|    Nov 21 Wed, 2018 11:11 am
FLASH NEWS
Home   >  Editpage  >  Editorial  >  

കെടുതികള്‍ക്കെതിരേ ജാഗ്രത അനിവാര്യം

Published : 15th June 2018 | Posted By: kasim kzm

സംസ്ഥാനത്തുടനീളം അതിശക്തമായ മഴയാണ്. ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷമാണ് ഇത്ര കനത്തതോതില്‍ സംസ്ഥാനത്തു മഴ ലഭിക്കുന്നത്. കാലവര്‍ഷം നേരത്തേ ആരംഭിച്ചതിനാല്‍ ഇത്തവണ കേരളം വരള്‍ച്ചയുടെ പിടിയില്‍ വലിയതോതില്‍ അകപ്പെട്ടില്ല എന്നത് ആശ്വാസകരമായിരുന്നു.അതേസമയം, കാലവര്‍ഷം കനത്തതോടെ അതുമൂലമുണ്ടായ കെടുതികളെക്കുറിച്ച വാര്‍ത്തകള്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും ലഭിച്ചുവരുകയാണ്. കഴിഞ്ഞദിവസം വരെയുള്ള കണക്കുകള്‍പ്രകാരം, വിവിധ ഇടങ്ങളില്‍ വ്യത്യസ്ത അപകടങ്ങളിലായി 24 പേര്‍ക്കു ജീവഹാനി സംഭവിച്ചിട്ടുണ്ട്. കടലില്‍ മല്‍സ്യബന്ധനത്തിനു പോയ പലരും തിരിച്ചെത്തിയിട്ടില്ല. തീരദേശങ്ങള്‍ കടലാക്രമണ ഭീതിയിലാണ്. ഉരുള്‍പൊട്ടല്‍ കാരണമായും വെള്ളം കയറിയും വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. റോഡുകള്‍ പലതും തകര്‍ന്നത് കാരണം പല ജില്ലകളിലും ഗതാഗതത്തിന് തടസ്സം നേരിടുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതിനാല്‍ ജനങ്ങള്‍ വീടൊഴിഞ്ഞു പോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. കാലവര്‍ഷം നീണ്ടുനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ അപകടസാധ്യതകളെക്കുറിച്ചു ജനങ്ങള്‍ ബോധവാന്മാരാവേണ്ടതുണ്ട്. ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ ജനങ്ങള്‍ പരിഗണിക്കുകയും നിര്‍ദേശങ്ങള്‍ അനുസരിക്കുകയും വേണം. പ്രത്യേകിച്ച്, കടലില്‍ മല്‍സ്യബന്ധനത്തിനു പോവുന്നവര്‍. അധികൃതര്‍ നല്‍കുന്ന അപായസൂചനകള്‍ ഗൗരവത്തില്‍ എടുക്കാതിരിക്കുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കു കാരണമാവാറുണ്ട്. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും അധ്യാപകരും മുതിര്‍ന്നവരും കൂടുതല്‍ ശ്രദ്ധാലുക്കളാവേണ്ട സന്ദര്‍ഭമാണിത്. തങ്ങളുടെ കുട്ടികള്‍ കണ്‍വെട്ടത്തു തന്നെയുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ രക്ഷിതാവും ശ്രദ്ധിക്കുന്നതാണ് നല്ലത്.പ്രതിസന്ധിഘട്ടങ്ങള്‍ ഭരണകൂടവും ജനങ്ങളും രാഷ്ട്രീയഭിന്നതകള്‍ മറന്ന് ഒന്നിക്കേണ്ട സന്ദര്‍ഭമാണ്. ജനങ്ങളുടെ തുറന്ന സഹകരണമുണ്ടെങ്കിലേ ഭരണകൂടത്തിനു കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവൂ. അതു സാധ്യമാണെന്ന് സമീപകാല അനുഭവത്തിലൂടെ നാം തെളിയിച്ചതാണ്. നിപാ വൈറസ് എന്ന മഹാമാരി സംസ്ഥാനത്തെ പിടിച്ചുലച്ചപ്പോള്‍ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും ജനങ്ങളുടെ സഹകരണവും എങ്ങനെ വിജയകരമായി പ്രവര്‍ത്തിക്കുമെന്ന് നാം കണ്ടു. രാഷ്ട്രീയപ്പാര്‍ട്ടികളും സന്നദ്ധസംഘടനകളും തങ്ങളുടെ സമയവും ഊര്‍ജവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ സന്നദ്ധരായി മുന്നോട്ടുവരണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പരസ്പരം സഹകരിക്കാനും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള ഹൃദയവിശാലത നാം കൈവരിച്ചേ മതിയാവൂ. മഴ കനക്കുമ്പോള്‍ മഴയെ പഴിച്ചും വേനലില്‍ വരള്‍ച്ചയെക്കുറിച്ചു വേവലാതിപ്പെട്ടുമുള്ള പതിവുരീതികളും മാറേണ്ടതുണ്ട്. കാലവര്‍ഷത്തെ വറുതിയിലേക്കുള്ള കരുതിവയ്പാക്കി മാറ്റാന്‍ നമുക്കു കഴിയും. ശാസ്ത്രീയരീതിയില്‍ മഴക്കുഴികള്‍ സംവിധാനിച്ചും തടയണകള്‍ നിര്‍മിച്ചും വെറുതെ ഒഴുകി പാഴായിപ്പോവുന്ന മഴവെള്ളം സംഭരിക്കുന്നത് ഒരു വര്‍ഷകാല ശീലമാക്കാനും നാം തയ്യാറാവേണ്ടതുണ്ട്. കേരളത്തിനു പ്രകൃതി നല്‍കുന്ന ഏറ്റവും വലിയ വരദാനമാണ് മഴ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss