|    Sep 24 Mon, 2018 10:42 pm
FLASH NEWS

കെടുതി നേരിടാന്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കണമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : 29th January 2017 | Posted By: fsq

 

കൊല്ലം: കാര്‍ഷിക മേഖലയില്‍ ഒരുകോടി എഴുപത്തിനാല് ലക്ഷം രൂപയുടെ നഷ്ടം ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. നെല്‍കൃഷിക്കും വാഴകൃഷിക്കുമാണ് പ്രധാന നഷ്ടം. സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും വിത്തിനും വളത്തിനുമായി ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനംസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ വരള്‍ച്ചക്കെടുതി നേരിടാന്‍ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം ജില്ലാ ഭരണകൂടം ഉറപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കുടിവെള്ള വിതരണത്തിനായി അമ്പത് ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് ജില്ലയ്ക്കായി അനുവദിച്ചിട്ടുണ്ട്. 474 വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമാണ് തഹസില്‍ദാര്‍മാര്‍ നല്‍കിയിട്ടുള്ളത്. വാട്ടര്‍ അതോറിറ്റി കുടിവെള്ള വിതരണത്തിനായുള്ള ജലസ്രോതസ്സുകള്‍ കണ്ടെത്തി നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ സ്വകാര്യ വ്യക്തികളുടേതടക്കമുള്ള കൂടുതല്‍ ജലസ്രോതസ്സുകള്‍ കണ്ടെത്തും. കുടിവെള്ള വിതരണ വാഹനങ്ങളുടെ കിലോമീറ്റര്‍ അടിസ്ഥാനത്തിലെ നിരക്ക് നിശ്ചയിക്കുന്നതിന് തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ജലവിതരണം നടത്തുകയെന്നും മന്ത്രി പറഞ്ഞു. തെന്മല പരപ്പാര്‍ ഡാമിലെ ജലനിരപ്പ് വളരെ കുറവാണ്. സംഭരണ ശേഷിയുടെ 40 ശതമാനത്തില്‍ താഴെയാണ് ജലനിരപ്പ്. കനാലിന്റെ ശുചീകരണ പ്രവര്‍ത്തനം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെയ്തു വരുന്നു. കനാല്‍ കടന്നു പോകുന്ന 39 പഞ്ചായത്തുകളില്‍ 24 പഞ്ചായത്തുകൡലെയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കനാലിന്റെ 18 പുനരുദ്ധാരണ പ്രവര്‍ത്തികളില്‍ 16 പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 17359 മഴക്കുഴി നിര്‍മാണം, 1690 കിണര്‍ റീചാര്‍ജിങ്, 72 കുളം നവീകരണം, 14 പുതിയ കുളങ്ങളുടെ നിര്‍മാണം എന്നിവ ചെയ്തു. കൂടാതെ 276.54 കി മി തോട് നവീകരണം, 291 തടയണ നിര്‍മാണം, 262.72 കി മി കനാല്‍ നവീകരണം എന്നിവയും പൂര്‍ത്തീകരിച്ചു. വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ എക്‌സ്റ്റെന്‍ഷന്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചു. എം എംഎല്‍എമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതും മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ പ്രവത്തികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കും. ജലക്ഷാമം നേരിടുന്നതിനായി താലൂക്ക് തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിക്കും. പൈപ്പ് ലൈന്‍ ഇടുന്നതിന് റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വിഭാഗം (റോഡ്‌സ്) എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ചുമതലപ്പെടുത്തി. ഭൂജല വകുപ്പില്‍ 326 ഹാന്റ് പമ്പുകള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള ഭരണാനുമതി ലഭിച്ചു. കല്ലടയാര്‍, ഇത്തിക്കരയാര്‍, പള്ളിക്കലാര്‍ എന്നിവിടങ്ങളില്‍ 26 താല്‍ക്കാലിക തടയണകള്‍ നിര്‍മിക്കുന്നതിനുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ സബ് കലക്ടര്‍ ഡോ. എസ് ചിത്ര, എഡിഎം ഐ.അബ്ദുല്‍ സലാം, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss