കെഎസ്ടിപി റോഡ് നിര്‍മാണം മാര്‍ച്ചിലും പൂര്‍ത്തിയാവില്ല; യാത്രാദുരിതം തുടര്‍ക്കഥ
Published : 20th March 2017 | Posted By: fsq
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്തില്‍ നിന്നും കാസര്‍കോട് വരെയുള്ള ചന്ദ്രഗിരി വഴിയുള്ള തീരദേശപാതയുടെ നിര്‍മാണം അനിശ്ചിതമായി നീളുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡിന്റെ കാഞ്ഞങ്ങാട് നഗരത്തിലെ നിര്‍മാണ പ്രവൃത്തി തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും എങ്ങുമെത്താത്ത സ്ഥിതിയാണ്.
നീലേശ്വരം ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പുതിയ കോട്ടയില്‍ റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ചെമ്മട്ടംവയല്‍, മാവുങ്കാല്‍ വഴിയാണ് തിരിച്ചുവിടുന്നത്. ഒരു മാസത്തോളമായുള്ള ഈ ഗതാഗതപരിഷ്ക്കരണം മൂലം യാത്രക്കാര്‍ക്ക് കാസര്‍കോട്ടെത്താന്‍ 20 മിനിറ്റിലധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
തലങ്ങും വിലങ്ങും നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടതിനാല്‍ കച്ചവടക്കാരും ഏറെ ദുരിതത്തിലാണ്. പുതിയകോട്ട ഭാഗത്തേക്ക് പോകണമെങ്കില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ ഇറങ്ങി ഓട്ടോയെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. റോഡിന്റെ സോളിങ്ങും ഓവുചാല്‍ നിര്‍മാണവും പല സ്ഥലങ്ങളില്‍ ഇടവിട്ട് നടക്കുന്നത് വാഹന യാത്രക്കാരുടെ ക്ലേശം വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി കാഞ്ഞങ്ങാട് നഗരത്തില്‍ നടന്നു വരുന്ന പാത നവീകരണ ജോലി ഈ മാസം പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ ഉറപ്പു പറഞ്ഞിരുന്നുവെങ്കിലും ഇതും ജലരേഖയായി മാറുകയാണ്.
നവീകരണ ജോലി തുടങ്ങിയിട്ട് നാല് വര്‍ഷത്തോളമായെങ്കിലും ഇത് ഇക്കാലം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കെഎസ്ടിപിക്ക് സാധിച്ചിട്ടില്ല. നിര്‍മാണം പൂര്‍ത്തിയായ ചളിയങ്കോട് ഭാഗത്ത് കഴിഞ്ഞ വര്‍ഷവും മണ്ണിടിച്ചിലുണ്ടായിരുന്നു. നിര്‍മാണത്തിലെ അപാകതയാണ് ഇതിന് കാരണം.
ആകെ 28 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയുടെ നവീകരണം കാസര്‍കോട് മുതല്‍ പലഭാഗങ്ങളിലായി ഇഴഞ്ഞു നീങ്ങുന്നതിനിടയിലാണ് ഒന്നര വര്‍ഷം മുമ്പ് കാഞ്ഞങ്ങാട് നഗരവും ഇവര്‍ കിളച്ചു മറിച്ചത്. മറ്റു ഭാഗങ്ങളിലെ ജോലികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ഇവര്‍ ജോലി തുടങ്ങിയത്. എന്നാല്‍ നഗരത്തില്‍ നിലവിലുണ്ടായിരുന്ന ടാറിങ് ഇളക്കി മാറ്റാതെ രായ്ക്കുരാമാനം നഗരത്തിലെ പ്രധാന റോഡില്‍ ടാറിങ് നടത്തിയതോടെ സംഭവം വിവാദമാകുകയും ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തു.
ഇതേ തുടര്‍ന്ന് നടന്ന ജനകീയ യോഗത്തില്‍ കൃത്യമായ രീതിയില്‍ ടാറിങ് നടത്തുമെന്നും മാര്‍ച്ച് അവസാനത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും കെഎസ്ടിപി അധികൃതര്‍ ആര്‍ഡിഒ ഉള്‍പ്പെടെയുള്ള അധികാരികള്‍ക്കും മറ്റും ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ അവസാനവും ജോലി തുടങ്ങിയിടത്ത് തന്നെയാണ് ഇപ്പോഴും നിര്‍മാണം പ്രവൃത്തി നില്‍ക്കുന്നത്. ഓവുചാല്‍ നവീകരണം ഉള്‍പ്പെടെയുള്ള ജോലികള്‍ പോലും പാതി വഴിയിലായതോടെ നഗരത്തിലത്തെുന്ന ആളുകള്‍ ഇതില്‍ വീഴുകയും പരുക്കേല്‍ക്കുകയും ചെയ്യുന്ന സംഭവങ്ങളും വര്‍ധിച്ചിട്ടുണ്ട്.
ബസ് കാത്തിരിപ്പ് കേന്ദ്രം ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടത് അപകടത്തിന് കാരണമാകാറുണ്ട്. മഴക്കാലത്തിന് മുമ്പായി നഗരത്തിലെ ജോലികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ മഴയത്ത് വന്‍ വെള്ളക്കെട്ട് തന്നെ ഉണ്ടാകാനാണ് സാധ്യത. എന്നാല്‍ പാത നവീകരണ ജോലി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി പാത ഗതാഗതത്തിനായി തുറന്നു നല്‍കിയില്ലെങ്കില്‍ ബസുകള്‍ ഓട്ടം നിര്‍ത്തി വെക്കുമെന്ന് ബസുടമകള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.