|    Nov 18 Sun, 2018 7:45 pm
FLASH NEWS
Home   >  National   >  

കെജ്‌രിവാളിന്റെ സമരത്തെ പിന്തുണച്ച് നാല് മുഖ്യമന്ത്രിമാര്‍: മോദിയുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച്

Published : 17th June 2018 | Posted By: sruthi srt

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അടക്കമുള്ള വിഷയങ്ങള്‍ ഇന്നയിച്ച് ഡല്‍ഹിയിലെ എഎപി മന്ത്രിസഭാംഗങ്ങള്‍ ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ തുടര്‍ന്നുവരുന്ന കുത്തിയിരിപ്പു സമരം ഏഴാം ദിവസത്തിലേക്ക് കടന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയത് നാല് മുഖ്യമന്ത്രിമാര്‍.
പിണറായി വിജയനെ കൂടാതെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, പശ്ചിമ ബെംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരാണ് കെജ്രിവാളിന്റെ വസതി ഇന്നലെ സന്ദര്‍ശിച്ചത്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അപ്രഖ്യാപിത സമരത്തിലൂടെ ഉദ്യോഗസ്ഥര്‍ തടയുകയാണെന്നാരോപിച്ച് ആറ് ദിവസമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ലഫ്. ഗവര്‍ണറുടെ ഓഫീസില്‍ ധര്‍ണ നടത്തുകയാണ്. ചരിത്രത്തിലാദ്യമായാണ് ലഫ്. ഗവര്‍ണര്‍ക്കെതിരെ ഇത്തരമൊരു സമരം നടക്കുന്നത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കെജ്രിവാളിനെ സന്ദര്‍ശിക്കാന്‍ കര്‍ണാടക, ആന്ധ്ര, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിമാരോടൊപ്പം അനുമതി തേടിയെങ്കിലും ലഫ്. ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ സമീപനം രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്. രാജ്യത്തെ ജനാധിപത്യവിശ്വാസികളെല്ലാം ദല്‍ഹി മുഖ്യമന്ത്രിയുടെ സമരത്തെ പിന്തുണയ്ക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നയങ്ങളെ പ്രതിരോധിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഎപി അറിയിച്ചു. ഡല്‍ഹി ലഫ്. ഗവര്‍ണറുടെ ഓഫിസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അടക്കമുള്ള ഡല്‍ഹി മന്ത്രിസഭാംഗങ്ങളാണ് ഉപരോധം തുടരുന്നത്. അരവിന്ദ് കെജ്‌രിവാളിനോടൊപ്പം ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ എന്നിവര്‍ നിരാഹാര സമരത്തിലാണ്.നാലു മാസമായി എഎപി സര്‍ക്കാരിനോട് ഡല്‍ഹിയിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന നിസ്സഹകരണം അവസാനിപ്പിക്കുക, ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഓഫിസര്‍മാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുക, അവര്‍ക്കെതിരേ നടപടി സ്വീകരിക്കുക, റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിച്ചുനല്‍കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തിങ്കളാഴ്ച മുതല്‍ സമരം തുടങ്ങിയത്. തിങ്കളാഴ്ച മുതല്‍ ഇവര്‍ ലഫ്. ഗവര്‍ണറെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ഇന്ന് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് പോകുമെന്നും, എന്നിട്ടും സമരം ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ആവശ്യപ്പെട്ട് പത്തു ലക്ഷം കുടുംബങ്ങള്‍ സമരരംഗത്തിറങ്ങുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. അതിനിടെ, പ്രശ്‌നത്തില്‍ ഇടപെടാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. എഎപി എംപി സഞ്ജയ് സിങിനെയാണ് രാജ്‌നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. അതേസമയം, തങ്ങള്‍ പണിമുടക്കുകയല്ലെന്നും എല്ലാ ദിവസവും ഡല്‍ഹി എഎപി സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുക മാത്രമാണെന്നു ഡല്‍ഹി ഐഎഎസ് അസോസിയേഷന്‍ പ്രതികരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss