|    Jul 20 Fri, 2018 8:49 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കെഎസ്‌ഐഡിസി ഈ വര്‍ഷം പുതിയ 200 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും

Published : 8th September 2017 | Posted By: fsq

 

തിരുവനന്തപുരം: കെഎസ്‌ഐഡിസിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷം 200 പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ യുവസംരംഭക സംഗമം (യെസ് 3 ഡി) സംഘടിപ്പിക്കും. 12ന് കൊച്ചിയില്‍ ലേ മെറിഡിയനില്‍ നടക്കുന്ന സംഗമം മുഖ്യമന്ത്രി പി—ണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കൃഷി, ജൈവ സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളിലാണ് സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുക. വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകള്‍, വിജയിച്ച സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം എന്നിവയും യെസ് 3 ഡിയില്‍ ഉണ്ടാവും. വിദ്യാര്‍ഥി സംരംഭകര്‍, വിവിധ മേഖലയില്‍നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ എന്നിവര്‍ പങ്കെടുക്കും. 2014ല്‍ യുവസംരംഭക സംഗമം തുടങ്ങിയശേഷം 110 സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങി. ഇതില്‍ 85 ശതമാനവും വിജയകരമായി പ്രവര്‍ത്തിക്കുന്നു. 25 ലക്ഷം രൂപ വരെ കെഎസ്‌ഐഡിസി സീഡ് ഫണ്ടായി നല്‍കുന്നുണ്ട്. 12 കോടി രൂപ ഇതുവരെ സീഡ് ഫണ്ടായി നല്‍കി. അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി രൂപ നല്‍കിയതായി മന്ത്രി പറഞ്ഞു. നിലവിലെ പ്രക്രിയകളില്‍ ക്രിയാത്മക മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ബദല്‍ സാങ്കേതികവിദ്യകള്‍ കണ്ടെത്തുകയും കൂടുതല്‍ മെച്ചപ്പെട്ട ഉല്‍പന്നം അവതരിപ്പിക്കുകയും ചെയ്യുന്നതിന് യുവസംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്ന “ഡിസ്‌റപ്ട്, ഡിസ്‌കവര്‍ ആന്റ് ഡവലപ്’ എന്ന പ്രമേയമാണ് യെസ് 2017നു വേണ്ടി കെഎസ്‌ഐഡിസി മുന്നോട്ടുവയ്ക്കുന്നത്. കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ മേഖല, സ്ഥായിയായ സാങ്കേതികവിദ്യ, ജൈവ സാങ്കേതികവിദ്യ, ബയോ മെഡിക്കല്‍ സാങ്കേതികവിദ്യ, ഭാവിയിലേക്കുള്ള സാങ്കേതികവിദ്യകള്‍ തുടങ്ങി സംരംഭകത്വവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെക്കുറിച്ചുള്ള ഗൗരവമായ ചര്‍ച്ചകള്‍ക്കും യെസ് 2017 വേദിയാവും. സംസ്ഥാനത്തിനു പുറത്തുനിന്നുള്ള മികച്ച വിജയം കൈവരിച്ച സ്റ്റാര്‍ട്ടപ്പുകള്‍, വ്യവസായ മേധാവികള്‍, വെഞ്ചര്‍ കാപ്പിറ്റല്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ക്ക് സംസ്ഥാനത്തുള്ളവരുമായി സംവദിക്കാനും അവസരമൊരുക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പരിപാടികളെക്കുറിച്ചുള്ള ചര്‍ച്ചയും പരിപാടികളില്‍ ഉള്‍പ്പെടുന്നു. സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ സംഘത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവരുമായി ആശയവിനിമയവും നടത്തും. 12ന് ഉച്ചയ്ക്ക് 12 മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശനം വീക്ഷിക്കാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss