|    Oct 22 Sun, 2017 8:37 am

കെഎസ്‌യു സംഘടനാ തിരഞ്ഞെടുപ്പില്‍ എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Published : 21st March 2017 | Posted By: fsq

 

പത്തനംതിട്ട: ഡിസിസി ഓഫിസില്‍ നടന്ന കെഎസ്‌യു സംഘടന തിരഞ്ഞെടുപ്പില്‍ എ, ഐ വിഭാഗങ്ങള്‍ ഏറ്റുമുട്ടി. സമയം കഴിഞ്ഞിട്ടും വോട്ടു ചെയ്യാന്‍ എ ഗ്രൂപ്പ് ഗുണ്ടകളെ ഇറക്കിയെന്നാരോപിച്ച് ഐ വിഭാഗം വോട്ടെണ്ണല്‍ തടഞ്ഞു. തിരഞ്ഞെടുപ്പിനു നിശ്ചയിക്കപ്പെട്ട നാലുമണിക്കു ശേഷവും വോട്ടു ചെയ്യാന്‍ എ ഗ്രൂപ്പ് വ്യാജ വോട്ടര്‍മാരെ കൊണ്ടുവന്നു എന്നാരോപിച്ച് ഐ ഗ്രൂപ്പ് പ്രതിഷേധിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
റിട്ടേണിങ് ഓഫിസറായിരുന്ന ഗുജറാത്ത് സ്വദേശി നാരായണ്‍ ഓജ രാവിലെ ഒമ്പതിന് കെ ശിവദാസന്‍ നായരുടെ ഓഫിസിലെത്തി എ ഗ്രൂപ്പ് നേതാക്കളുമായി ഗൂഢാലോചന നടത്തിയ ശേഷമാണ് തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ഐ വിഭാഗം കെഎസ്‌യു നേതാക്കള്‍ ആരോപിച്ചു. ഒമ്പതിന് തുടങ്ങേണ്ടിയിരുന്ന വോട്ടെടുപ്പ് ഒന്നര മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. വൈകീട്ട് നാലുമണി വരെയാണ് തിരഞ്ഞെടുപ്പെന്ന് എന്‍എസ്‌യുവിന്റെ വെബ്‌സൈറ്റില്‍ അറിയിച്ചിരുന്നു. വോട്ടിങ് സമയം കഴിഞ്ഞ് രണ്ടു ബസ്സുകളില്‍ നൂറോളം പേര്‍ വോട്ടു ചെയ്യാനെത്തിയെന്നും ഇവര്‍ എ ഗ്രൂപ്പ് വാടകയ്‌ക്കെടുത്ത ഗുണ്ടകളാണെന്നും ഐ ഗ്രൂപ്പ് ആരോപിച്ചു. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നില്ല. നാലു മണി വരെ 150 പേരാണ് വോട്ടു ചെയ്തത്.
എന്നാല്‍, 245പേര്‍ വോട്ടു ചെയ്തതായാണ് റിട്ടേണിങ് ഓഫിസര്‍ അറിയിച്ചത്. ഇതോടെ ഐ ഗ്രൂപ്പുകാര്‍ പ്രതിഷേധവുമായി എത്തിയപ്പോഴാണ് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. സംഭവം റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമമുണ്ടായത്. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് റിപോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ ആക്രമിച്ചു. ജനം ടിവി റിപോര്‍ട്ടര്‍ സി ജി ഉമേഷ്, കാമറാമാന്‍ എസ് ഹരികൃഷ്ണന്‍, റിപോര്‍ട്ടര്‍ ടിവി റിപോര്‍ട്ടര്‍ അജി കുഞ്ഞുമോന്‍, മാധ്യമം ദിനപത്രം ഫോട്ടാഗ്രാഫര്‍ വിഷ്ണുപനയ്ക്കല്‍ എന്നിവരെയാണ് മര്‍ദ്ദിച്ചത്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. ദൃശ്യ മാധ്യമപ്രവര്‍ത്തകരുടെ കാമറകള്‍ കേടുവരുത്തി. ഡിസിസി ഭാരവാഹികള്‍ ഓഫിസിലും പുറത്തുമുണ്ടായിരുന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ വിദ്യാര്‍ഥികള്‍ ആക്രമിച്ചത്. ഇവരുടെ ചിത്രങ്ങള്‍ സഹിതം പോലിസ് ചീഫിനു പരാതി നല്‍കി. പ്രതിഷേധത്തെ തുടര്‍ന്ന് വേട്ടെണ്ണല്‍ മാറ്റിവച്ചു.
25 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. എ ഗ്രൂപ്പില്‍ അന്‍സാര്‍ മുഹമ്മദും ഐ ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ കൈതയ്ക്കലുമാണ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. കൂടുതല്‍ വോട്ടു ലഭിക്കുന്നവയാളാണ് പ്രസിഡന്റാവുക. തര്‍ക്കത്തെ തുടര്‍ന്ന് വോട്ടെണ്ണുന്നത് മാറ്റിവച്ചു.
മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ കേരളാ പത്ര പ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നകുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നു ജില്ലാ പ്രസിഡന്റ് സാം ചെംമ്പകത്തില്‍, സെക്രട്ടറി ഏബ്രഹാം തടിയൂര്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക