|    Apr 22 Sun, 2018 2:29 pm
FLASH NEWS

കെട്ടിടങ്ങള്‍ക്ക് ഏകീകൃത നിറം നല്‍കാന്‍ നിര്‍ദേശം

Published : 24th October 2016 | Posted By: SMR

തിരുവനന്തപുരം: കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെയുള്ള കെട്ടിടങ്ങള്‍ക്ക് പിങ്ക് സിറ്റി മാതൃകയില്‍ ഏകീകൃത നിറം നല്‍കണമെന്ന് നിര്‍ദേശം. സ്മാര്‍ട്ട് സിറ്റി പ്രപ്പോസല്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന നഗരത്തിലെ പൈതൃക, സാംസ്‌കാരിക വിദഗ്ധരുടെ യോഗത്തിലാണ് നിര്‍ദേശമുയര്‍ന്നത്. നഗരത്തിന്റെ പൈതൃകവും പുരാതന സംരംഭങ്ങള്‍ നിലനിര്‍ത്തി സാംസ്‌കാരികമായി നഗരം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടന്നു. നഗരത്തിലെ പുരാതനമായ കൊട്ടാരങ്ങളും കെട്ടിടങ്ങളും കുളങ്ങളും ആരാധനാലയങ്ങളും ഉള്‍പ്പെടെ സംരക്ഷിക്കും. പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ പഴമയുള്ളതും പുരാതനവുമായ കെട്ടിടങ്ങളെ നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. കലാകാരന്‍മാരുടെ കൂട്ടായ്മക്ക് വേണ്ടി സംരംഭം തുടങ്ങണം. നഗരത്തിലെ പ്രധാന തോടുകള്‍ പാര്‍ശ്വഭിത്തി കെട്ടിയും രണ്ട് കരകളിലും നടപ്പാതകള്‍ നിര്‍മിച്ചും ജലഗതാഗതത്തിന് പ്രയോജനപ്പെടുത്തിക്കൊണ്ടും കുളങ്ങളും കായലുകളും സംരക്ഷിക്കണമെന്നുള്ള നിര്‍ദേശങ്ങളും ഉയര്‍ന്നുവന്നു. നഗരത്തിലെ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന രേഖകള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൈതൃക  പഠനകേന്ദ്രം സ്ഥാപിക്കണമെന്നും വാര്‍ഡുകള്‍തോറും നഗരസഭയുടെ നിയന്ത്രണത്തിലുള്ള ഗ്രന്ഥശാലകള്‍ തുടങ്ങണമെന്നുമുള്ള നിര്‍ദേശങ്ങളുണ്ടായി.  പൈതൃക കെട്ടിടങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി മൂന്ന് വര്‍ഷമായി ഹെറിറ്റേജ് വാക്ക് നടന്നുവരുന്നതും കൂടുതല്‍ ജനങ്ങളെ പങ്കാളികളാക്കുന്നതുവഴി ബോധവല്‍ക്കരണം കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അഭിപ്രായമുണ്ടായി. വിദ്യാഭ്യാസം, ചികില്‍സ, ആഹാരം എന്നിവയില്‍ കൂടി പൈതൃകം കാത്തു സൂക്ഷിച്ചു കൊണ്ടുള്ള സ്മാര്‍ട്ട് സിറ്റിയാവണം വേണ്ടതെന്നും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു. നഗരസഭാ മേയര്‍ അഡ്വ. വി കെ പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്തു. നഗരാസൂത്രണ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സതീഷ്‌കുമാര്‍ അധ്യക്ഷനായി. മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ മോഡറേറ്ററായിരുന്നു. യോഗത്തില്‍ ആര്‍കൈവ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ പി ബിജു, ഫൈ ന്‍ ആര്‍ട്‌സ് കോളജ് പ്രിന്‍സിപ്പല്‍ എ എസ് സജിത്ത്, ആര്‍ക്കിയോളജിസ്റ്റ് ഡോ. ബീനാ തോമസ്, ആര്‍ക്കിയോളജിസ്റ്റ് ചന്ദ്രന്‍പിള്ള, എല്‍ജിനീയറിങ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ശരത് സുന്ദര്‍, ചിന്ത സബ് എഡിറ്റര്‍ രാജേഷ് ചിറപ്പാട്, പ്രതാപ് കിഴക്കേമഠം, ജസ്സിന്‍ കപീര്‍, ആര്‍ക്കിടെക്ട് ഷഹനാസ് ജലീല്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss