കെഎസ്യുക്കാര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ വിമതരെ നിര്‍ത്തി
Published : 13th November 2015 | Posted By: SMR
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച കെഎസ്യു നേതാക്കളെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമതരെ നിര്‍ത്തി പരാജയപ്പെടുത്തിയെന്ന ആരോപണവുമായി കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റി. വിമതരെ നിര്‍ത്തിയ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് പ്രമേയം. നടപടിയില്ലെങ്കില്‍ നേതാക്കള്‍ക്കെതിരേ പരസ്യപ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രമേയത്തില്‍ മുന്നറിയിപ്പുണ്ട്.
കെഎസ്യു ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ സ്പോണ്സര് ചെയ്ത വിമതര്‍ മല്‍സരത്തിനെത്തി. ഞാറയ്ക്കല്‍ ഡിവിഷനില്‍ മല്‍സരിച്ച ടിറ്റോ, കളമശ്ശേരി നഗരസഭയില്‍ മല്‍സരിച്ച എ കെ നിഷാദ്, വാഴക്കുളത്ത് മല്‍സരിച്ച കെ എച്ച് ഹാരിസ്, കാലടിയില്‍ മല്‍സരിച്ച കെഎസ്യു അങ്കമാലി നിയോജകമണ്ഡലം പ്രസിഡന്റ് അനു ലോനച്ചന്, മഞ്ഞപ്രയില്‍ മല്‍സരിച്ച ജിന്റോ ജോണ്‍ എന്നിവര്‍ വിമതരുടെ സാന്നിധ്യം മൂലമാണ് പരാജയപ്പെട്ടതെന്നു പ്രമേയം കുറ്റപ്പെടുത്തുന്നു.
യുവാക്കള്‍ക്കു സീറ്റ് കൊടുക്കണമെന്ന രാഹുല്‍ഗാന്ധിയുടെയും വി എം സുധീരന്റെയും നിര്‍ദേശം പാലിച്ചെന്നു വരുത്തിതീര്‍ത്ത് വിമതരെ നിര്‍ത്തി പരാജയപ്പെടുത്തുന്ന തന്ത്രമാണ് നേതാക്കള്‍ സ്വീകരിച്ചത്. ടിറ്റോ ആന്റണിക്കെതിരേ വിമതനെ നിര്‍ത്തിയത് കെപിസിസിയുടെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന നേതാവാണ്. കെഎസ്യുക്കാര് കോളജ് യൂനിയനിലേക്കു പോയി മല്സരിക്കെടാ എന്നാണ് ഈ നേതാവ് സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ പറഞ്ഞത്.
ബഹുജന അടിത്തറയില്ലാതെ ഗ്രൂപ്പിന്റെ പേരില്‍ മാത്രം നേതാവായ ഇദ്ദേഹത്തിന് വീണ്ടും സ്ഥാനമാനങ്ങള്‍ നല്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നടപടിയെ അപലപിക്കുന്നതായും പ്രമേയത്തില്‍ പറയുന്നു. താമസിക്കുന്ന വാര്‍ഡില്‍ പോലും ജനങ്ങളുടെ പിന്തുണയില്ലാത്ത നേതാക്കളാണ് പല സ്ഥലങ്ങളിലും വിമതരെ സ്പോണ്സര് ചെയ്യുന്നത്. ഇത്തരം നേതാക്കളെ ഒറ്റപ്പെടുത്തുക തന്നെ വേണം. വിമതരെ അല്ല അവരെ ചെല്ലും ചെലവും കൊടുത്ത് നിര്‍ത്തുന്ന കോണ്‍ഗ്രസ് നേതാക്കളെയാണ് പാര്‍ട്ടിയില്‍ നിന്നു ചെവിക്കുപിടിച്ചു പുറത്താക്കേണ്ടത്. വിമതരെ നിര്‍ത്തി യുവശക്തിയെ വന്ധ്യംകരിക്കാനാണ് നേതാക്കള്‍ ശ്രമിക്കുന്നത്. ഇതു കണ്ടു പേടിച്ച് വാലും പൊക്കി ഓടുന്നവരാണ് കെഎസ്യു പ്രവര്‍ത്തകരെന്നു നേതാക്കള്‍ കരുതരുതെന്നും പ്രമേയത്തില്‍ പറയുന്നു. ഉത്തരവാദപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്ന നേതാക്കളുടെ കൈകള്‍ ശുദ്ധമായിരിക്കണം. സിന്ദാബാദ് വിളിക്കാനും കല്ലെറിയാനും തല്ലുകൊള്ളാനും മാത്രമുള്ള റോബോട്ടുകളാണ് കെഎസ്യു പ്രവര്‍ത്തകരെന്ന് ആരും കരുതേണ്ടതില്ല. നടപടിയുണ്ടായില്ലെങ്കില്‍ ഈ നേതാക്കള്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ പരസ്യമായ പ്രതിഷേധത്തിനു തയ്യാറാവേണ്ടി വരുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കുന്നതായും പ്രമേയത്തില്‍ പറയുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.