|    Mar 23 Thu, 2017 10:03 pm
FLASH NEWS

കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; രണ്ട് പോലിസുകാര്‍ക്ക് പരിക്ക്

Published : 27th September 2016 | Posted By: SMR

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷും നടത്തുന്ന നിരാഹാരസമരം ഇന്ന് എട്ടാംദിവസത്തിലേക്കു കടന്നു. ഈ വിഷയത്തില്‍ കെഎസ്‌യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്നലെയും സംഘര്‍ഷത്തില്‍ കലാശിച്ചു.
പോലിസുകാരെ ആക്രമിച്ച സമരക്കാര്‍ക്കു നേരെ പോലിസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ രണ്ട് പോലിസുകാര്‍ക്കും എട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. പ്രവര്‍ത്തകരുടെ കല്ലേറിലാണ് പോലിസുകാര്‍ക്ക് പരിക്കേറ്റത്. ഇന്നലെ രാവിലെ 12.15ഓടെയാണ് രണ്ടുമണിക്കൂറോളം നീണ്ട സംഘര്‍ഷം സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്നത്. പ്രസ്‌ക്ലബ്ബിന് മുന്നില്‍നിന്ന് 12 മണിയോടെയാണ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നൂറിലധികം കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ചുമായെത്തിയത്. സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റിന് മുന്നില്‍ പോലിസ് സ്ഥാപിച്ച ബാരിക്കേഡിന് മുകളില്‍ കയറി കൊടി സ്ഥാപിച്ച പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചു. ഇതിനെ ജലപീരങ്കി പ്രയോഗിച്ച് പോലിസ് ചെറുത്തു. പ്രവര്‍ത്തകരുടെ രോഷം പോലിസുകാര്‍ക്കു നേരെയുള്ള കല്ലേറിലും ചെരിപ്പേറിലും എത്തിയതോടെ പോലിസ് ആദ്യതവണ ലാത്തിച്ചാര്‍ജ് നടത്തി. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. ലാത്തിച്ചാര്‍ജോടെ പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ വീണ്ടും സംഘടിച്ചെത്തി പ്രതിഷേധം തുടര്‍ന്നു. പോലിസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ച് പ്രവര്‍ത്തകരെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഇവര്‍ പോലിസിനുനേെര കല്ലേറ് തുടങ്ങി. സെക്രട്ടേറിയറ്റ് മെയിന്‍ ഗേറ്റിന് മുന്നില്‍നിന്ന് യൂത്ത് കോണ്‍ഗ്രസ്സിന്റെ സമരപ്പന്ത ല്‍ വരെ സംഘര്‍ഷം നീണ്ടതോടെ സമരപ്പന്തലിലുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ്സുകാരും കെഎസ്‌യുക്കാര്‍ക്കൊപ്പം ചേര്‍ന്നു. ഇതോടെ പോലിസിനു നേരെ കസേരയേറും തുടങ്ങി. തുടര്‍ന്നാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്.
ടിയര്‍ഗ്യാസ് ഷെല്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ സമരപ്പന്തലിന് മുന്നിലേക്കെത്തിയത് പ്രവര്‍ത്തകരെ വീണ്ടും പ്രകോപിപ്പിച്ചു. ഇതോടെ സംഘര്‍ഷം കൂടുതല്‍ ശക്തമായി. പോലിസിനു നേെര കല്ലേറ് ശക്തമായതോടെ പോലിസും തിരിച്ച് കല്ലെറിഞ്ഞു. പോലിസ് തുടരെ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ഒടുവില്‍ ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ ശാന്തരാക്കിയതോടെയാണ് രണ്ടുമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിന് അയവുവന്നത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ച ശേഷമാണ് പിരിഞ്ഞുപോയത്.

(Visited 23 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക