|    Oct 23 Tue, 2018 5:33 pm
FLASH NEWS

കെട്ടിടങ്ങള്‍ പൊളിക്കുന്ന സംസ്‌കാരം ചരിത്രനിഷേധം: എം ജി എസ് നാരായണന്‍

Published : 31st January 2017 | Posted By: fsq

 

പൊന്നാനി: പൊന്നാനിയിലെ ചരിത്രം പറയുന്ന കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റി വികസിപ്പിക്കാനുള്ള പൊന്നാനി നഗരസഭയുടെ ശ്രമത്തിനെതിരേ വ്യാപക പ്രതിഷേധം. സാംസ്‌കാരിക നായകരും എംജിഎസ് അടക്കമുള്ള ചരിത്രകാരന്‍മാരും ഇതിനെതിരേ പ്രതിഷേധവുമായി രംഗത്ത് വന്നു. പൊന്നാനിയെ ആധുനിക വല്‍ക്കരിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ചാണു നിങ്ങുന്നത്. പൗരാണികതയുള്ള പൊന്നാനി അങ്ങാടിയെ ഹെറിറ്റേജ് പദ്ധതിയിലുള്‍പ്പെടുത്തി സംരക്ഷിക്കുന്നതിന് പകരം കെട്ടിടങ്ങള്‍ പൊളിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണെന്ന് പ്രമുഖ ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ അഭിപ്രായപ്പെട്ടു. നാട്ടുകാര്‍ ഇക്കാര്യത്തില്‍ ബോധവാന്മാരല്ലാത്തതാണ് ചരിത്രങ്ങള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. പൊന്നാനിയുടെ ചരിത്ര പാരമ്പര്യം സംരക്ഷിക്കാന്‍ കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഇടപെടണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.  കേരള ചരിത്രത്തില്‍ അറബ് പേര്‍ഷ്യന്‍  കച്ചവടത്തിന്റെയും മത സാംസ്‌ക്കാരിക വിനിമയത്തിന്റെയും സംഗമസ്ഥലമായിരുന്ന പൊന്നാനിയുടെ ചരിത്രസ്മാരകങ്ങളാണ്  ഇപ്പോള്‍ പൊളിച്ചു നീക്കാന്‍ പോവുന്നത്.  ഇവ പൊതു സ്വത്തായി സംരക്ഷിക്കുവാനുള്ള നടപടികള്‍ എടുക്കുന്നതിനു പകരം വികസന പദ്ധതികളുടെ പേരില്‍ ഇവ പൊളിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് പ്രാദേശിക ഭരണകൂടവും ജനപ്രതിനിധികളും.   കൊച്ചിയിലെയും, തലശ്ശേരിയിലെയും പോലെ ഇത്തരം കെട്ടിടങ്ങളുടെ സംരക്ഷണവും പരിപാലനവും പൊന്നാനിയിലെ ചരിത്രസ്മാരകങ്ങള്‍ക്കു കൂടി ഉടനടി ആവശ്യമുണ്ട്. ചരിത്രത്തിന്റെ  ഈ അപൂര്‍വ്വ ശേഷിപ്പുകള്‍ നിലനിര്‍ത്താനായി, പ്രത്യേക ഹെറിറ്റേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി, കെട്ടിട ഉടമകള്‍ക്ക് തക്കതായ പണം നല്‍കി പൂര്‍ണമായും സംരക്ഷിക്കാന്‍ സഹായിക്കുകയോ, കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ക്ക് ഫണ്ട് അനുവദിക്കുകയോ ചെയ്യണമെന്ന് പ്രമുഖര്‍ ഒപ്പിട്ട പ്രസ്താവനില്‍ ആവശ്യപ്പെടുന്നു.  പ്രഫ.  എംജിഎസ് നാരായണന്‍ (ചരിത്രകാരന്‍), ഡോ. പി എ മുഹമ്മദ് സെയ്ദ് (പ്രസിഡന്റ്, ചേരമാന്‍ ജുമാ മസ്ജിദ്), ഡോ.ഏ കെ രാമകൃഷ്ണന്‍ (ജെഎന്‍യു ന്യൂഡല്‍ഹി), ടി എ അഹമദ് കബീര്‍ (എംഎല്‍എ), ഡോ.ടി ടി ശ്രീകുമാര്‍(ഇഎഫ്എല്‍ യൂനിവേഴ്‌സിറ്റി, ഹൈദരാബാദ്), പി എന്‍ ഗോപീകൃഷ്ണന്‍ (കവി), ഡോ.ഹുസൈന്‍ രണ്ടത്താണി (ചരിത്രകാരന്‍), മുസ്തഫ മുണ്ടുപാറ (എസ്‌വൈഎസ്), കെ ടി ഹുസ്സയിന്‍ (പ്രബോധനം വാരിക), മൂജീബ് റഹ്മാന്‍ കിനാലൂര്‍ (വര്‍ത്തമാനം പത്രം), ഡോ. അഷറഫ് കടക്കല്‍ (കേരള യൂനിവേഴ്‌സിറ്റി), ഡോ.എം എച്ച് ഇലിയാസ് (ജാമിയ മില്ലിയ ന്യൂഡല്‍ഹി), എ എസ് അജിത്കുമാര്‍ ( ദലിത് എഴുത്തുകാരന്‍), പി കെ കിട്ടന്‍ (പൈതൃക സംരക്ഷണ സമിതി), കെ വി അബ്ദുല്‍ അസിസ് (ഇന്റാക്), കെ ആര്‍ സുനില്‍ (ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍) എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത് .

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss