കെഎസ്ടിപി റോഡ് വികസനം: ഇരിട്ടിയില്‍ അനിശ്ചിതത്വം തുടരുന്നു
Published : 5th April 2018 | Posted By: kasim kzm
ഇരിട്ടി: തലശ്ശേരി-വളവുപാറ കെഎസ്ടിപി റോഡ് വികസനത്തിന്റെ ഭാഗമായുള്ള ഇരിട്ടി ടൗണിലെ പ്രവൃത്തി അനിശ്ചിതത്വം നീളുന്നു. പുതുതായി നിര്‍മിക്കുന്ന ഇരിട്ടി പാലത്തിനോട് ചേര്‍ന്ന ഭാഗത്തെ റവന്യൂ ഭൂമി കൈയേറി സ്ഥാപിച്ച കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനെതിരേ വ്യാപാരികള്‍ നിലപാട് ശക്തമാക്കിയതോടെയാണ് റോഡ് വികസനം പ്രതിസന്ധിയിലായത്. കെഎസ്ടിപി ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തി നിലവിലുള്ള രീതിയില്‍ നിര്‍മാണം നടത്തിയാല്‍ മതിയെന്ന് കാണിച്ച് വ്യാപാരി സംഘടനകള്‍ കെഎസ്ടിപിക്കും നഗരസഭയ്ക്കും കത്ത് നല്കി.
20 വര്‍ഷം മുമ്പ് സ്ഥാപിച്ച ഓവുചാല്‍ നിലനിര്‍ത്തിക്കൊണ്ടുള്ള വികസനമാണ്് കൈയേറ്റം ഒഴിപ്പിച്ചില്ലെങ്കില്‍ ടൗണില്‍ നടപ്പാക്കാന്‍ സാധിക്കുക. നിലവിലുള്ള ഓവുചാല്‍ മാറ്റി പുതിയവ സ്ഥാപിക്കണമെങ്കില്‍ കൈയേറിയ റവന്യൂ ഭൂമി കൂടി പ്രയോജനപ്പെടുത്തണം. നേരത്തെ റോഡ് വികസനവുമായി ബന്ധപ്പെട്ട് നടന്ന ജനപ്രതിനിധികളുടേയും വ്യാപാരി സംഘടനകളുടേയും യോഗത്തില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വ്യാപാരികളുടെ നിലപാട് ഒരാഴ്ചക്കുള്ളില്‍ അറിയിക്കാനാണ് തീരുമാനം. ഇതുപ്രകാരം വീണ്ടും യോഗം ചേര്‍ന്ന് വ്യാപാരികള്‍ അവരുടെ തീരുമാനം ബന്ധപ്പെട്ടവരെ അറിയിച്ചതല്ലാതെ പൊതു തീരുമാനമുണ്ടായിട്ടില്ല.
നിലവിലുള്ള കൈയേറ്റം പൂര്‍ണമായും ഒഴിപ്പിച്ച് പുതിയ ഓവുചാല്‍ നിര്‍മിച്ച് ടൗണ്‍ വികസനം യാഥാര്‍ഥ്യമാക്കണമെന്നാണ് ഒരുവിഭാഗം വ്യാപാരികളുടെ ആഗ്രഹം. ഭാവിയില്‍ നാലുവരി പാതയിലേക്ക് മാറുമ്പോള്‍ ടൗണില്‍ പുതുതായി ഒന്നും ഏറ്റെടുക്കുകയോ പൊളിക്കേണ്ടതായോ വരില്ല. അതിനാല്‍ പരമാവധി വികസനം ഇതോടൊപ്പം പൂര്‍ത്തിയാക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
എന്നാല്‍ കൈയേറ്റം പൂര്‍ണമായും ഒഴിപ്പിക്കണമെന്ന ശക്തമായ നിലപാട് ബന്ധപ്പെട്ടവരില്‍ നിന്നുണ്ടാകുന്നില്ല. ഇരിട്ടിയില്‍ പുതിയ പാലം നിര്‍മിക്കുന്നതിനാല്‍ റോഡിന്റെ അലൈന്മെന്റില് കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. പുതിയ പാലത്തിലേക്ക് ചേരുംവിധം നിലവിലുള്ള റോഡിന്റെ ഘടനയിലും വലിയ മാറ്റംവരും. പാലത്തിന് സമീപത്തെ കെട്ടിടത്തിന്റെ പലഭാഗങ്ങളും പൊളിച്ചു മാറ്റണം. ഇതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് കെഎസ്ടിപി ഏറ്റെടുത്ത സ്ഥലം പ്രയോജനപ്പെടുത്തിയാല്‍ പുതിയ ഓവുചാല്‍ നിര്‍മിക്കാനാവില്ല.
നിലവിലുള്ള ഓവുചാല്‍ കഴിഞ്ഞ്് ഒരു-രണ്ടു മീറ്റര്‍ വരെ റവന്യു ഭൂമി കൈയേറിയാണ് പല കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുന്നത്. ഇത്രയും ഭാഗം തിരിച്ചുപിടിക്കുന്നതിന് താലൂക്ക് സര്‍വേ വിഭാഗം അളന്നു അതിരു തിരിക്കണം. കെഎസ്ടിപിയുടെ നേരത്തെയുള്ള എസ്റ്റിമേറ്റില്‍ ഇരിട്ടി ടൗണില്‍ ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗത്ത് പുതുതായി ഓവുചാല്‍ നിര്‍മിക്കാനുള്ള പദ്ധതിയില്ല.
സ്ഥലം ലഭ്യമായാല്‍ ഓവുചാലിനായി പുതുതായി എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങണം. കരാര്‍ കലാവധിക്കുള്ളില്‍ ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തിയാകാനുള്ള സഹചര്യവും അനുകൂലമല്ല. ഇരിട്ടി പാലത്തിന്റെ തൂണുകളുടെ പൈലിങ്ങ് പ്രവൃത്തി പുരോഗമിക്കുകയാണ്. കാലവര്‍ഷത്തിന് മുമ്പ് പൈലിങ്ങ് പൂര്‍ത്തിയാക്കി രണ്ടു തൂണുകളുടെ നിര്മാണമാരംഭിച്ചില്ലെങ്കില് പുഴയില്‍ നീരൊഴുക്ക് ശക്തമായി പാലം നിര്‍മാണവും അനിശ്ചിതത്വത്തിലാവും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.