ ജനശ്രദ്ധ നേടിയിരുന്നു. ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാ വസ്ഥയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ വര്‍ഷം ഗുരുവായൂരില്‍ നിന്ന് നിയമസഭവരെ ഓടുകയും മാസങ്ങള്‍ക്ക് മുമ്പ് ഇന്നര്‍ റിങ് റോഡിലൂടെ ടാര്‍ വീപ്പ ഉരുട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെയിറക്കിയ ശേഷം വല്‍സന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ നഗരസഭ ചെയര്‍പേഴ്‌സനെ കണ്ട് പരാതിബോധിപ്പിച്ചു. ബന്ധപ്പെട്ട അധികാരികളുമായി ഫോണില്‍ ബന്ധപ്പെട്ട ശേഷം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കാമെന്ന് ചെയര്‍പേഴ്‌സന്‍ ഉറപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനിടെ നിസാര പരിക്കേറ്റ വല്‍സനെ പിന്നീട് ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക