|    Oct 24 Wed, 2018 4:03 am
FLASH NEWS

കെഎസ്‌കെടിയു നേതൃത്വത്തില്‍ പനമരത്ത് 15 ഏക്കറില്‍ നെല്‍കൃഷി

Published : 12th September 2017 | Posted By: fsq

 

പനമരം: തരിശുപാടങ്ങളെ ഹരിതാഭമാക്കാനുള്ള കെഎസ്‌കെടിയു പദ്ധതിയില്‍ പനമരത്തെ 15 ഏക്കറില്‍  ഞാറുനടീലിന് തുടക്കമായി. രണ്ടേക്കറില്‍ ഒരുമാസം മുമ്പാണ് വിത്തിട്ടത്. പാകമായ ഞാറ് പറിച്ചുനടുകയാണ്. യൂനിയന്‍ സംസ്ഥാന സെക്രട്ടറി എന്‍ ആര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി റോഡില്‍ പനമരം പാലത്തിന് സമീപം രണ്ടു പതിറ്റാണ്ടായി കൃഷിചെയ്യാതെ ഇട്ടിരുന്ന വയലിലാണ് കര്‍ഷകത്തൊഴിലാളി യൂനിയന്‍ കൂട്ടായ്മയില്‍ നെല്‍കൃഷി ആരംഭിച്ചത്. തരിശുനിലങ്ങളില്‍ നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള യൂനിയന്‍ സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരമാണ് പനമരത്തെ കൃഷി. വാര്‍ഡ് മെംബര്‍ എം എ ചാക്കോ ചെയര്‍മാനും പി കെ ബാലസുബ്രഹ്മണ്യന്‍ കണ്‍വീനറുമായ നടത്തിപ്പ് കമ്മിറ്റിക്കാണ് നേതൃത്വം. കാടുമൂടിക്കിടന്ന 15 ഏക്കര്‍ ഒരുമാസത്തെ പരിശ്രമത്തിലാണ് നെല്‍വയലാക്കിയത്. കുറ്റിക്കാടുകള്‍ ഉഴുതുമാറ്റാനുള്ള പ്രത്യേക സംവിധാനം ഒരുക്കിയിട്ടുള്ള ട്രാക്ടര്‍ പാലക്കാട് നിന്നു കൊണ്ടുവന്നാണ് സ്ഥലമൊരുക്കിയത്. ഏഴുദിവസം ട്രാക്ടറും രണ്ടര ദിവസം ഹിറ്റാച്ചിയും ഉപയോഗിച്ച് കാടുകള്‍ നീക്കി. ശരാശരി 20 വീതം പണിക്കാര്‍ ഒരുമാസത്തിലധികമായി ജോലി ചെയ്യുകയാണ്. പാരമ്പര്യവിത്തായ പാല്‍തൊണ്ടിയാണ് കൃഷി ചെയ്യുന്നത്. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് വിത്ത് നല്‍കിയത്. തികയാത്തത് പുറമെ നിന്നു വാങ്ങി. കനറാ ബാങ്കില്‍നിന്ന് അമ്പതിനായിരവും പനമരം സഹകരണ ബാങ്കില്‍നിന്ന് നാല്‍പതിനായിരം രൂപയും വായ്പയെടുത്താണ് കൃഷി ആരംഭിച്ചത്. നടത്തിപ്പ് കമ്മിറ്റിയിലെ ഏഴ് അംഗങ്ങള്‍ പതിനായിരം രൂപ വീതവുമെടുത്തു. അഞ്ചുപേരുടെ വയലാണ് പാട്ടത്തിനെടുത്തത്. നെല്‍കൃഷിയോടൊപ്പം വയലിനോട് ചേര്‍ന്ന തലക്കുളങ്ങളില്‍ മല്‍സ്യകൃഷിയുമുണ്ട്. നെല്ലാവുമ്പോഴേക്കും മല്‍സ്യവും വളരുന്ന രീതിയിലാണ് കൃഷി. രണ്ടായിരത്തോളം മല്‍സ്യക്കുഞ്ഞുങ്ങളെ കുളങ്ങളില്‍ നിക്ഷേപിക്കുന്നതിന്റെ ഉദ്ഘാടനം ഒ ആര്‍ കേളു എംഎല്‍എ നിര്‍വഹിച്ചു. തൊഴിലാളികളെയും യൂനിയന്‍ ഉറപ്പുവരുത്തുന്നു. ഇതിനായി ലേബര്‍ ബാങ്ക് രൂപീകരിച്ചിട്ടുണ്ട്. 120 തൊഴിലാളികള്‍ ബാങ്കില്‍ ഇതിനകം അംഗങ്ങളായി. ഇവര്‍ക്കുള്ള കാര്‍ഡ് വിതരണം സിപിഎം ജില്ലാ സെക്രട്ടറി എം വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ഞാറ് നടീല്‍ ഉദ്ഘാടനത്തില്‍ കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍, പ്രസിഡന്റ് കെ ഷമീര്‍, പനമരം ഏരിയാ സെക്രട്ടറി സി എം അനില്‍കുമാര്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ എന്‍ പ്രഭാകരന്‍, കെ ടി പ്രകാശന്‍, വി പി ശങ്കരന്‍ നമ്പ്യാര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss