|    Jul 16 Mon, 2018 6:51 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കെഎസ്‌യുവിന്റെ കരിഓയില്‍ പ്രയോഗം: കേസ് അവസാനിപ്പിക്കാന്‍ തയ്യാറെന്ന് കേശവേന്ദ്രകുമാര്‍

Published : 21st September 2017 | Posted By: fsq

 

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരിക്കെ കെഎസ്‌യു പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ച കേസില്‍ നടപടി അവസാനിപ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് കേശവേന്ദ്രകുമാര്‍ ഐഎഎസ് കത്തുനല്‍കി. ഹയര്‍ സെക്കന്‍ഡറി ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 2012 ഫെബ്രുവരിയിലാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ ഓഫിസില്‍ കയറി കേശവേന്ദ്രകുമാറിന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചത്. സംഭവത്തില്‍ തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന സി പി നൂറുദ്ദീന്‍, പ്രവര്‍ത്തകരായ അജിനാസ്, അന്‍സാര്‍, ഷമീം, ശ്രീലാല്‍, വിഘ്‌നേശ്, ഷാനവാസ്, സാദിഖ് തുടങ്ങി എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും മറ്റുമായി 5.5 ലക്ഷം രൂപ കോടതിയില്‍ കെട്ടിവച്ചതിനുശേഷം പ്രതികള്‍ ജാമ്യത്തിലിറങ്ങി. തുടര്‍ന്ന് 2013ല്‍ കേസ് പിന്‍വലിച്ച്് യുഡിഎഫ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, ഐഎഎസ് അസോസിയേഷന്റെതടക്കം എതിര്‍പ്പിനെത്തുടര്‍ന്ന് കേസ് പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാരിന് ഉപേക്ഷിക്കേണ്ടിവന്നു. ഇതിനിടെ കേശവേന്ദ്രകുമാര്‍ വയനാട് കലക്ടറായി. പഠനം കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ജോലിനേടാന്‍ കേസ് തടസ്സമായതോടെ രക്ഷിതാക്കളും കുട്ടികളും തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമ ചോദിച്ചു. സാമൂഹികസേവനം ചെയ്ത് നന്‍മയുള്ള മനസ്സിന് ഉടമകളായാല്‍ കേസ് പിന്‍വലിക്കുന്ന കാര്യം ആലോചിക്കാമെന്ന് അന്ന് കേശവേന്ദ്രകുമാര്‍ ഇവര്‍ക്ക് മറുപടി നല്‍കി. തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍ മാനസികാരോഗ്യ കേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളിലും സാമൂഹിക സേവനം ചെയ്തതോടെയാണ് മുന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ക്ക് മനസ്സലിഞ്ഞത്. പിന്നാക്കാവസ്ഥയിലുള്ള സാഹചര്യത്തില്‍ പഠിച്ച് വളരെ ചെറുപ്പത്തില്‍ തന്നെ ഐഎഎസ് നേടിയ കേശവേന്ദ്രകുമാറിനെതിരേ കെഎസ്‌യുക്കാര്‍ നടത്തിയ അതിക്രമം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss